ചില വ്യക്തികൾക്ക് പുറത്ത് ചൂടായിരിക്കുമ്പോൾ പോലും ശരീരത്തിന് അമിതമായി തണുപ്പ് അനുഭവപ്പെടാറുണ്ട്. ഇത് ചിലപ്പോൾ നിസ്സാരമെങ്കിലും, പലപ്പോഴും ഇത് ആരോഗ്യപരമായ ചില സൂചനകളാവാം. ഉറക്കക്കുറവ്, രക്തയോട്ടമില്ലായ്മ, പെട്ടന്നുള്ള ശരീരഭാരക്കുറവ്, വിറ്റാമിൻ B12ൻ്റെ കുറവ്, അനീമിയ എന്നിവയാണ് ഇത്തരത്തിൽ ശരീരം തണുക്കുന്നതിന്റെ പ്രധാന കാരണങ്ങളെന്ന് ആരോഗ്യ വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു.

ശരീരത്തിലെ താപനില നിയന്ത്രിക്കുന്നതിൽ സർക്കാഡിയൻ റിഥം ഒരു പ്രധാന പങ്ക് വഹിക്കുന്നുണ്ട്. മതിയായ ഉറക്കം ലഭിക്കാതെ വരുമ്പോൾ ഈ താപനില നിയന്ത്രണത്തിൽ താളപ്പിഴകൾ സംഭവിക്കുകയും ശരീരം തണുക്കാൻ കാരണമാവുകയും ചെയ്യും.

ശരീരത്തിൽ ശരിയായ രക്തയോട്ടം ഇല്ലാത്തതും തണുപ്പ് അനുഭവപ്പെടുന്നതിന് കാരണമാകാം. പതിവായ വ്യായാമം, ആരോഗ്യകരമായ ഭക്ഷണക്രമം, പുകവലി പൂർണ്ണമായും ഒഴിവാക്കൽ എന്നിവയിലൂടെ രക്തയോട്ടം മെച്ചപ്പെടുത്താനും ഈ അവസ്ഥ ഒഴിവാക്കാനും സാധിക്കും.

ശരീരത്തിലെ കൊഴുപ്പ് ശരീരത്തെ ഊഷ്മളമായി നിലനിർത്താൻ സഹായിക്കുന്ന ഒന്നാണ്. എന്നാൽ, പെട്ടെന്ന് ശരീരഭാരം കുറയുന്നത് ശരീരത്തിൽ തണുപ്പ് അനുഭവപ്പെടാൻ ഒരു കാരണമായി മാറിയേക്കാം.

ശരീരത്തിലെ വിവിധ സുപ്രധാന പ്രവർത്തനങ്ങൾക്ക് വിറ്റാമിൻ B12 ആവശ്യമാണ്. ഈ വിറ്റാമിൻ്റെ കുറവ് ക്ഷീണം, വിശപ്പില്ലായ്മ, മലബന്ധം എന്നിവയ്ക്കൊപ്പം എപ്പോഴും തണുപ്പ് അനുഭവപ്പെടുന്നതിനും വഴിവെക്കും.

അനീമിയ ഉള്ളവരിലും ശരീരം എപ്പോഴും തണുത്തിരിക്കുന്ന അവസ്ഥ കാണപ്പെടാറുണ്ട്. ക്ഷീണം, ശ്വാസം മുട്ടൽ, തലവേദന എന്നിവയും അനീമിയയുടെ മറ്റ് ലക്ഷണങ്ങളാണ്. ഈ ലക്ഷണങ്ങൾ സ്ഥിരമായി അനുഭവപ്പെടുന്നുണ്ടെങ്കിൽ ഒരു ആരോഗ്യ വിദഗ്ദ്ധന്റെ ഉപദേശം തേടുന്നത് ഉചിതമാണ്.