നിങ്ങളുടെ പ്രിയപ്പെട്ടവർ, നിങ്ങൾക്കൊപ്പം കൈകോർത്ത് പാർക്കിലൂടെ നടക്കുമ്പോൾ കുഴഞ്ഞു വീണാൽ, അല്ലെങ്കിൽ വിരുന്ന് സൽക്കാരത്തിനിടയിൽ പെട്ടെന്ന് ശ്വാസം മുട്ടുവന്നാൽ, നിങ്ങൾ പൊടുന്നനെ പ്രതികരിക്കും. വികാരത്തിന്റെ സ്വാധീനത്തിലുള്ള പ്രവർത്തനങ്ങൾ ഇത്തരം സാഹചര്യങ്ങളിൽ ഒഴിവാക്കിയാൽ തന്നെ ഒരു പക്ഷെ ജീവൻ രക്ഷിക്കാൻ കഴിയുമെന്നാണ് ഡോക്ടർമാർ പറയുന്നത്.

ഇത്തരം അടിയന്തര സാഹചര്യങ്ങളിൽ സാധാരണയായി മനുഷ്യർ ചെയ്തുപോകുന്ന നാല് തെറ്റുകൾ ചൂണ്ടിക്കാട്ടുകയാണ് കൊളറാഡോയിലെ പ്രീമിയർ അർജന്റ് കെയറിൽ മുതിർന്ന എമർജൻസി ഫിസിഷ്യനായ ഡോ. ജോൺ ടോറസ്. നിങ്ങൾക്ക് ഇത്തരത്തിൽ ഒരു അനുഭവമുണ്ടായാൽ, ആദ്യം ചെയ്യുക നിങ്ങളുമായി ഏറ്റവും അടുപ്പമുള്ളവരെ വിളിക്കും എന്നതാണ് . മാതാപിതാക്കളെയോ, മക്കളേയൊ സഹോദരങ്ങളെയോ ഒക്കെ ആയിരിക്കും ആദ്യം വിളിച്ച് സഹായം ആവശ്യപ്പെടുക. അത് ഒഴിവാക്കണം എന്ന് ഡോ. ടോറസ് പറയുന്നു. ഇത്തരത്തിൽ ഒരു സംഭവം ഉണ്ടായാൽ അദ്യം വിളിക്കേണ്ടത് എമർജൻസി ആംബുലൻസ് നമ്പർ ആണെന്നും അദ്ദേഹം പറയുന്നു.

മറ്റുള്ളവരെ വിളിക്കാൻ ശ്രമിക്കുമ്പോൾ വിലയേറിയ സമയം നഷ്ടപ്പെടുകയാണ്. അത്രയും സമയം കൊണ്ട് രോഗിക്ക് ചികിത്സ ലഭ്യമാക്കിയാൽ ഒരുപക്ഷെ രക്ഷപ്പെട്ടെന്നു വരാം. ആശുപത്രിയിൽ എത്തിച്ചതിനു ശേഷം അല്ലെങ്കിൽ എത്തിയതിനു ശേഷം നിങ്ങളുടെ വേണ്ടപ്പെട്ടവരെയെല്ലാം വിളിച്ച് അറിയിക്കാം എന്നും അദ്ദേഹം പറയുന്നു.

രണ്ടാമത്തെ കാര്യം പലരും ഇത്തരം സന്ദർഭങ്ങളിൽ ആശുപത്രികളിൽ വേഗമെത്താൻ ആംബുലൻസിനേക്കാൾ സ്വന്തം വാഹനങ്ങളെ ആശ്രയിക്കുന്നു എന്നതാണ്. ആംബുലൻസ് വരാനുള്ള സമയം കൂടി ലാഭിക്കാമല്ലോ എന്ന ചിന്തയാണ് ഇത്തരത്തിൽ പ്രവർത്തിക്കാൻ പ്രേരിപ്പിക്കുന്നത്. എന്നാൽ, ആംബുലൻസിനകത്ത് മെഡിക്കൽ കിറ്റുകൾ ഉണ്ടാകും. ഒരുപക്ഷെ അതുകൊണ്ട് രോഗിയേ ഏറെ സഹായിക്കാനും കഴിഞ്ഞേക്കും എന്ന് ഡോക്ടർ പറയുന്നു. അതുപോലെ ആംബുലൻസിന്റെ വാടക ലാഭിക്കുവാനും ചിലർ സ്വന്തം വാഹനം ഉപയോഗിക്കാറുണ്ട്. എന്നാൽ, അടിയന്തരഘട്ടങ്ങളിൽ ആംബുലൻസിനെ തന്നെ ആശ്രയിക്കുന്നതാണ് സുരക്ഷിതം എന്ന് ഡോക്ടർ ടോറസ് പറയുന്നു.

അതുപോലെ, നിങ്ങളുടെ വേണ്ടപ്പെട്ടവരെ അശുപത്രിയിൽ എത്തിച്ചാൽ ഉടൻ അവിടം വിട്ടുപോകരുത്. എന്താണ് സംഭവിച്ചതെന്ന് ഡോക്ടർമാരോട് വ്യക്തമായി പറഞ്ഞു കൊടുക്കാൻ നിങ്ങൾ ഒപ്പമുണ്ടാവേണ്ടതുണ്ട്. നിങ്ങൾക്ക് പകരക്കാരനെ വെച്ച് അവിടെനിന്നും പോയാൽ, ഒരു പക്ഷെ രോഗിയുടെ ജീവൻ രക്ഷിക്കാൻ പോലും ഉതകുമായിരുന്ന പല വിലപ്പെട്ട വിവരങ്ങളും ഡോക്ടർമാർക്ക് കൈമാറാൻ കഴിഞ്ഞെന്നു വരില്ല.

ഏറ്റവും അവസാനമയി ഡോക്ടർ ചൂണ്ടിക്കാണിക്കുന്നത്, നമ്മൾ എല്ലാവരും പൊതുവേ വ്യാപകമായി ചെയ്യുന്ന തെറ്റണ്. മൊബൈൽ ഫോൺ ചാർജ്ജർ എടുക്കാൻ മറക്കുക എന്നത്. തീർച്ചയായും നിങ്ങൾ പുറത്തായിരിക്കുമ്പോഴാണ് ഇത്തരമൊരു അടിയന്തര സാഹചര്യം ഉണ്ടായതെങ്കിൽ നിങ്ങൾക്ക് ചാർജ്ജർ എടുക്കാൻ കഴിയില്ല. എന്നാൽ, വീട്ടിൽ നിന്നും മറ്റും വരുന്ന സമയത്ത് ചാർജർ എടുക്കാൻ മറക്കരുത്.