രീരത്തിലെ മാലിന്യങ്ങളെയും വിഷാംശങ്ങളെയും പുറന്തള്ളുന്നതിൽ പ്രധാന പങ്ക് വഹിക്കുന്ന അവയവങ്ങളാണ് വൃക്കകൾ. അതിനാൽ വൃക്കകളുടെ ആരോഗ്യം സംരക്ഷിക്കേണ്ടത് അത്യാവശ്യമാണ്. വിറ്റാമിനുകൾ, ധാതുക്കൾ, ആന്റിഓക്സിഡന്റുകൾ എന്നിവ അടങ്ങിയ ചില പഴങ്ങൾ വൃക്കകളുടെ പ്രവർത്തനം മെച്ചപ്പെടുത്താനും വൃക്കയിലെ കല്ലുകൾ രൂപപ്പെടുന്നത് തടയാനും സഹായിക്കും.

ബ്ലൂബെറി വൃക്കാരോഗ്യത്തിന് ഏറ്റവും മികച്ച ഒന്നാണ്. ഇതിലടങ്ങിയിരിക്കുന്ന ആന്തോസയാനിനുകൾ ഓക്സിഡേറ്റീവ് സ്ട്രെസ് കുറയ്ക്കാനും വൃക്കകളിലെ വീക്കം നിയന്ത്രിക്കാനും സഹായിക്കുന്നു. 2025-ൽ നടത്തിയ പഠനങ്ങളിൽ, പ്രായം മൂലമുണ്ടാകുന്ന വൃക്കകളുടെ തകരാറുകൾ, ഓക്സിഡേറ്റീവ് സ്ട്രെസ്, വീക്കം എന്നിവ ലഘൂകരിക്കുന്നതിൽ ബ്ലൂബെറിക്ക് പങ്കുണ്ടെന്ന് കണ്ടെത്തിയിട്ടുണ്ട്. പൊട്ടാസ്യം താരതമ്യേന കുറവായതിനാൽ വൃക്കരോഗികൾക്കും ഇത് സുരക്ഷിതമായി കഴിക്കാം.

മൂത്രനാളിയിലെ അണുബാധകൾ തടയുന്നതിലൂടെ വൃക്കകളുടെ ആരോഗ്യത്തെ ക്രാൻബെറി പരോക്ഷമായി പിന്തുണയ്ക്കുന്നു. ക്രാൻബെറി ജ്യൂസ് അല്ലെങ്കിൽ കാപ്സ്യൂളുകൾ മൂത്രനാളിയിലെ അണുബാധ സാധ്യത കുറയ്ക്കുന്നതായി പഠനങ്ങൾ പറയുന്നു. ഇതിലടങ്ങിയ ആന്റിഓക്സിഡന്റുകൾ വീക്കത്തിനും ഓക്സിഡേറ്റീവ് പ്രശ്നങ്ങൾക്കുമെതിരെ പ്രവർത്തിക്കുന്നു.

നാഷണൽ കിഡ്‌നി ഫൗണ്ടേഷന്റെ അഭിപ്രായത്തിൽ, ആപ്പിൾ വൃക്കരോഗികൾക്ക് അനുയോജ്യമായ പഴമാണ്. ഇവയിലടങ്ങിയ നാരുകൾ, വിറ്റാമിൻ സി, വീക്കത്തെ പ്രതിരോധിക്കുന്ന ഘടകങ്ങൾ എന്നിവ വൃക്കകളെ വിഷമുക്തമാക്കാനും കൊളസ്ട്രോൾ കുറയ്ക്കാനും സഹായിക്കും.