- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഒരാൾ ആഴ്‌ച്ചയിൽ എത്ര മണിക്കൂർ എക്സർസൈസ് ചെയ്യണം? വെറുതെ നടന്നാൽ മതിയോ? ജിമ്മിൽ പോവേണ്ടത് ആവശ്യമാണോ? ഏത് സമയമാണ് എക്സർസൈസിന് കൂടുതൽ ഉചിതം? തടി കുറക്കാനും ആരോഗ്യം കാക്കാനും ശ്രമിക്കുന്നവർക്കായി
ആരോഗ്യമാണ് ഒരു മനുഷ്യന്റെ ഏറ്റവും വലിയ സമ്പത്തെന്ന് ആധുനിക ശാസ്ത്രം മാത്രമല്ല, വാമൊഴിയിൽ തലമുറകളിലൂടെ കൈമാറ്റം ചെയ്യപ്പെട്ട പഴംശീലുകളും പറയുന്നു. ആരോഗ്യം സംരക്ഷിക്കുക എന്നത് വലിയൊരു കാര്യം തന്നെയാണ്. 19 വയസ്സിനും 64 വയസ്സിനും ഇടയിൽ പ്രായമുള്ളവർ ദിവസേന സജീവമായിരുന്നാൽ മാത്രമെ ആരോഗ്യം സംരക്ഷിക്കാൻ കഴിയുകയുള്ളു എന്നും ശാസ്ത്രം പറയുന്നു.
ഇതിനായി, ആഴ്‌ച്ചയിൽ ഏറ്റവും ചുരുങ്ങിയത് 150 മിനിറ്റ് എങ്കിലും മിതമായ രീതിയിൽ എയ്റോബിക് പ്രവർത്തനങ്ങളിൽ ഏർപ്പെടേണ്ടതുണ്ട് എന്ന് സ്വീഡിഷ് ശാസ്ത്രജ്ഞർ പറയുന്നു. അതിവേഗതയിലുള്ള നടത്തം (ബ്രിസ്‌ക് വാക്കിങ്), സൈക്ലിങ് എന്നിവയിൽ ഏതുമാകാം അത്. അതുപോലെ, കാലുകൾ, നടുവ്, പുറം ഭാഗം, ഉദരം, നെഞ്ച്, കൈകൾ എന്നിവയുമായി ബന്ധപ്പെട്ട, അല്പം കാഠിന്യം കൂടിയ എക്സർസൈസുകൾ ആഴ്‌ച്ചയിൽ രണ്ടു ദിവസം ചെയ്യുകയും വേണം.
അതല്ലെങ്കിൽ എല്ലാ ആഴ്‌ച്ചയിലും അല്പം തീവ്രമായ എയ്റോബിക് പ്രവർത്തനങ്ങൾ (ഓടുക, അല്ലെങ്കിൽ ടെന്നീസ് കളിക്കുക തുടങ്ങിയവ ) 75 മിനിറ്റ് ചെയ്യണമെന്നും കാഠിന്യമേറിയ എക്സ4ർസൈസുകൾ ആഴ്‌ച്ചയിൽ 2 അല്ലെങ്കിൽ അതിൽ കൂടുതൽ ദിവസങ്ങളിൽ ചെയ്യണമെന്നും ശാസ്ത്രജ്ഞർ പറയുന്നു.
സാധാരണയായി അതിരാവിലെ കായിക വ്യായാമത്തിനായി ഇറങ്ങുന്നവർ ഉണ്ട്. എന്നാൽ, എല്ലാവർക്കും അതിന് കഴിഞ്ഞു എന്ന് വരില്ല. എന്നാൽ ഇപ്പോൾ സ്വീഡിഷ് ശാസ്ത്രജ്ഞന്മാർ വിശ്വസിക്കുന്നത് അതിരാവിലെയുള്ള വ്യായാമമാണ്ഭാരം കുറയ്ക്കാൻ ഉത്തമം എന്നാണ്. എലികളിൽ നടത്തിയ പരീക്ഷണമാണ് ഇത്തരമൊരു നിഗമനത്തിൽ എത്താൻ കാരണം.
രാവിലെയോ വൈകുന്നേരമോ ഓടാൻ നിർബന്ധിക്കപ്പെട്ട ഒരു പറ്റം എലികളുടെ ജൈവശാസ്ത്രപരമായ പ്രക്രിയകളിൽ ആയിരുന്നു അവർ പഠനം നടത്തിയത്. ആദ്യത്തെ സജീവസമയങ്ങളിൽ, അതായത് മനുഷ്യനുമായി താരതമ്യം ചെയ്യുമ്പോൽ പ്രഭാതങ്ങളിൽ, ഓടിയ എലികളിലായിരുന്നു കൂടുതൽ ശക്തമായ മെറ്റബോളിസം ദൃശ്യമായത്.
