ലണ്ടൻ: കോവിഡിനേക്കാൾ ഭീതി വിതയ്ക്കുന്ന രോഗ ഭീതി പടർത്താൻ പക്ഷിപ്പണിക്കാകുമോ? കംബോഡിയയിൽ എച്ച് 5 എൻ 1 പക്ഷിപ്പനി ബാധിച്ച് 11കാരി മരിച്ചിരുന്നു. പിന്നാലെ മുന്നറിയിപ്പുകൾ എത്തുകയാണ്. ലോകത്താകമാനം 20കോടിയോളം പേരിൽ വൈറസ് ബാധ എത്താൻ സാധ്യതയുണ്ടെന്ന മുന്നറിയിപ്പും വരുന്നു. കൊവിഡിന് സംഭവിച്ചത് പോലെ ഒരു 'സ്പീഷീസ് ജംപ് ' പക്ഷിപ്പനിക്ക് കാരണമായ വൈറസിന് സംഭവിക്കുമോ എന്ന ആശങ്ക ഒരു വിഭാഗം ആരോഗ്യ വിദഗ്ദ്ധർക്കിടെയിലുണ്ട്. പക്ഷികളിൽ നിന്നും മനുഷ്യരിലേക്ക് വ്യാപകമായി പകരുമോ എന്നതാണ് ഇതുകൊണ്ട് ഉദ്ദേശിക്കുന്നത്.

ബ്രിട്ടണിലെ ആരോഗ്യവിദഗ്ധനായ നീൽ ഫർഗ്യൂസണും മുന്നറിയിപ്പുമായി എത്തുന്നു. അതിവേഗം മനുഷ്യർക്കിടയിൽ ഇത് പടരാൻ സാധ്യതയുണ്ട്. 20 കോടി പേരിലേക്ക് വൈറസ് ബാധ എത്തുമെന്നും കോവിഡിനേക്കാൾ ആശങ്കയായി പക്ഷിപ്പനി മാറുമെന്നുമാണ് മുന്നറിയിപ്പ്. 2014ന് ശേഷം ഇതാദ്യമായാണ് കംബോഡിയയിൽ മനുഷ്യനിൽ എച്ച് 5 എൻ 1 സ്ഥിരീകരിക്കുന്നത്. പ്രെയ് വെങ്ങ് പ്രവിശ്യയിൽ നിന്നുള്ള പെൺകുട്ടിക്ക് കഴിഞ്ഞ ബുധനാഴ്ചയാണ് രോഗം സ്ഥിരീകരിച്ചത്. ഇതിന് ഒരാഴ്ച മുന്നേ കുട്ടിയിൽ കടുത്ത പനിയും ചുമയും തൊണ്ടവേദനയും അനുഭവപ്പെട്ടിരുന്നു.

നില ഗുരുതരമായതോടെ വിദഗ്ദ്ധ പരിശോധനയ്ക്ക് വിധേയമാക്കിയപ്പോഴാണ് രോഗം കണ്ടെത്തിയത്. ഉടൻ തലസ്ഥാനമായ നോം പെന്നിൽ ചികിത്സയ്‌ക്കെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. കുട്ടിയുടെ അച്ഛനും രോഗം സ്ഥിരീകരിച്ചു. മറ്റ് 11 പേരെ പരിശോധനയ്ക്ക് വിധേയമാക്കി. അപകടകരമായ വകഭേദമാണ് കംബോഡിയയിൽ കണ്ടെത്തിയത്.

സാധാരണഗതിയിൽ മനുഷ്യരിൽ വളരെ അപൂർവമായാണ് എച്ച് 5 എൻ 1 ബാധിക്കുന്നത്. എന്നാൽ വൈറസ് ബാധയുള്ള പക്ഷികളുമായുള്ള അടുത്ത സമ്പർക്കം മനുഷ്യർക്ക് അപകടമാണ്. 2021 മുതൽ ചൈന, ഇന്ത്യ, സ്‌പെയിൻ, യു.കെ, യു.എസ് എന്നിവിടങ്ങളിലായി എട്ട് എച്ച് 5 എൻ 1 കേസുകളാണ് ലോകാരോഗ്യ സംഘടന ( ഡബ്ല്യു.എച്ച്.ഒ ) സ്ഥിരീകരിച്ചത്. എന്നാൽ എച്ച് 5 എൻ 1 ന്റെ തീവ്രത കൂടിയ ഒരു വകഭേദം ലോകമെമ്പാടും വ്യാപിക്കുന്നുവെന്നാണ് സൂചന.

സമീപ കാലത്ത് സസ്തനികളിലേക്കും ഈ വകഭേദം പടർന്നത് പരിശോധിക്കേണ്ടതുണ്ടെന്ന് ഡബ്ല്യു.എച്ച്.ഒ മേധാവി ടെഡ്രോസ് അഥനോം ഗബ്രിയേസിസ് അറിയിച്ചിരുന്നു. നിലവിലെ സാഹചര്യം പരിശോധിക്കുമ്പോൾ മനുഷ്യർ ജാഗ്രത പുലർത്തേണ്ടതുണ്ടെന്നാണ് ഡബ്ല്യു.എച്ച്.ഒയുടെ അവലോകനം.ലോകമെമ്പാടുമുള്ള കാട്ടുപക്ഷികളിലും വളർത്തുപക്ഷികളിലും കഴിഞ്ഞ 25 വർഷമായി എച്ച് 5 എൻ 1 പക്ഷിപ്പനി കണ്ടുവരുന്നുണ്ട്.

