കോവിഡ് -19 എന്നത് വെറുമൊരു സാമ്പിൾ വെടിക്കെട്ട് മാത്രമായിരുന്നോ...? അങ്ങനെയാണ് അന്താരാഷ്ട്ര ആരോഗ്യ വിദഗ്ദ്ധർ പറയുന്നത്. യഥാർത്ഥ പൂരം വരാൻ ഇരിക്കുന്നതേയുള്ളത്രെ. അഞ്ച് കോടിയിലേറെ പേരുടെ ജീവനെടുത്തേക്കാവുന്ന മറ്റൊരു മഹാമാരി അണിയറയിൽ ഒരുക്കങ്ങൾ തുടങ്ങിയതായി അവർ പറയുന്നു. ഡിസീസ് എക്സ് എന്ന് ലോകാരോഗ്യ സംഘടന നാമകരണം ചെയ്തിരിക്കുന്ന ഈ രോഗം ഏത് നിമിഷവും ആർത്തലച്ച് എത്താമെന്ന് അവർ പറയുന്നു.

ഇതുവരെ കണ്ടെത്താത്ത ലക്ഷക്കണക്കിന് വൈറസുകളിൽ നിന്നുമെത്തുന്ന ഈ മഹാവ്യാധി, 25 ലക്ഷം പേരുടെ മരണത്തിനിടയാക്കിയ കൊറോണ വൈറസിനേക്കാൾ 20 മടങ്ങ് അധികം പ്രഹരശേഷിയുള്ളതായിരിക്കുമെന്നും അവർ പറയുന്നു. ദി മിറർ ആണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ഏതാണ്ട് സ്പാനിഷ് ഫ്ളൂവിന്റെ അത്രതന്നെ ഭീകരത പടർത്താൻ ഇതിനാകുമെന്ന് ശാസ്ത്രജ്ഞർ പറയുന്നു.

2020-ൽ കോവിഡ് ആക്രമിക്കുമ്പോൾ ലോകം പ്രതിരോധിക്കാൻ ഒരു തയ്യാറെടുപ്പുകളും നടത്തിയിരുന്നില്ല. അതുകൊണ്ടു തന്നെ, ജീവിതത്തിന്റെ എല്ലാ മേഖലകളിലും അനുഭവിക്കേണ്ടി വന്ന പ്രത്യാഘാതങ്ങൾ ഭീകരമായിരുന്നു. അത്തരമൊരു സാഹചര്യം ഇനിയും ഉണ്ടാകാതിരിക്കാൻ വാക്സിനുകൾ ഉൾപ്പടെയുള്ള പ്രതിരോധ മാർഗ്ഗങ്ങളുമായി ലോകം തയ്യാറെടുക്കണമെന്ന് ലോകാരോഗ്യ സംഘടന നിർദ്ദേശിക്കുന്നു.

ബ്രിട്ടന്റെ വാക്സിൻ ടാസ്‌ക് ഫോഴ്സിനെ ഇടക്കാലത്ത് നയിച്ച കെയ്റ്റ് ബിങ്ഹാം പറയുന്നത്, ഇപ്പോൾ കോവിഡ് ഒരു സാധാരണ രോഗമായി മാറി എന്നതിൽ ഏറെ ആശ്വസിക്കേണ്ടതില്ല എന്നാണ്. 1918019 കാലത്ത്, ഒന്നാം ലോക മഹായുദ്ധത്തിൽ കൊല്ലപ്പെട്ടതിന്റെ ഇരട്ടിയോളം പേരാണ് ഫ്ളൂ ബാധിച്ച് കൊല്ലപ്പെട്ടത്. വൈറസുകൾ അക്കാലത്തേക്കാൾ ഏറെ ശക്തി പ്രാപിച്ചു കഴിഞ്ഞു. ഭൂമിയിലെ മുഴുവൻ ജീവജാലങ്ങളേയും ഒന്നായി പരിഗണിച്ചാൽ പോലും, അവയേക്കാൾ എണ്ണത്തിൽ വർദ്ധനവ് ഉണ്ടായിക്കൊണ്ടിരിക്കുന്നത് വൈറസുകൾക്കാണ് എന്ന് അവർ പറയുന്നു.