വ്യായാമം ചെയ്യുമ്പോൾ ആരോഗ്യത്തെ വിവിധ രീതികളിൽ മെച്ചപ്പെടുത്തുന്ന സിഗ്നലിങ് തന്മാത്രകളെ ശരീരം പുറത്ത് വിടുന്നു. കൂടുതൽ മെച്ചപ്പെട്ട ഉറക്കം, ഓർമ്മശക്തി, പ്രകടനം, മെറ്റബോളിസം എന്നിവയൊക്കെ ഇതിന്റെ ഫലമായി ഉണ്ടാകുന്നതാണ്. എലികളിൽ, അവയുടെ വിവിധ അവയവങ്ങളിൽ വ്യായാമത്തിന്റെ ഫലമായി ഈ സിഗ്നലിങ് തന്മാത്രകൾ എപ്രകാരം പുറത്തു വിടപ്പെടുന്നു എന്നത് ശാസ്ത്രജ്ഞർ നിരീക്ഷിച്ചു. അതോടൊപ്പം അവ എക്സർസൈസ് ചെയ്തിരുന്ന സമയവും താരതമ്യ പഠനത്തിൽ കണക്കിലെടുത്തിരുന്നു.
ഒരു കൂട്ടം എലികളെ രാവിലെ ട്രെഡ് മില്ലിൽ വ്യായാമത്തിന് വിധേയമാക്കിയപ്പോൾ മറ്റൊരു കൂട്ടത്തെ വൈകുന്നേരമായിരുന്നു സമാന അളവിലുള്ള വ്യായാമത്തിന് വിധേയമാക്കിയത്. പിന്നീട്, അവയുടെ തലച്ചോർ, ഹൃദയം, മാംസപേശികൾ, കരൾ, ശരീരത്തിലെ കൊഴുപ്പ്, രക്തം എന്നിവ പരിശോധനക്ക് വിധേയമാക്കി. നാഷണൽ അക്കാദമി ഓഫ് സയൻസിന്റെ ജേർണലിൽ ഈ ഗവേഷണ ഫലം പ്രസിദ്ധീകരിക്കുകയും ചെയ്തു.
ശരീരത്തിൽ നടക്കുന്ന ചിന്ത, ശ്വസനം, ചലനം തുടങ്ങിയ പ്രക്രിയകളാണ് നാം കഴിക്കുന്ന ഭക്ഷണത്തിൽ നിന്നും എത്ര ഊർജ്ജം ഉപയോഗിക്കപ്പെടണം എന്ന് തീരുമാനിക്കുന്നത്. മറ്റൊരു വിധത്തിൽ പറഞ്ഞാൽ എത്ര മാത്രം കലോറികൾ ഉപയോഗിക്കപ്പെടണം എന്ന് തീരുമാനിക്കുന്നത്. മെറ്റബോളിസം ഉയർന്ന തോതിലാകുമ്പോൾ കൂടുതൽ കലോറികൾ ഉപയോഗിക്കപ്പെടും. അങ്ങനെ ശരീര ഭാരം കുറയ്ക്കാൻ കഴിയും.
ഇപ്പോൾ നടത്തിയ പരീക്ഷണത്തിൽ തെളിഞ്ഞത് രാവിലെ എക്സർസൈസ് ചെയ്യുമ്പോഴാണ് വൈകുന്നേരത്തിലേതിനേക്കാൾ അധികമായി കലോറി ഉപയോഗിക്കപ്പെടുന്നത് എന്നാണ്. യൂണിവേഴ്സിറ്റി ഓഫ് കോപ്പൻഹേഗിൽ നിന്നുള്ള ശാസ്ത്രജ്ഞരും ഈ ഗവേഷണത്തിൽ പങ്കാളികൾ ആയിരുന്നു. ടൈപ്പ് 2 പ്രമേഹം ഉള്ളവർക്ക് ഉൾപ്പടെ കൂടുതൽ മെച്ചപ്പെട്ട കായിക വ്യായാമങ്ങൾ നിർദ്ദേശിക്കാൻ ഈ കണ്ടുപിടുത്തം സഹായിക്കും എന്ന് അവർ വിശ്വസിക്കുന്നു.
മറുനാടന് ഡെസ്ക്