- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കൂര്‍ക്കംവലി തടയാന്‍ വായില്‍ ടേപ്പ് ഒട്ടിച്ചു കിടന്നാല്‍ മതിയോ? പുതിയ സോഷ്യല്‍ മീഡിയ ട്രെന്‍ഡ് ജീവന് എടുക്കുന്ന അഭ്യാസമോ?
ലണ്ടന്‍: കൂര്‍ക്കംവലി തടയാന്‍ വായില്‍ ടേപ്പ് ഒട്ടിച്ചു കിടന്നാല്‍ മതിയോ? എന്ന ചോദ്യമാണ് സോഷ്യല്‍ മീഡിയയിലെ പോസ്്റ്റുകള്‍ ചര്‍ച്ചയാക്കുന്നത്. ടിക് ടോക്ക് വീഡിയോകളാണ് ഈ പ്രചരണത്തിന് പിന്നില്‍. ഇതിനായി ചില ഉപകരണങ്ങളും പ്രചരിപ്പിക്കുന്നു. എന്നാല്‍ വായില്‍ ടേപ്പൊട്ടിച്ച് കിടക്കുന്നത് ഗുരുതര ആരോഗ്യ പ്രശ്‌നങ്ങള്‍ക്ക് കാരണമാകും. കൂര്‍ക്കം വലി ഒരു രോഗ ലക്ഷണമാണ്. അനേകം കാരണങ്ങള്‍ കൊണ്ട് ഇതുണ്ടാകുന്നു. അന്തിമമായി കൂര്‍ക്കംവലി ബാധിക്കുന്നത് ഹൃദയത്തെയാണ്. തടസം മൂലം ശ്വാസം നില്‍ക്കുമ്പോള്‍, കൂടുതല്‍ ശക്തിയില്‍ ശ്വാസംകോശം ഉളളിലേക്ക് വായുവലിച്ചെടുക്കുകയും ആ സമയത്ത് നെഞ്ചിനുളളില്‍ നെഗറ്റീവ് പ്രഷര്‍ വര്‍ദ്ധിക്കുകയും ചെയ്യും. വായില്‍ ടേപ്പൊട്ടിക്കുന്നത് ഇത്തരം ആരോഗ്യ സാഹചര്യങ്ങളെ സങ്കീര്‍ണ്ണമാക്കുമെന്നാണ് വിദഗ്ധര്‍ പറയുന്നത്.
മൗത്ത് ടേപ്പിംഗ്, ഇത് കൂര്‍ക്കംവലി മെച്ചപ്പെടുത്തുന്നതിനും ഉറക്കത്തിന്റെ ഗുണനിലവാരം മെച്ചപ്പെടുത്തുന്നതിനും കാരണമാകുന്നുവെന്നാണ് ടിക് ടോക് പ്രചരണം. റോയല്‍ ബ്രോംപ്ടണ്‍ ഹോസ്പിറ്റലിലെ ശ്വസന വൈദ്യശാസ്ത്രത്തിലെ കണ്‍സള്‍ട്ടന്റും ഉറക്ക തകരാറുകളില്‍ വിദഗ്ധയുമായ ഡോ. അലന്ന ഹാരെ പറയുന്നത്, ഉറങ്ങുമ്പോള്‍ വായ അടച്ചിടുന്നതുകൊണ്ട് ശാസ്ത്രീയമായി തെളിയിക്കപ്പെട്ട ഗുണങ്ങളൊന്നുമില്ല എന്നാണ്. വാസ്തവത്തില്‍, സ്ലീപ് അപ്നിയയും മൂക്കിലെ തടസ്സവും ഉള്ളവര്‍ക്ക്, മൗത്ത് ടേപ്പ് ചെയ്യുന്നത് സ്ലീപ് അപ്നിയയെ കൂടുതല്‍ വഷളാക്കും. 'നിരവധി കപട ശാസ്ത്രങ്ങളും ''ടിക് ടോക്ക് അവകാശവാദങ്ങളും'' ശാസ്ത്രീയമായി തെളിയിക്കെപ്പട്ടതല്ലെന്നും അവര്‍ പറയുന്നു. അമിതവണ്ണവും രാത്രിയിലെ മദ്യപാനവും കൂര്‍ക്കം വലി ഉണ്ടാകാനും ഗുരുതരമാകാനും കാരണമാകുന്ന ഘടകങ്ങളാണ്. അതുപോലെ തന്നെ പൂര്‍ണമായും മലര്‍ന്ന് കിടന്നുളള ഉറക്കം കൂര്‍ക്കം വലിയുടെ പ്രധാന കാരണമാണ്.
