നുഷ്യന്റെ മൊത്തത്തിലുള്ള ആരോഗ്യത്തിന് ശ്വാസകോശത്തിന്റെ ആരോഗ്യം നിർണായകമാണ്. സിഗരറ്റ് പുക, പാരിസ്ഥിതിക വിഷവസ്തുക്കൾ, അനാരോഗ്യകരമായ ഭക്ഷണക്രമം എന്നിവ ശ്വാസകോശത്തെ തകരാറിലാക്കാൻ സാധ്യതയുള്ള പ്രധാന ഘടകങ്ങളാണ്. ആസ്ത്മ, ക്രോണിക് ഒബ്സ്ട്രക്റ്റീവ് പൾമണറി ഡിസീസ് (COPD), പൾമണറി ഫൈബ്രോസിസ് തുടങ്ങിയ രോഗാവസ്ഥകൾ ജീവിത നിലവാരത്തെ ഗണ്യമായി ബാധിക്കും. ഈ സാഹചര്യത്തിൽ, പോഷക സമ്പുഷ്ടമായ ഭക്ഷണക്രമം ഉൾപ്പെടെയുള്ള ജീവിതശൈലിയിലെ മാറ്റങ്ങൾ ശ്വാസകോശത്തെ സംരക്ഷിക്കാനും രോഗലക്ഷണങ്ങളും കേടുപാടുകളും കുറയ്ക്കാനും സഹായിക്കുമെന്ന് 'ന്യൂട്രിയന്റ്സ്' ജേണലിൽ പ്രസിദ്ധീകരിച്ച ഒരു പഠനം എടുത്തുപറയുന്നു.

ദൈനംദിന ശീലങ്ങളിൽ വരുത്തുന്ന ലളിതമായ മാറ്റങ്ങൾ ശ്വാസകോശാരോഗ്യം മെച്ചപ്പെടുത്തുന്നതിനും മലിനീകരണത്തിന്റെ ആഘാതം കുറയ്ക്കുന്നതിനും സഹായകമാണ്. ശ്വാസകോശാരോഗ്യം മെച്ചപ്പെടുത്താൻ സഹായിക്കുന്ന ചില പ്രധാന ഭക്ഷണങ്ങൾ താഴെ പറയുന്നവയാണ്:

ഇലക്കറികൾ: ആന്റിഓക്‌സിഡന്റുകൾ, വിറ്റാമിനുകൾ (സി, ഇ, ബീറ്റാ കരോട്ടിൻ), ധാതുക്കൾ എന്നിവയാൽ സമ്പന്നമായ ഇലക്കറികൾ ശ്വാസകോശത്തിന് ഏറെ ഗുണകരമാണ്. ഇവ വീക്കം ചെറുക്കുകയും ശരീരത്തിലെ വിഷവസ്തുക്കളെ നീക്കം ചെയ്യുകയും ആസ്ത്മ, സിഒപിഡി പോലുള്ള ശ്വാസകോശ സംബന്ധമായ പ്രശ്നങ്ങളിൽ നിന്ന് സംരക്ഷണം നൽകുകയും ചെയ്യുന്നു.

നട്സ്: ബദാം, വാൾനട്ട്, ഹാസൽനട്ട് എന്നിവയിൽ വിറ്റാമിൻ ഇ ധാരാളമായി അടങ്ങിയിട്ടുണ്ട്. ഇത് കോശ സ്തരങ്ങളെ കേടുപാടുകളിൽ നിന്ന് സംരക്ഷിക്കാൻ സഹായിക്കുന്നു. ദിവസവും ഒരു ചെറിയ പിടി നട്സ് കഴിക്കുന്നത് വായു മലിനീകരണത്തിന്റെ ദോഷകരമായ ഫലങ്ങളിൽ നിന്ന് ശ്വാസകോശത്തെ സംരക്ഷിക്കാൻ ഉതകും.

മഞ്ഞൾ: ഭക്ഷണത്തിൽ മഞ്ഞളും ഇഞ്ചിയും ചേർക്കുന്നത് ഏറെ പ്രയോജനകരമാണ്. ഈ സുഗന്ധവ്യഞ്ജനങ്ങൾക്ക് ആൻ്റി-ഇൻഫ്ലമേറ്ററി ഗുണങ്ങളുണ്ട്. മഞ്ഞളിൽ അടങ്ങിയിരിക്കുന്ന കുർക്കുമിൻ വീക്കം കുറയ്ക്കാനും ശ്വാസകോശാരോഗ്യം മെച്ചപ്പെടുത്താനും സഹായിക്കുന്നു.

മത്സ്യങ്ങൾ: സാൽമൺ, സാർഡിൻ, അയല തുടങ്ങിയ കൊഴുപ്പുള്ള മത്സ്യങ്ങൾ ശ്വാസകോശാരോഗ്യത്തിന് ഉത്തമമാണ്. ഈ മത്സ്യങ്ങളിൽ ഒമേഗ-3 ഫാറ്റി ആസിഡുകൾ ധാരാളമായി ഉള്ളതിനാൽ ശ്വാസകോശത്തിലെ വീക്കം കുറയ്ക്കാൻ ഇത് സഹായിക്കുന്നു.

ബെറിപ്പഴങ്ങൾ: ബ്ലൂബെറി, സ്ട്രോബെറി, ബ്ലാക്ക്‌ബെറി തുടങ്ങിയ ബെറിപ്പഴങ്ങൾ വിറ്റാമിൻ സി, ഫ്ലേവനോയിഡുകൾ എന്നിവയാൽ സമ്പന്നമാണ്. ഇത് രോഗപ്രതിരോധ ശേഷി ശക്തിപ്പെടുത്താൻ സഹായിക്കുന്നു.