ലണ്ടൻ: നിരവധി പേർക്ക് കടുത്ത ആരോഗ്യപ്രശ്നങ്ങൾക്കും, മരണത്തിന് തന്നെയും കാരണമായി എന്നാരോപിച്ചു കൊണ്ട് കോവിഡ് വാക്സിൻ നിർമ്മാതാക്കളായ അസ്ട്ര സെനെകക്ക് എതിരെ നടക്കുന്ന കേസുകളിൽ വഴി തിരിവായി കമ്പനിയുടെ കുറ്റസമ്മതം. കോവിഷീൽഡ് ഉൾപ്പടെയുള്ള ബ്രാൻഡുകളിൽ ഇറങ്ങിയ വാക്സിനുകൾ വളരെ വിരളമായ പാർശ്വഫലങ്ങൾക്ക് കാരണമായേക്കാം എന്നാണ് കമ്പനി കോടതിയിൽ സമ്മതിച്ചത്.

രക്തം കട്ടപിടിക്കുന്നതിനും, പ്ലേറ്റ്‌ലറ്റുകളുടെ എണ്ണക്കുറവിനും ഇടയാക്കുന്ന ത്രോംബോസിസ് വിത്ത് ത്രോംബോസൈറ്റോപെനിയ സിൻഡ്രം (ടി ടി എസ്) പോലുള്ള പാർശ്വഫലങ്ങൾക്ക് ഇടയാക്കുമെന്നാണ് കമ്പനി പറയുന്നത്. വാക്സിൻ ഇറങ്ങിയതു മുതൽ അതിനെ വിടാതെ പിന്തുടരുന്ന ഒരു വിവാദമായിരുന്നു പാർശ്വഫലങ്ങൾ ഉണ്ട് എന്നത്. വാക്സിൻ വിരുദ്ധരും അവരുടെ പ്രചരാണങ്ങളിലെ ഒരു പ്രധാന വാദഗതിയായി ഇത് ഉയർത്തിയിരുന്നു.

ഓക്സ്‌ഫോർഡും അസ്ട്രസെനെകയും സംയുക്തമായി വികസിപ്പിച്ച കോവിഡ് വാക്സിൻ, കോവിഷീൽഡ്, വാക്സ്ബസെവിര എന്ന് തുടങ്ങി നിരവധി പേരുകളിൽ ആഗോളാടിസ്ഥാനത്തിൽ തന്നെ വിറ്റഴിച്ചിരുന്നു. ഇതിന്റെ പാർശ്വഫലങ്ങൾക്ക് ഇരയായവർ നൽകിയ കേസുകളിൽ കോടതി നടപടികൾ നേരിടുകയാണ് കമ്പനി ഇപ്പോൾ. ആതിനിടയിലാണ്, മുൻ നിലപാടുകളിൽ നിന്നും മലക്കം മറിഞ്ഞുകൊണ്ടുള്ള ഈ തുറന്ന് പറച്ചിൽ.

അസ്ട്ര സെനെക വാക്സിന്റെ പാർശ്വഫലങ്ങൾ വിനാശകരമാണെന്നാരോപിച്ച് നിരവധി കുടുംബങ്ങളാണ് നിയമനടപടികൾക്ക് ഒരുങ്ങിയത്. ഈ നിയമനടപടികളിൽ നിർണ്ണായകമായിരിക്കുകയാണ് കമ്പനിയുടെ ഇപ്പോഴത്തെ തുറന്നു പറച്ചിൽ. മാത്രമാല്ല, വാക്സിൻ വിരുദ്ധരുടെ ഒരു ആരോപണം ഏതാണ്ട് ശരിവയ്ക്കുന്നത് കൂടിയാണിത്. 2021 ഏപ്രിലിൽ അസ്ട്ര സെനെകയുടെ വാക്സിൻ സ്വീകരിച്ചതിനെ തുടർന്ന് മസ്തിഷ്‌ക തകരാറ് സംഭവിച്ച ജാമി സ്‌കോട്ട് എന്ന വ്യക്തിയായിരുന്നു കമ്പനിക്കെതിരെ നിയമനടപടികൾക്ക് മുൻകൈ എടുത്തത്.

രക്തം കട്ട പിടിക്കുന്നതിനിടയാക്കുന്ന ടി ടി എസ്സിനെ കുറിച്ച് പരാതിയിൽ പരാമർശിച്ചിട്ടുണ്ട്. അതുമായി ബന്ധപ്പെട്ട ചോദ്യത്തിനാണ് വളരെ വിരളമായിട്ടാണെങ്കിലും, വാക്സിൻ ടി ടി എസ്സിന് കാരണമായേക്കാം എന്ന് യു കെ ഹൈക്കോടതിയിൽ ഇപ്പോൾ കമ്പനി സമ്മതിച്ചിരിക്കുന്നത്. സുരക്ഷാ ആശങ്കകളാൽ അസ്ട്രാ സെനെക - ഓക്സ്‌ഫോർഡ് വാക്സിൻ ഇപ്പോൾ യു കെയിൽ നൽകുന്നില്ല. കോവിഡ് വൈറസുകളെ തുരത്താൻ കഴിയുമെങ്കിലും, പാർശ്വഫലങ്ങൾക്കുള്ള സാധ്യതയാണ് ഇതിനെ സുരക്ഷിതമല്ലാതാക്കിയത്.