ഫിൽട്ടറുകൾക്കും മേക്കപ്പിനും പകരം പ്രകൃതിദത്തമായ സൗന്ദര്യവർദ്ധക വിദ്യകൾ തേടുന്ന 'ജെൻ സി' തലമുറയുടെ ഇഷ്ട്ട വിഭവമായി അടുക്കളയിലെ അരിപ്പൊടി മാറുന്നു. ചർമ്മത്തിന്റെ ആരോഗ്യത്തിന് പ്രാധാന്യം നൽകുന്ന ഇവരുടെ സ്കിൻകെയർ ശീലങ്ങളിൽ അരിപ്പൊടിക്ക് വലിയ സ്ഥാനമാണുള്ളത്. കൊറിയൻ സൗന്ദര്യ സങ്കൽപ്പമായ 'ഗ്ലാസ് സ്കിൻ' നേടാൻ വീട്ടിലിരുന്ന് തന്നെ അരിപ്പൊടി ഉപയോഗിച്ച് സാധിക്കുമെന്നാണ് ഇവർ വിശ്വസിക്കുന്നത്.

അരിപ്പൊടിയിൽ അടങ്ങിയിരിക്കുന്ന വിറ്റാമിൻ ബി3 (നിയാസിനമൈഡ്) ചർമ്മത്തിലെ പാടുകൾ കുറയ്ക്കാനും നിറം മെച്ചപ്പെടുത്താനും സഹായിക്കും. അതുപോലെ, ഫെറുലിക് ആസിഡിന്റെ സാന്നിധ്യം സൂര്യരശ്മികളിൽ നിന്നുള്ള കരുവാളിപ്പ് തടയാനും സഹായിക്കുന്നു. ചർമ്മത്തെ സംരക്ഷിക്കാൻ കഴിവുള്ള ആന്റിഓക്‌സിഡന്റുകളും ഇതിലുണ്ട്.

അരിപ്പൊടി ഉപയോഗിച്ച് തയ്യാറാക്കാവുന്ന ചില ഫേസ് പാക്കുകൾ ഇവയാണ്:

*തേനും പാലും ചേർത്ത മിശ്രിതം: 2 ടേബിൾസ്പൂൺ അരിപ്പൊടിയിൽ തേനും പാലും ചേർത്ത് കട്ടിയുള്ള മിശ്രിതമുണ്ടാക്കി മുഖത്ത് പുരട്ടാം. ഇത് ചർമ്മത്തിന് തിളക്കവും ഈർപ്പവും നൽകും. 15 മിനിറ്റിന് ശേഷം കഴുകി കളയാം.

*എലുമിച്ചയും മഞ്ഞളും ചേർത്തത്: അരിപ്പൊടിയിൽ അൽപ്പം എലുമിച്ച നീരും മഞ്ഞളും ചേർത്ത് പുരട്ടുന്നത് ചർമ്മത്തിലെ പാടുകൾ കുറയ്ക്കാനും നിറം വർദ്ധിപ്പിക്കാനും സഹായിക്കും.

*പാലു മാത്രം ചേർത്തത്: അരിപ്പൊടിയിൽ പാൽ മാത്രം ചേർത്ത് നേർത്ത് പുരട്ടുന്നത് ചർമ്മത്തിന് മൃദുത്വവും തിളക്കവും നൽകും.

*പപ്പായ ചേർത്തത്: നന്നായി പഴുത്ത പപ്പായ ഉടച്ച് അരിപ്പൊടിയിൽ ചേർത്ത് പുരട്ടുന്നത് ചർമ്മത്തിലെ മൃതകോശങ്ങളെ നീക്കം ചെയ്ത് ഗ്ലോ കൂട്ടാൻ സഹായിക്കുന്ന ഒരു മികച്ച എക്സ്ഫോളിയേറ്റർ പാക്ക് ആണ്.

വരണ്ട ചർമ്മമുള്ളവർക്ക് പാൽപ്പാടയോ മറ്റ് എണ്ണമയമുള്ള ചേരുവകളോ ചേർക്കാതെ ഉപയോഗിക്കുന്നത് കൂടുതൽ വരൾച്ചയ്ക്ക് കാരണമായേക്കാം. എങ്കിലും, അരിപ്പൊടി അടിസ്ഥാനമാക്കിയുള്ള ഫേസ് പാക്കുകൾ ചർമ്മത്തിന് സ്വാഭാവിക സൗന്ദര്യം നൽകാൻ സഹായിക്കുമെന്നാണ് വിദഗ്ധർ പറയുന്നത്.