കൊറോണയ്ക്കു ശേഷം പകർച്ചവ്യാധികളെ എല്ലാം ആധിയോടെയാണ് മനുഷ്യർ കാണുന്നത്. അവ കുട്ടികളുടെയും മുതിർന്നവരുടെയും ജീവൻ കൂടി കവർന്നെടുക്കാൻ തുടങ്ങിയാൽ ആശങ്ക പതിന്മടങ്ങാകും. ഇപ്പോഴിതാ, കംബോഡിയയിൽ പക്ഷിപ്പനി ബാധിച്ച് 11കാരിയായ ഒരു പെൺകുട്ടി മരിച്ചതോടെ വാക്സിനേഷൻ നിർമ്മാണത്തിനുള്ള ഒരുക്കത്തിലാണ് ശാസ്ത്രജ്ഞർ. മനുഷ്യരിൽ നിന്ന് മനുഷ്യരിലേക്ക് കാര്യമായ സംക്രമണം നടക്കുന്നുണ്ടെന്നുള്ള കൂടുതൽ തെളിവുകൾ വ്യക്തമായാൽ ഉടൻ തന്നെ വാക്സിൻ നിർമ്മിക്കാനാണ് തീരുമാനം. കഴിഞ്ഞ ബുധനാഴ്ചയാണ് 11 വയസ്സുള്ള കംബോഡിയൻ പെൺകുട്ടി പക്ഷിപ്പനി ബാധിച്ച് ആറ് ദിവസത്തിന് ശേഷം മരിച്ചത്. പെൺകുട്ടിയുടെ പിതാവും വൈറസ് പോസിറ്റീവ് ആയെങ്കിലും കൂടുതൽ രോഗലക്ഷണങ്ങൾ പ്രകടിപ്പിച്ചില്ല.

എച്ച് 5 എൻ 1 പക്ഷിപ്പനി ബാധിച്ച ഇവരുമായി അടുത്ത സമ്പർക്കം പുലർത്തിയ മറ്റു 11 പേർ ഇപ്പോഴും നിരീക്ഷണത്തിലാണ്. ഇവരിൽ നിന്നും മറ്റുള്ളവരിലേക്ക് രോഗം പടർന്നിട്ടുണ്ടോയെന്ന കാര്യവും പരിശോധനയിലാണ്. കഴിഞ്ഞ രണ്ട് വർഷത്തിനിടെ ലോകമെമ്പാടും 200 ദശലക്ഷത്തിലധികം പക്ഷികളെ ഈ വൈറസ് കൊന്നിട്ടുണ്ട്. അടുത്ത മാസങ്ങളിൽ ഇത് കടൽ സിംഹങ്ങൾ, ഒട്ടറുകൾ, മിങ്ക് എന്നിവയുൾപ്പെടെയുള്ള സസ്തനികളിലും അണുബാധയ്ക്ക് കാരണമായി.

സ്ഥിതി ആശങ്കാജനകമാണെന്ന് ലോകാരോഗ്യ സംഘടന (ഡബ്ല്യുഎച്ച്ഒ) പറഞ്ഞു, എന്നാൽ പക്ഷിപ്പനി മനുഷ്യർക്കിടയിൽ പടരാൻ ആവശ്യമായ ജനിതകശേഷി നിലവിൽ ഇതിനുള്ളതായി റിപ്പോർട്ടുകളൊന്നും പുറത്തുവന്നിട്ടില്ല. എന്നാൽ കോഴിയിറച്ചിയിൽ നിന്നും ആകാം 11കാരി പെൺകുട്ടിക്കും അവളുടെ പിതാവിനും വൈറസ് ബാധിച്ചത് എന്ന സാധ്യതയാണ് വിദഗ്ദ്ധർ ചൂണ്ടിക്കാട്ടുന്നത്. എന്നിരുന്നാലും, ലോകം രണ്ടാമത്തെ മഹാമാരിയെ അഭിമുഖീകരിക്കേണ്ട അവസ്ഥ ഉണ്ടാകുമോ എന്ന ആശങ്ക നിലനിൽക്കെ ആവശ്യം വന്നാൽ വാക്സിനേഷൻ പദ്ധതികൾ സ്വീകരിക്കുവാനും ലോകാരോഗ്യ സംഘടന തീരുമാനിച്ചിട്ടുണ്ട്.

1990-കളുടെ മധ്യത്തിൽ എച്ച് 5 എൻ 1 പ്രത്യക്ഷപ്പെട്ടതിനുശേഷം, മനുഷ്യരിൽ 983 കേസുകൾ സ്ഥിരീകരിച്ചിട്ടുണ്ട്. അതിൽ പകുതിയിലേറെയും മാരകമാണെന്ന് തെളിഞ്ഞിരുന്നു. വലിയ തോതിലുള്ള രോഗവ്യാപനം ഉണ്ടായാലും മരണനിരക്ക് വളരെ കുറവായിരിക്കും. വെള്ളിയാഴ്ച നടന്ന ലോകാരോഗ്യ സംഘടനയുടെ ബ്രീഫിംഗിൽ, തങ്ങൾക്ക് വിശദമായ വാക്സിനേഷൻ പദ്ധതികളുണ്ടെന്നാണ് ശാസ്ത്രജ്ഞർ വെളിപ്പെടുത്തിയിരിക്കുന്നത്.