കോവിഡിന്റെ ഭീതിദമായ ഓർമ്മകൾ ഇനിയും മരിച്ചിട്ടില്ല. അപ്പോഴേക്കും ഇതാ മറ്റൊരു മഹാമാരി മനുഷ്യകുലത്തെ തേടി എത്തിയിരിക്കുന്നു. ഇതിന്റെ ഗുരുതരമായ ഭവിഷ്യത്ത് മനസ്സിലാക്കിയിട്ട് തന്നെയായിരുന്നു ഇന്നലെ ലോകാരോഗ്യ സംഘടനയുടെ ഒരു അടിയന്തര യോഗം വിളിച്ചു ചേർത്തത്. മാരകമായ മാർബർഗ് വൈറസ് ആഫ്രിക്കയിൽ വ്യാപനം തുടങ്ങിയിരിക്കുന്നു എന്ന റിപ്പോർട്ടുകളുടെ അടിസ്ഥാനത്തിലായിരുന്നു ഈ യോഗം.

ഇതുവരെ മനുഷ്യന് അറിയാവുന്ന ഏറ്റവും മാരകമായ രോഗങ്ങളിൽ ഒന്നാണ് മാർബർഗ്. രക്തസ്രാവം ഉൾപ്പടെയുള്ള പനിയാണിത്. ഇതിലെ മരണ നിരക്ക് 88 ശതമാനമാണ് എന്നതാണ് ഇതിനെ ഏറ്റവുമധികം ഭയക്കേണ്ടുന്ന ഒരു രോഗമായി മാറ്റിയത്. ഇതേകുടുംബത്തിലെ എബോള വൈറസിനേക്കാൾ പതിന്മടങ്ങ് അപകടകാരിയാണ് മാർബർഗ് എന്നാണ് ലോകാരോഗ്യ സംഘടന പറയുന്നത്.

എബോളയെ പോലെ തന്നെ മാർബർഗും വവ്വാലിൽ നിന്നാണ് മനുഷ്യലെത്തിയത്. രോഗബാധിതരുമായുള്ള അടുത്ത സമ്പർക്കം മൂലം ശരീര സ്രവങ്ങളിടെയാണ് ഇതും പകരുക. അതുപോലെ, കിടക്കവിരി, വസ്ത്രങ്ങൾ തുടങ്ങിയ പ്രതലങ്ങളിലൂടെയും ഇത് പടരും എന്ന് ലോകാരോഗ്യ സംഘടന പറയുന്നു. മാത്രമല്ല, ഇത് അതിവേഗം പടരുന്ന ഒരു രോഗം കൂടിയാണ്. ഇക്വിറ്റോറിയ ഗിനിയൻ അധികൃതർ കൃത്യ സമയത്ത് ഇത് കണ്ടെത്തി സ്ഥിരീകരിച്ചതിനാൽ വലിയൊരു അപകടം ഒരു പരിധിവരെ തടയാനായിട്ടുണ്ട് എന്നും ലോകാരോഗ്യ സംഘടന പറയുന്നു.

മാർബർഗ് ബാധയുടെ ലക്ഷണങ്ങൾ

വൈറസ് ബാധയുണ്ടായാൽ അതിവേഗം തന്നെ ലക്ഷണങ്ങൾ കാണിച്ചു തുടങ്ങും എന്നതാണ് ഇതിന്റെ പ്രത്യേകത.രോഗം ബാധിച്ച് ഏഴു ദിവസത്തിനകം തന്നെ ഹെമൊറാജിക് ലക്ഷണങ്ങൾ കാണിച്ചു തുടങ്ങു. കണ്ണുകൾ കുഴിയുവാൻ തുടങ്ങുകയും അതുപോലെ മുഖത്ത് ഭാവവ്യത്യാസങ്ങൾ വരാതിരിക്കുകയും ചെയ്യും. കടുത്ത ക്ഷീണം അനുഭവപ്പെടും.

രക്തസ്രാവം ഇതിന്റെ മറ്റൊരു ലക്ഷണമാണ്. രക്തം ഛർദ്ദിച്ചു പോവുകയാണ് പതിവ്. അതുപോലെ മലവിസർജ്ജനത്തോടൊപ്പവും രക്തം പോകും. മൂക്ക്, ചുണ്ടുകൾ, യോനി എന്നിവയിലൂടെയും രക്തപ്രവാഹം ഉണ്ടായേക്കും. രക്തം പോകുന്നത് മൂലമാണ് ഈ രോഗം ബാധിച്ചവർക്ക് മരണം സംഭവിക്കുക.

ഏതായാലും ഈ രോഗം കണ്ടെത്തിയ ഇക്വിറ്റോറിയൽ ഗിനിയയിലേക്ക് മെഡിക്കൽ വിദഗ്ധരേയും സുരക്ഷാ ഉപകരണങ്ങളുംക് അയച്ചിട്ടുണ്ടെന്ന് ലോകാരോഗ്യ സംഘടന അറിയിച്ചു. അയൽ രാജ്യമായ കാമറൂണിലും ഇതിന്റെ സാന്നിദ്ധ്യം കണ്ടെത്തിയിട്ടുണ്ട്. ഇക്വിറ്റോറിയൽ ഗിനിയയുമായുള്ള അതിർത്തിക്കടുത്തുള്ള ഒരു ആവാസ കേന്ദ്രത്തിലാണ് ഇത് കണ്ടെത്തിയത്. ഇതോടെ ഇവിടെ യാത്രാവിലക്ക് ഏർപ്പെടുത്തിയിട്ടുമുണ്ട്.

അതുപോലെ ഈ മേഖലയിൽ കോൺടാക്ട് ട്രേസിംഗിനായി കോവിഡ്-19 ടീമിനെ വീണ്ടും നിയമിച്ചിട്ടുമുണ്ട്. രോഗികളുമായി സമ്പർക്കത്തിൽ ഏർപ്പെടുന്നവരുടെ വിവരങ്ങൾ ശേഖരിച്ച് മുൻകരുതലുകൾ എടുത്ത് രോഗം കൂടുതൽ പടരാതെ നോക്കുകയാണിപ്പോൾ. ബ്ലഡ് പ്രൊഡക്ടുകൾ, പ്രതിരോധ മരുന്നുകൾ, വിവിധ ചികിത്സകൾ, വാക്സിൻ എന്നിവ ഇപ്പോൾ ഈ രോഗത്തിനെതിരെ പ്രയോഗിക്കുന്നതിനുള്ള പഠനങ്ങൾ നടന്നു കൊണ്ടിരിക്കുകയാണ്.