മൂത്രമൊഴിക്കുന്ന ശീലങ്ങളില്‍ ചെറിയ മാറ്റം വരുന്നത് ഡിമെന്‍ഷ്യ വരാനുള്ള സാധ്യത ഗണ്യമായി വര്‍ദ്ധിപ്പിക്കുമെന്ന് ഗവേഷണ റിപ്പോര്‍ട്ടുകള്‍ പറയുന്നു. മലബന്ധത്തിനും കുടല്‍ മൈക്രോബയോം അസന്തുലിതാവസ്ഥയുമായി മറവി രോഗത്തിന് ബന്ധമുണ്ടെന്ന് നേരത്തേ തന്നെ തെളിയിക്കപ്പെട്ടിട്ടുണ്ട്. കൂടുതല്‍ തവണ മൂത്രമൊഴിക്കാന്‍ തോന്നുക, മൂത്രം നുരയോട് കൂടി പോകുക തുടങ്ങിയ ലക്ഷണങ്ങള്‍ നിങ്ങള്‍ക്ക് മറവി രോഗം ഉണ്ടാകാനുളള സാധ്യത 40 ശതമാനം വരെ വര്‍ദ്ധിപ്പിക്കുമെന്നാണ്.

വൃക്കകള്‍ക്ക് കേടുപാടുകള്‍ സംഭവിച്ച് അതിലുള്ള ഫില്‍ട്ടറുകളിലൂടെ ആല്‍ബുമിന്‍ ചോരുന്നതിന്റെ ഫലമായുണ്ടാകുന്ന ഉയര്‍ന്ന അളവിലുള്ള പ്രോട്ടീന്‍ മൂത്രത്തില്‍ നുരയെ പോലെ തോന്നിപ്പിക്കുമെന്നതിനാലാണ് ഇത് സംഭവിക്കുന്നതെന്ന് ശാസ്ത്രജ്ഞര്‍ കരുതുന്നത്.

അല്‍ഷിമേഴ്സ് രോഗത്തിനും മിക്സഡ് ഡിമെന്‍ഷ്യയ്ക്കും ശേഷം ഏറ്റവും സാധാരണമായ രണ്ടാമത്തെ ഡിമെന്‍ഷ്യ രൂപമായ വാസ്‌കുലര്‍ ഡിമെന്‍ഷ്യയുമായി ഈ ബന്ധം ഏറ്റവും ശക്തമായിരുന്നു.

വൃക്കകള്‍ പോലുള്ള ശരീരത്തിന്റെ മറ്റ് ഭാഗങ്ങളിലെ പ്രശ്നങ്ങള്‍ തലച്ചോറിനെയും ബാധിക്കുകയും ഡിമെന്‍ഷ്യയ്ക്കുള്ള അപകട ഘടകമായി മാറുകയും ചെയ്യുമെന്ന് കണ്ടെത്തിയതായി വിദഗ്ദ്ധര്‍ പറഞ്ഞു. വൃക്കകളിലും തലച്ചോറിലും ചെറിയ രക്തക്കുഴലുകളുടെ ഒരു സൂക്ഷ്മ ശൃംഖലയാണ് ഉള്ളത്. വൃക്കകളിലെ രക്തക്കുഴലുകള്‍ തകരാറിലാകുമ്പോള്‍, തലച്ചോറിലും ഇതേ പ്രക്രിയ പലപ്പോഴും സംഭവിക്കുന്നു.

