ന്യൂയോര്‍ക്ക്: അഞ്ചാം പനിയുയെ വര്‍ഗ്ഗത്തില്‍ പെട്ട പുതിയൊരു മാരക വൈറസിനെ ശാസ്ത്രലോകം കണ്ടെത്തിയിരിക്കുന്നു. അമേരിക്കയിലെ ഫ്ളോറിഡയിലാണ് ഈ വൈറസിനെ കണ്ടെത്തിയിരിക്കുന്നത്. അഞ്ചാംപനിയും മുണ്ടിനീരും എല്ലാം മനുഷ്യരില്‍ ഉണ്ടാക്കുന്ന വൈറസിന്റെ ഇനത്തില്‍ പെട്ടതാണ് ഇതും എന്നാണ് ശാസ്ത്രജ്ഞര്‍ പറയുന്നത്.

ഡോ.ജോണ്‍ ലെഡ് നിക്കി എന്ന ശാസ്ത്രജ്ഞനാണ് ഇത് സംബന്ധിച്ച ഗവേഷണഫലങ്ങളുമയി ഇപ്പോള്‍ രംഗത്ത് വന്നിരിക്കുന്നത്. തന്റെ വളര്‍ത്ത പൂച്ച കടിച്ചെടുത്ത് കൊണ്ട് വന്ന എലിയെ പരിശോധിക്കുമ്പോഴാണ് ഇത്തരത്തിലുള്ള വൈറസിന്റെ സാന്നിധ്യം അതില്‍ കണ്ടെത്തിയത്. സാധാരണയായി ആഫ്രിക്കയിലും ഏഷ്യയിലും തെക്കന്‍ അമേരിക്കയിലുമാണ് ഇത്തരം ജിലോംഗ് വൈറസുകള്‍ കണ്ട് വരാറുള്ളത്.

എലികളില്‍ മാത്രമാണ് ഈ വൈറസ് ഉള്ളതെന്നാണ് നേരത്തേ കരുതിയിരുന്നതെങ്കിലും പിന്നീട് വവ്വാലുകളിലും പൂച്ചകളിലും ഈ രോഗാണുക്കളുടെ സാന്നിധ്യം കണ്ടെത്തിയിരുന്നു. ഇപ്പോള്‍ മനുഷ്യരിലും ഈ വൈറസ് കടന്നുകയറാം എന്നാണ് ഗവേഷകര്‍ പറയുന്നത്. ഈ വൈറസ് ബാധ ഉണ്ടാകുന്ന മനുഷ്യര്‍ക്ക് കടുത്ത ചുമയും പനിയും ശ്വാസംമുട്ടലും അനുഭവപ്പെടും.

എന്നാല്‍ രോഗബാധ മാരകമായി മാറും എന്ന് പറയാന്‍ കഴിയില്ല. പലപ്പോഴും വളര്‍ത്തുമൃഗങ്ങള്‍ വഴിയാണ് വൈറസുകള്‍ മനുഷ്യശരീരത്തിനുള്ളില്‍ കടക്കുന്നതെന്നാണ് നിഗമനം. വളര്‍ത്ത് മൃഗങ്ങളുമായി അടുത്ത് ഇടപഴകുന്നവര്‍ക്കാണ് സാധാരണയായി ഇത്തരം വൈറസുകള്‍ പകരാനുള്ള സാധ്യതയുള്ളത്. എന്നാല്‍ ജനങ്ങള്‍ ഈ വൈറസിന്റെ കാര്യത്തില്‍ ആശങ്കപ്പെടേണ്ടതില്ല എന്നാണ് ഡോക്ടര്‍മാര്‍ പറയുന്നത്.

എലികള്‍ വഴി പകരുന്ന മററ് രോഗങ്ങളെ അപേക്ഷിച്ച് പുതിയതായി കണ്ടെത്തിയ വൈറസ് വഴി പകരുന്ന രോഗങ്ങള്‍ വലിയ അപകടകാരിയല്ല എന്നാണ് കരുതപ്പെടുന്നത്. ഓരോ വര്‍ഷവും എലികള്‍ വഴി പകരുന്ന രോഗങ്ങള്‍ കാരണം അമേരിക്കയില്‍ നിരവധി പേരാണ് മരിക്കുന്നത്. എലികള്‍ വഴി എത്തുന്ന ഇത്തരം ഹന്റാ വൈറസുകളാണ് കൂടുതല്‍ അപകടകാരികളാകുന്നത്. കഴിഞ്ഞ ജൂലൈ മാസത്തില്‍ അമേരിക്കയില്‍ ഹന്റാ വൈറസുകള്‍ കാരണം രോഗബാധയുണ്ടായ നാല് പേരാണ് മരിച്ചത്.