ലോകത്ത് എല്ലാവരും ഭയപ്പെടുന്ന രോഗങ്ങളില്‍ ഒന്നാണ് പാര്‍ക്കിന്‍സണ്‍സ്. ഈ രോഗം ബാധിക്കുന്നവരെ നിരവധി ആരോഗ്യ പ്രശ്നങ്ങളാണ് കാത്തിരിക്കുന്നത്. കൃത്യമായി ഈ രോഗത്തിന് ചികിത്സയും ഇനിയും കണ്ടുപിടിച്ചിട്ടില്ല എന്നതും ഒരു വലിയ പ്രശ്നമാണ്. പാര്‍ക്കിന്‍സന്‍ രോഗം ബാധിക്കുന്നതിനുള്ള കാരണങ്ങളെ കുറിച്ചുള്ള ഗവേഷണങ്ങളും പുരോഗമിക്കുകയാണ്.

ഈ രോഗത്തിന് വായു മലിനീകരണം ഒരു കാരണം ആയേക്കാമെന്നാണ് ഇപ്പോള്‍ നടക്കുന്ന ഒരു ഗവേഷണ ഫലം സൂചിപ്പിക്കുന്നത്. അന്തരീക്ഷ മലിനീകരണം ഏറ്റവും വ്യാപകമായ നഗരങ്ങളില്‍ താമസിക്കുന്നവര്‍ക്കിടയിലാണ് ഈ രോഗം പെട്ടെന്ന്്

ബാധിക്കുന്നു എന്നാണ് ഇവരുടെ കണ്ടെത്തല്‍. ജനിതകമായി പാര്‍ക്കിന്‍സന്‍സ് സാധ്യത കൂടുതലുള്ള വ്യക്തികള്‍ ഇത്തരം പ്രദേശങ്ങളില്‍ താമസിക്കുക ആണെങ്കില്‍ അവര്‍ക്ക് ഈ രോഗം ഉണ്ടാകാനുള്ള സാധ്യത മൂന്നിരട്ടി കൂടുതലാണ് എന്നാണ് ഗവേഷണ ഫലങ്ങള്‍ വ്യക്തമാക്കുന്നത്.

കാറുകളില്‍ നിന്നും കത്തുന്ന വിറകില്‍ നിന്നും പുറത്ത് വിടുന്ന പുകയുമായി സമ്പര്‍ക്കം പുലര്‍ത്തുന്നത് ശരീരത്തില്‍ മുഴകള്‍ രൂപപ്പെടുന്നതിന് കാരണമാകും എന്നാണ് തെളിയിക്കപ്പെട്ടിരിക്കുന്നത്. ഇത് പാര്‍ക്കിന്‍സണ്‍ ബാധിക്കാന്‍ കാരണമാകും എന്നാണ് ഗവേഷകര്‍ പറയുന്നത്. ഒന്നര ലക്ഷത്തോളം ബ്രിട്ടീഷുകാരെയാണ് ഇത് ദോഷകരമായി ബാധിക്കുന്നതെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. മൂവായിരത്തോളം മുതിര്‍ന്ന പൗരന്‍മാരെയാണ് അമേരിക്കന്‍ ശാസ്ത്രജ്ഞന്‍മാര്‍ പരീക്ഷണത്തിനായി തെരഞ്ഞെടുത്തത്.

പരീക്ഷണത്തില്‍ പങ്കെടുത്തവരുടെ വീടുകള്‍ക്ക് സമീപമുള്ള വാഹന എന്‍ജിനുകളില്‍ നിന്നും പുറന്തള്ളുന്ന കാര്‍ബണ്‍ മോണോക്സൈഡിന്റെ ശരാശരി അളവും ഗവേഷകര്‍ രേഖപ്പെടുത്തിയിരുന്നു. കാറുകളില്‍ നിന്നുള്ള കത്താത്ത ഹൈഡ്രോ കാര്‍ബണുകള്‍, നൈട്രജന്‍ ഓക്സൈഡുകള്‍ എന്നിവയും പഠന വിധേയമാക്കിയിരുന്നു. അലര്‍ജി ഉണ്ടാക്കുന്ന ഭക്ഷണ പദാര്‍ത്ഥങ്ങളെ കുറിച്ചും പുകവലിയുടെ നിലവാരത്തെ കുറിച്ചും ഇക്കാര്യത്തില്‍ ഗവേഷണം നടത്തിയിരുന്നു.