ഉറക്കത്തിന് മുന്‍പ് വായ ടേപ്പ് വച്ച് മൂടിക്കെട്ടുന്ന മൗത്ത് ടേപ്പിങ്ങാണ് സാമൂഹിക മാധ്യമങ്ങളിലെ പുതു ട്രെന്‍ഡ്. വായ ടേപ്പ് കൊണ്ട് ഒട്ടിക്കുന്നതിനാല്‍ മൂക്കിലൂടെ മാത്രം ഉറങ്ങുമ്പോള്‍ ശ്വസിക്കാന്‍ സാധിക്കുമെന്നും ഇത് ഉറക്കത്തിനും ആരോഗ്യത്തിനും നല്ലതാണെന്നുമാണ് വാദം. ഏഴ് മുതല്‍ എട്ട് മണിക്കൂറത്തേക്കാണ് ഈ മൗത്ത് ടേപ്പിങ് ചെയ്യുന്നത്. ചര്‍മ്മത്തിന് അലര്‍ജി ഉണ്ടാക്കാത്ത തരത്തിലുള്ള പോറസ് ടേപ്പ് വേണം വായ ഒട്ടിക്കാന്‍ ഉപയോഗിക്കാന്‍. ഇത് ശാസ്ത്രീയമായി പരിശോധിച്ച് തെളിയിക്കപ്പെട്ടതല്ലെങ്കിലും മൂക്കിലൂടെ ശ്വസിക്കുന്നത് വായിലൂടെ ശ്വാസമെടുക്കുന്നതിനേക്കാല്‍ ഫലപ്രദമാണെന്ന് ചിലര്‍ പറയുന്നു. കൂര്‍ക്കംവലി കുറയ്ക്കാനും ക്ഷീണം അകറ്റാനും ശ്രദ്ധ വര്‍ധിപ്പിക്കാനും വായ്നാറ്റം കുറയ്ക്കാനും മെച്ചപ്പെട്ട ഉറക്കം നല്‍കാനും വായുടെ ശുചിത്വം വര്‍ധിപ്പിക്കാനും ദാഹം കുറയ്ക്കാനുമൊക്കെ ഈ ശീലം സഹായകമാകുമെന്നും പ്രചരിപ്പിക്കുന്നു.
എന്നാല്‍ ഈ ശീലം തുടങ്ങുന്നതിന് മുന്‍പ് നിങ്ങളുടെ ഡോക്ടറുടെ നിര്‍ദ്ദേശം തേടേണ്ടതാണ്; പ്രത്യേകിച്ച് ശ്വസനപ്രശ്നങ്ങളും സ്ലീപ് അപ്നിയ പോലുള്ള ഉറക്കപ്രശ്നങ്ങളും ഉള്ളവര്‍. തുടക്കത്തില്‍ പകല്‍ ഉറക്കത്തിന് പരീക്ഷിച്ച് പ്രശ്നങ്ങള്‍ ഇല്ലെന്ന് കണ്ടാല്‍ മാത്രം രാത്രിയില്‍ ടേപ്പ് ഒട്ടിച്ചാല്‍ മതിയെന്ന വാദവും ശക്തം. എന്നാല്‍ സൈനസ് അണുബാധ, ചെവിയിലെ അണുബാധ, ജലദോഷം, വായ്ക്ക് ചുറ്റും നീര് വച്ച ചര്‍മ്മമുള്ളവര്‍ തുടങ്ങിയവര്‍ മൗത്ത് ടേപ്പിങ്ങിന് ശ്രമിക്കരുത്. നോസ് പോളിപ്പ് പോലുള്ള മൂക്കിന്റെ പ്രശ്ങ്ങള്‍ ഉള്ളവര്‍, അമിതവണ്ണത്തെ സൂചിപ്പിക്കുന്ന 35ന് മുകളില്‍ ബോഡി മാസ് ഇന്‍ഡെക്സ് ഉള്ളവര്‍, ശ്വാസകോശ, ഹൃദ്രോഗ പ്രശ്നങ്ങളുള്ളവര്‍ തുടങ്ങിയവരും ഈ ട്രെന്‍ഡ് പരീക്ഷിക്കരുതെന്നും ഡോക്ടര്‍മാര്‍ മുന്നറിയിപ്പ് നല്‍കുന്നു. മദ്യപിച്ച ശേഷവും മരുന്നുകള്‍ കഴിച്ച ശേഷവും വായ മൂടിക്കെട്ടാന്‍ ശ്രമിക്കരുത്. വായിലൂടെ ശ്വാസം പുറത്തേക്ക് വിടുന്ന മൗത്ത് പഫിങ്, ശ്വാസംമുട്ടല്‍, ഉത്കണ്ഠ, ടേപ്പിന്റെ ചൊറിച്ചില്‍ മൂലം ഉറക്കത്തിലെ തടസ്സങ്ങള്‍ എന്നിവ മൗത്ത് ടേപ്പിങ് മൂലം ഉണ്ടാകാം. അതായത് കൂടുതല്‍ ആരോഗ്യ പ്രശ്‌നങ്ങളാകും ഇത് സൃഷ്ടിക്കുകയെന്ന് സാരം.
ശരീര ഭാരം കുറയ്ക്കുക, വ്യായാമം ചെയ്യുക , തണുത്ത ഭക്ഷണം കഴിയുന്നതും ഒഴിവാക്കുക. മദ്യപാനം, പുകവലി, ലഹരി പൂര്‍ണ്ണമായും ഉപക്ഷേിക്കുക. ഒരു വശം ചരിഞ്ഞ് കിടന്നുറങ്ങുക തുടങ്ങിയവയാണ് കൂര്‍ക്കം വലിയില്‍ നിന്നും രക്ഷപ്പെടാന്‍ ആരോഗ്യ വിദഗ്ധര്‍ മുമ്പോട്ട് വയ്ക്കുന്ന മാര്‍ഗ്ഗങ്ങള്‍.
കൂര്‍ക്കംവലി, വായില്‍ ടേപ്പ്