ഷാമ്പൂ ഉപയോഗിച്ച് മുടി കഴുകുന്നവര്‍ ശ്രദ്ധിക്കുക. നിങ്ങള്‍ ശരിയായ രീതിയില്‍ തന്നെയാണോ മുടി വൃത്തിയാക്കുന്നത്. എത്ര തവണ മുടി ഷാമ്പൂ ഉപയോഗിച്ച് കഴുകണം എങ്ങനെയാണ് മുടി സൂക്ഷിക്കേണ്ടത് തുടങ്ങിയ പല കാര്യങ്ങളും നമ്മള്‍ മനസിലാക്കേണ്ടതുണ്ട്. പല ആളുകളും ആഴ്ചയില്‍ ഒരിക്കലാണ് മുടി ഷാമ്പൂ ഉപയോഗിച്ച് വൃത്തിയാക്കുന്നത്. യു.കെയില്‍ വേനല്‍ക്കാലത്ത് ദിവസവും മുടി കഴുകണം എന്നാണ് പ്രമുഖ ഡോക്ടറായ പല്ലവി ബ്രാഡ്ഷാ നിര്‍ദ്ദേശിക്കുന്നത്.

ദിവസവും ഷാമ്പൂ ഉപയോഗിച്ച് മുടി കഴുകേണ്ട കാര്യമുണ്ടോ എന്ന് പലര്‍ക്കും സ്വാഭാവികമായ സംശയം ഉണ്ടാകാം. വേനല്‍ക്കാലത്ത്

യു.കെയിലുടനീളം പൂമ്പൊടിയുടെ അളവ് വളരെ കൂടുതലായിരിക്കും. നമ്മുടെ വസ്ത്രങ്ങളില്‍ പറ്റിപ്പിടിച്ചിരിക്കുന്നതുപോലെ, പൂമ്പൊടി നമ്മുടെ ശരീരത്തിലും മുടിയിലും നിലനില്‍ക്കും എന്നാണ് ബ്രാഡ്ഷാ വിശദീകരിക്കുന്നത്. അതിനാല്‍ നിങ്ങള്‍ പുറത്തു പോയാല്‍ മടങ്ങിയെത്തിയാല്‍ ഉടന്‍ തന്നെ മുടി നന്നായി കഴുകുകയും വസ്ത്രങ്ങള്‍ മാറ്റുകയും വേണം എന്നാണ് അവര്‍ ഉപദേശിക്കുന്നത്.

കാലാവസ്ഥാ നിരീക്ഷകര്‍ പറയുന്നതനുസരിച്ച്, ലണ്ടനിലും സൗത്ത് ഈസ്റ്റ് ഇംഗ്ലണ്ടിലും, ഇംഗ്ലണ്ടിന്റെ കിഴക്കന്‍ പ്രദേശങ്ങളിലും പൂമ്പൊടിയുടെ അളവ് വളരെ ഉയര്‍ന്ന തോതിലാണ് ഉളളത്. അടുത്ത ദിവസങ്ങളില്‍ ഇംഗ്ലണ്ട്, വെയില്‍സ്, വടക്കന്‍ അയര്‍ലന്‍ഡ് എന്നിവിടങ്ങളിലും ഇതിന്റെ അളവ് വര്‍ദ്ധിക്കും. ചര്‍മ്മം വരണ്ടുപോകുന്നത് ഒഴിവാക്കാന്‍ ചൂട് വെള്ളത്തിന് പകരം ഇളം ചൂടു വെള്ളമാണ് ഉപയോഗിക്കേണ്ടതെന്നും ഡോക്ടര്‍മാര്‍ നിര്‍ദ്ദേശിക്കുന്നു.

ഹൈപ്പോഅലോര്‍ജെനിക് സോപ്പുകളോ ഷാമ്പൂവോ ആണ് ഈ സമയത്ത് ഉപയോഗിക്കേണ്ടതും. ഉയര്‍ന്ന അളവില്‍ പൂമ്പൊടി കാണപ്പെടുന്ന ദിവസങ്ങളില്‍ വസ്ത്രങ്ങള്‍, കിടക്കവിരികള്‍ അല്ലെങ്കില്‍ തൂവാലകള്‍ പുറത്ത് തൂക്കിയിടുന്നത് കണ്ണുകളില്‍ ചൊറിച്ചിലും മൂക്ക് അടഞ്ഞുപോകുന്നതിനും കാരണമാകും എന്നാണ് അവര്‍ പറയുന്നത്.

നനഞ്ഞ തുണി ഒരു സ്പോഞ്ച് പോലെ പ്രവര്‍ത്തിക്കുകയും എല്ലാ പൂമ്പൊടികളെയും അത് വലിച്ചെടുക്കുകയും ചെയ്യും. വസ്ത്രങ്ങള്‍ ഉണങ്ങി കഴിഞ്ഞ് അത് ഉപയോഗിക്കുമ്പോള്‍ ആളുകള്‍ക്ക് വലിയ തോതില്‍ അലര്‍ജി ഉണ്ടാക്കും. ഇത്തരം ദിവസങ്ങളില്‍ തുണികള്‍ വീടിനുള്ളില്‍ തന്നെ ഉണക്കിയെടുക്കണം എന്നാണ് വിദഗ്ധര്‍ പറയുന്നത്.