- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സ്ത്രീകൾക്ക്..സമാധാനമായി ഒന്ന് വ്യായാമം ചെയ്യാൻ പോലും പറ്റുന്നില്ല; ജിമ്മുകളിൽ പരിശോധന ശക്തമാക്കാൻ ഉത്തരവ്; നോട്ടീസയച്ച് മനുഷ്യാവകാശ കമ്മീഷൻ; പിന്നിലെ കാരണം വിചിത്രം

ഡൽഹി: ജിമ്മുകളുടെയും ഫിറ്റ്‌നസ് സെന്ററുകളുടെയും മറവിൽ യുവതികളെ ചൂഷണം ചെയ്യുകയും നിർബന്ധിത മതപരിവർത്തനത്തിന് ഇരയാക്കുകയും ചെയ്യുന്നെന്ന പരാതികളിൽ ദേശീയ മനുഷ്യാവകാശ കമ്മീഷൻ (എൻഎച്ച്ആർസി) സ്വമേധയാ നടപടിയെടുത്തു. രാജ്യത്തെ എല്ലാ സംസ്ഥാനങ്ങളിലെയും കേന്ദ്രഭരണ പ്രദേശങ്ങളിലെയും ചീഫ് സെക്രട്ടറിമാർക്കും കേന്ദ്ര കായിക മന്ത്രാലയത്തിനും കമ്മീഷൻ നോട്ടീസ് അയച്ചു.
ഉത്തർപ്രദേശിലെ മിർസാപൂരിലെ ഒരു ജിം കേന്ദ്രീകരിച്ച് വൻ ചൂഷണ റാക്കറ്റ് പ്രവർത്തിക്കുന്നുവെന്ന പരാതിയുടെ അടിസ്ഥാനത്തിലാണ് കമ്മീഷന്റെ ഇടപെടൽ. ഈ റാക്കറ്റിന്റെ പ്രവർത്തനങ്ങളിൽ അമ്പതിലധികം യുവതികൾ ചൂഷണത്തിന് ഇരയായതായാണ് വിവരം. ഇതിൽ ഒരു പൊലീസ് ഉദ്യോഗസ്ഥന് നേരിട്ട് പങ്കുണ്ടെന്നത് അതീവ ഗൗരവകരമാണെന്ന് കമ്മീഷൻ അംഗം പ്രിയങ്ക് കാനൂംഗോ അധ്യക്ഷനായ ബെഞ്ച് നിരീക്ഷിച്ചു. ഇത് പൊതുജന വിശ്വാസത്തെ തകർക്കുന്നതും മനുഷ്യാവകാശങ്ങളുടെ നഗ്നമായ ലംഘനവുമാണെന്നും കമ്മീഷൻ ചൂണ്ടിക്കാട്ടി.
ഫിറ്റ്‌നസ് സെന്ററുകൾ ക്രിമിനൽ ശൃംഖലകളുടെ കേന്ദ്രങ്ങളായി മാറുന്നത് തടയാൻ ദേശീയതലത്തിൽ മാർഗ്ഗനിർദ്ദേശങ്ങൾ വേണമെന്ന് കമ്മീഷൻ ആവശ്യപ്പെട്ടു. ജിമ്മുകൾക്ക് ലൈസൻസ് നൽകുന്ന രീതി, രജിസ്ട്രേഷൻ നിയമങ്ങൾ, സുരക്ഷാ മാനദണ്ഡങ്ങൾ എന്നിവയെക്കുറിച്ചുള്ള വിശദമായ റിപ്പോർട്ട് രണ്ടാഴ്ചയ്ക്കകം സമർപ്പിക്കാൻ സംസ്ഥാന ചീഫ് സെക്രട്ടറിമാരോട് നിർദ്ദേശിച്ചിട്ടുണ്ട്. ജിമ്മുകളുടെ പ്രവർത്തനത്തിന് നിലവിലുള്ള ദേശീയ പോളിസികൾ വ്യക്തമാക്കണമെന്നും ജിമ്മുകൾ തുടങ്ങുന്നതിന് ആവശ്യമായ സാങ്കേതിക മാനദണ്ഡങ്ങളും ലൈസൻസിംഗ് വിവരങ്ങളും നൽകണമെന്നും കമ്മീഷൻ സ്പോർട്സ് അതോറിറ്റി ഓഫ് ഇന്ത്യയോടും (സായി) കേന്ദ്ര കായിക മന്ത്രാലയത്തോടും ആവശ്യപ്പെട്ടിട്ടുണ്ട്.
മിർസാപൂർ ജില്ലാ മജിസ്‌ട്രേറ്റിനോടും പൊലീസ് സൂപ്രണ്ടിനോടും പരാതിയിൽ അന്വേഷണം നടത്തി രണ്ടാഴ്ചയ്ക്കകം മറുപടി നൽകാൻ കമ്മീഷൻ നിർദ്ദേശിച്ചു. ഇരകൾക്ക് സംരക്ഷണവും പുനരധിവാസവും ഉറപ്പാക്കണമെന്നും കുറ്റക്കാർക്കെതിരെ കർശന നടപടി വേണമെന്നും കമ്മീഷൻ ഉത്തരവിട്ടു. രാജ്യവ്യാപകമായി ജിമ്മുകളുടെ പ്രവർത്തനം നിരീക്ഷണ വിധേയമാക്കാനും ദുരുപയോഗം തടയാനും സമഗ്രമായ നയങ്ങൾ ആവിഷ്കരിക്കാനുമാണ് കമ്മീഷന്റെ ഈ നടപടികൾ ലക്ഷ്യമിടുന്നത്.