ആദ്യ പഠനത്തില്‍, ലോസ് ഏഞ്ചല്‍സിലെ കാലിഫോര്‍ണിയ സര്‍വകലാശാലയിലെ ഗവേഷകര്‍ കാലിഫോര്‍ണിയയില്‍ കുറഞ്ഞത് അഞ്ച് വര്‍ഷമെങ്കിലും താമസിച്ചിരുന്ന 1,300-ലധികം മുതിര്‍ന്നവരെ നിരീക്ഷിച്ചിരുന്നു. വാഹനങ്ങളുമായി ബന്ധപ്പെട്ട വായു മലിനീകരണം കാരണം

പാര്‍ക്കിന്‍സന്‍ രോഗം വരാനുള്ള സാധ്യത 28 ശതമാനം കൂടുതലാണെന്നാണ് കണ്ടെത്തല്‍. രണ്ടാമതാി 2,000-ത്തിലധികം മുതിര്‍ന്നവരെ നിരീക്ഷിച്ചു.

അവരില്‍ പകുതിയിലധികം പേരും കോപ്പന്‍ഹേഗനിലോ ഡെന്‍മാര്‍ക്കിലെ മറ്റ് പ്രമുഖ നഗരങ്ങളിലോ താമസിക്കുന്നവര്‍ ആയിരുന്നു. ഇവിടങ്ങളിലെ ഉയര്‍ന്ന ട്രാഫിക് കാരണം ഉണ്ടാകുന്ന വായു മലിനീകരണം രോഗത്തിന്റെ സാധ്യത മൂന്നിരട്ടിയായി വര്‍ദ്ധിച്ചതായി അവര്‍ കണ്ടെത്തി. രണ്ട് പഠനങ്ങളുടെയും ഫലങ്ങള്‍ സംയോജിപ്പിച്ച്, ഗതാഗത സംബന്ധമായ വായു മലിനീകരണം കൂടുതലുള്ള പ്രദേശങ്ങളില്‍ താമസിക്കുന്നവര്‍ക്ക് ശരാശരി ഒമ്പത് ശതമാനം അപകടസാധ്യത കൂടുതലാണെന്നാണ് ശാസ്ത്രജ്ഞന്‍മാര്‍ നിര്‍ണയിച്ചിരിക്കുന്നത്.

വായു മലിനീകരണം കുറയുന്നത് പാര്‍ക്കിന്‍സണ്‍സ് രോഗ സാധ്യത കുറയ്ക്കാന്‍ സഹായിക്കുമെന്നാണ് ഗവേഷകര്‍ പറയുന്നത്. ലോകത്ത് പ്രതിവര്‍ഷം 70 ലക്ഷം ആളുകളുടെ മരണത്തിന് കാരണമാകുന്ന മലിനീകരണത്തെ ചെറുക്കാന്‍ രാജ്യങ്ങള്‍ കൂടുതല്‍ കര്‍ശനമായ നടപടികള്‍ സ്വീകരിക്കണമെന്ന് ലോകാരോഗ്യ സംഘടന വളരെക്കാലമായി ആവശ്യപ്പെടുകയായിരുന്നു. പാര്‍ക്കിന്‍സണ്‍സ് രോഗം 153,000 ബ്രിട്ടീഷുകാരെയും 500,000 അമേരിക്കക്കാരെയും ബാധിക്കുന്നു എന്നാണ് കണക്ക്. യുകെയില്‍ ഓരോ മണിക്കൂറിലും രണ്ട് പേര്‍ക്ക് ഈ രോഗം കണ്ടെത്തുന്നുണ്ട്.