ഡിമെന്‍ഷ്യയുടെ ആദ്യകാല അപകടസാധ്യത വിലയിരുത്തലിന്റെ ഭാഗമായി, ഉയര്‍ന്ന രക്തസമ്മര്‍ദ്ദം, പ്രമേഹം, ഹൃദയ സംബന്ധമായ അസുഖങ്ങള്‍ അല്ലെങ്കില്‍ വൃക്കരോഗം എന്നിവയുള്ള രോഗികളില്‍, ആല്‍ബുമിനുറിയയ്ക്കുള്ള പരിശോധന കൃത്യമായി നടത്തേണ്ടതാണ്. ആല്‍ബുമിനൂറിയ പ്രാരംഭ ഘട്ടത്തില്‍ കണ്ടെത്തുന്നത് ഡിമെന്‍ഷ്യയുടെ ആരംഭം വൈകിപ്പിക്കുകയോ തടയുകയോ ചെയ്യും. ഇത് സംബന്ധിച്ച പഠനത്തില്‍, സ്വീഡനിലെ സ്റ്റോക്ക്ഹോമിലെ 65 വയസ്സിനു മുകളിലുള്ളവരും ഡിമെന്‍ഷ്യ ഇല്ലാത്തവരുമായ 130,000 പേരാണ് പങ്കെടുത്തത്.

നാല് വര്‍ഷത്തെ തുടര്‍ പഠനത്തില്‍ പങ്കെടുത്തവരില്‍ ഏഴ് ശതമാനം പേര്‍ക്കും ഡിമെന്‍ഷ്യ ബാധിച്ചതായി അവര്‍ കണ്ടെത്തി. മൂത്രത്തില്‍ പ്രോട്ടീന്‍ ആല്‍ബുമിന്‍ മിതമായ അളവില്‍ ഉള്ളവരില്‍ ഡിമെന്‍ഷ്യ വരാനുള്ള സാധ്യത 25 ശതമാനം കൂടുതലാണെന്ന് ഗവേഷകര്‍ കണ്ടെത്തി.

എന്നാല്‍ മൂത്രത്തില്‍ ആല്‍ബുമിന്‍ കൂടുതലുള്ള എല്ലാവര്‍ക്കും, രോഗ ലക്ഷണങ്ങള്‍ ഉണ്ടാകണമെന്നില്ല എന്ന് നാഷണല്‍ കിഡ്‌നി ഫൗണ്ടേഷന്‍ പറയുന്നു.

നുരയോടുകൂടിയ മൂത്രമൊഴിക്കല്‍, ഇടയ്ക്കിടെ മൂത്രമൊഴിക്കല്‍, കണ്ണുകള്‍ വീര്‍ക്കല്‍, പാദങ്ങള്‍, കണങ്കാലുകള്‍, വയറ് അല്ലെങ്കില്‍ മുഖം എന്നിവയില്‍ വീക്കം എന്നിവ ഇതിന്റെ സൂചനകളാണ്. ആല്‍ബുമിനൂറിയ നിര്‍ണ്ണയിക്കുന്നതിനുള്ള ഏറ്റവും ഫലപ്രദമായ മാര്‍ഗം മൂത്ര പരിശോധനയാണെന്ന് വിദഗ്ദ്ധര്‍ പറയുന്നു. വൃക്കരോഗ സാധ്യത കൂടുതലുള്ളവര്‍ പതിവായി ആരോഗ്യ പരിശോധനകള്‍ നടത്തണം. വൃക്കകള്‍ ശരിയായി പ്രവര്‍ത്തിക്കുന്നുണ്ടെങ്കില്‍, പ്രോട്ടീന്‍ മൂത്രത്തിലേക്ക് ഒഴുകാതിരിക്കാന്‍ അവ ഫില്‍ട്ടര്‍ ചെയ്യുന്നു. അല്‍ഷിമേഴ്‌സ് റിസര്‍ച്ച് യുകെ വിശകലനത്തില്‍ 2022 ല്‍ 74,261 പേര്‍ ഡിമെന്‍ഷ്യ ബാധിച്ച് മരിച്ചതായി കണ്ടെത്തി. ഒരു വര്‍ഷം മുമ്പ് ഇത് 69,178 ആയിരുന്നു. ഇത് രാജ്യത്തെ ഏറ്റവും വലിയ കൊലയാളിയായി മാറി എന്നാണ് വൈദ്യശാസ്ത്ര മേഖലയിലെ ഗവേഷകര്‍ പറയുന്നത്.