മാത്രമല്ല, മുൻകാലങ്ങളിലേതിനേക്കാൾ വേഗത്തിൽ ഉൽപരിവർത്തന (മ്യുട്ടേഷൻ) വും സംഭവിക്കുന്നു. എല്ലാ, വൈറസുകളും മനുഷ്യർക്ക് അപകടകാരികൾ അല്ലെങ്കിലും, അങ്ങനെയുള്ള ധാരാളം വൈറസുകൾ ഉണ്ട് എന്ന് കാര്യം മറക്കരുതെന്ന് അവർ മെയ്ലിന് നൽകിയ അഭിമുഖത്തിൽ പറയുന്നു. ഓരോന്നിലും ആയിരത്തിലധികം വ്യത്യസ്ത തരം വൈറസ്സുകളുള്ള 25 വൈറസ് ഫാമിലികളെ ഇതിനോടകം ശാസ്ത്രജ്ഞർ തിരിച്ചറിഞ്ഞിട്ടുണ്ട് എന്ന് അവർ പറയുന്നു. ഇവ ഓരോന്നും തുടർച്ചയായ ഉൽപരിവർത്തനങ്ങൾക്കും പരിണാമങ്ങൾക്കും വിധേയമായി മഹാമാരികൾ സൃഷ്ടിക്കാൻ കഴിവുള്ളവയാണ്.

അതിനുപുറമെ ഇനിയും കണ്ടുപിടിക്കാത്ത പത്ത് ലക്ഷത്തോളം ഇനം വൈറസുകളുണ്ട്. ഇവയിൽ പലതും മനുഷ്യ രാശിക്ക് കടുത്ത പ്രതിസന്ധി സൃഷ്ടിക്കാൻ കെൽപുള്ളവയാണെന്നാണ് കരുതുന്നത് എന്നും അവർ പറഞ്ഞു. 25 ലക്ഷത്തോളം പേരുടെ മരണത്തിനിടയാക്കിയെങ്കിൽ പോലും, കോവിഡ് ബാധിച്ചവരിൽ ബഹുഭൂരിപക്ഷം പേരെയും രക്ഷപ്പെടുത്താനായത് ഒരു ആശ്വാസമാണ്. എന്നാൽ, കൂടുതൽ വ്യാപന ശേഷിയുള്ള ഡിസീസ് എക്സ്, എബോളയുടെ 67 ശതമാനം മരണ നിരക്കുമായി എത്തിയാൽ സ്ഥിതി എന്തായിരിക്കുമെന്നും അവർ ചോദിക്കുന്നുണ്ട്.

പകർച്ച വ്യാധികൾ പടരുന്നതിൽ ഭാഗ്യ നിർഭാഗ്യങ്ങൾക്ക് ഏറെ പ്രസക്തിയില്ലെന്നും അവർ സൂചിപ്പിക്കുന്നുണ്ട്. മറിച്ച്, അതിനുള്ള പ്രധാന കാരണമായി അവർ പറയുന്നത് ആഗോളവത്ക്കരണം അതുപോലെ നഗരങ്ങളിലെ ജന സാന്ദ്രത കണക്കില്ലാതെ വർദ്ധിക്കുന്നത്, വന നശീകരണം എന്നിവയെയാണ്. വിവിധ സ്പീഷീസുകൾക്കിടയിൽ ആവാസ വ്യവസ്ഥ മാറ്റുവാൻ വൈറസുകൾക്ക് സഹായകരമായത് ഈ മൂന്ന് ഘടകങ്ങൾ ആണെന്ന് അവർ പറയുന്നു.