1996ൽ കണ്ടെത്തിയതിന് ശേഷം പക്ഷികളിൽ നിന്ന് മനുഷ്യരിലേക്കും മനുഷ്യരിൽ നിന്ന് മനുഷ്യരിലേക്കും എച്ച് 5 എൻ 1 പടരാനുള്ള സാദ്ധ്യത വളരെ അപൂർവമാണെന്നാണ് മനസിലാക്കിയത്.എന്നാൽ ഇതിൽ മാറ്റം വരില്ലെന്ന് പറയാനാകില്ലെന്നും അതിനാൽ മുൻകരുതൽ സ്വീകരിക്കണമെന്നുമാണ് വിലയിരുത്തൽ. തീവ്രത കുറഞ്ഞ രോഗലക്ഷണം മുതൽ മരണം വരെ പലരിലും വ്യത്യസ്ത തരത്തിലാണ് രോഗം പ്രതിഫലിക്കുന്നത്.

ഈ രോഗം കണ്ടെത്തിയതിനു ശേഷം ഇതുവരെ 870 മനുഷ്യരിൽ മാത്രമാണ് ഇത് സ്ഥിരീകരിക്കപ്പെട്ടിട്ടുള്ളത്. എന്നാൽ, ഇതിൽ പകുതിയോളം പേർ മരണമടഞ്ഞു എന്നത് ഇതിന്റെ ഭീകരത വർദ്ധിപ്പിക്കുന്നു. അതേസമയം ലോകമാകമാനമായി 200 മില്യൺ പക്ഷികളാണ് ഈ രോഗം ബാധിച്ച് കൊല്ലപ്പെട്ടിട്ടുള്ളത്. അടുത്ത കാലത്തായിട്ടാണ് ഈ രോഗം നീർനായ്, കടൽ സിംഹം തുടങ്ങിയ സസ്തനികളിൽ കണ്ടെത്തിയത്.

രോഗം വ്യാപിക്കുന്നു എന്നതിലേറെ ആശങ്കപ്പെടുത്തുന്നത് അത് വ്യാപിക്കുന്ന മാർഗ്ഗമാണെന്ന് ജോൺ ഹോപ്കിൻസ്ഹോസ്പിറ്റലിലെ ഇമ്മ്യുണോളജിസ്റ്റ് ഡോ. ആർതർ കാസഡേവാൽ പറയുന്നു. പക്ഷികളിൽ നിന്നാണോ മനുഷ്യരിൽ നിന്നാണോ രോഗം പകർന്നത് എന്നതാണ് ഇപ്പോൾ അറിയേണ്ട ഏറ്റവും പ്രധാനപ്പെട്ട കാര്യം എന്നും അദ്ദേഹം പറഞ്ഞു. മനുഷ്യരിൽ നിന്നല്ല ഇത് പകർന്നത് എന്ന് പ്രത്യാശിക്കാം എന്നായിരുന്നു ബ്രിട്ടനിലെ പ്രമുഖ പകർച്ചവ്യാധി വിദഗ്ധൻ ഡോ. എറിക് ഫീഗൽ പറഞ്ഞത്.

പക്ഷിപ്പനി എന്ന് വിളിക്കുന്ന എച്ച്5 എൻ1 ആദ്യമായി കോഴികളിൽ കണ്ടെത്തിയത് 1959-ൽ സ്‌കോട്ട്‌ലാൻഡിൽ ആയിരുന്നു. പിന്നീട് 1996-ൽ ഇത് ചൈനയിലും ഹോങ്കോംഗിലും കണ്ടെത്തി.. 1997- ൽ ആയിരുന്നു ഇതാദ്യമായി മനുഷ്യനിൽ കണ്ടെത്തിയത്. എച്ച്5 എൻ 1 വൈറസ് മനുഷ്യരിൽ നിന്നും മനുഷ്യരിലേക്ക് പടരുന്നത് വിരളമാണെങ്കിലും, അസാധ്യമായ ഒന്നല്ല.. 1997-ൽ ഹോങ്കോംഗിൽ 18 പേർക്ക് രോഗം ബാധിച്ചത് മനുഷ്യരിൽ കൂടി ആയിരുന്നെന്ന് അന്ന് സ്ഥിരീകരിച്ചിരുന്നു. എന്നാൽ, അത് ഒരു മഹാമാരിയായി വളരാതെ ചെറിയൊരു വിഭാഗം ആളുകളിൽ ഒതുങ്ങുകയായിരുന്നു.

അതേസമയം, ഈ രോഗം മനുഷ്യരിൽ നിന്നും മനുഷ്യരിലേക്ക് വ്യാപിക്കാൻ തുടങ്ങിയാൽ അതിന്റെ അന്തിമഫലം എന്താവും എന്ന വിഷയത്തിൽ വിദഗ്ദ്ധർ പഠനം ആരംഭിച്ചു കഴിഞ്ഞു. അത്തരമൊരു സാഹചര്യം മുന്നിൽ കണ്ടുകൊണ്ട് അതിനെ തടയുന്നതിനുള്ള തയ്യാറെടുപ്പുകൾക്കും മുന്നൊരുക്കങ്ങൾക്കും, ആസൂത്രണത്തിനുമായി വിവിധ മാതൃകകൾ തയ്യാറാക്കുകയാണെന്ന് യു കെ ഹെൽത്ത് സെക്യുരിറ്റി ഏജൻസി അറിയിച്ചു.