- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പലതരം സുഗന്ധ വ്യഞ്ജനങ്ങള്‍ എന്നിവ കൊണ്ട് മാരിനേറ്റ് ചെയ്ത ഡീപ്-ഫ്രൈഡ് എന്ന് വിശേഷണം; ഒരു വര്‍ഷത്തിനുള്ളില്‍ കുതിച്ചത് പത്തില്‍ നിന്ന് മൂന്നാം സ്ഥാനത്തേക്ക്; ബെസ്റ്റ് ഫ്രൈഡ് ചിക്കന്‍ പട്ടികയില്‍ ആഗോളതലത്തില്‍ മൂന്നാം സ്ഥാനത്ത് ഇന്ത്യയുടെ ചിക്കന്‍ 65
ബെസ്റ്റ് ഫ്രൈഡ് ചിക്കന്‍ പട്ടികയില്‍ ആഗോളതലത്തില്‍ മൂന്നാം സ്ഥാനത്ത് ഇന്ത്യയുടെ ചിക്കന്‍ 65
മുംബൈ: നോണ്‍ വെജിറ്റേറിയന്‍ കഴിക്കുന്നവരില്‍ ഭൂരിഭാഗം പേരുടെയും പ്രിയപ്പെട്ട വിഭവമാണ് ചിക്കന്‍.അതിനാല്‍ തന്നെ ഏറ്റവും കൂടുതല്‍ രുചി പരീക്ഷണങ്ങള്‍ നടക്കുന്നതും ചിക്കനിലാണെന്ന് പറഞ്ഞാല്‍ അതിശയോക്തിയാവില്ല.ലോകത്തിന്റെ പല ഭാഗങ്ങളില്‍ പല തരത്തിലുള്ള ചിക്കന്‍ വിഭവങ്ങളുണ്ട്.പല തരത്തിലുള്ള ഫ്രൈഡ് ചിക്കന്‍ വിഭവങ്ങളും പലയിടങ്ങളിലുമുണ്ട്.ഇതിനെ അടിസ്ഥാനമാക്കിയാണ് ജനപ്രിയ ഫുഡ് ആന്‍ഡ് ട്രാവല്‍ ഗൈഡായ ടേസ്റ്റ് അറ്റ്ലസ് റാങ്ക് പട്ടിക തയ്യാറാക്കുന്നത്.ടേസ്റ്റ് അറ്റ്ലസിന്റെ പുതിയ റാങ്ക് പട്ടിക അനുസരിച്ച് ഇന്ത്യക്കാര്‍ക്ക് ഏറെ സന്തോഷമുള്ള ഒരു വിവരമാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്.
ഇന്ത്യയുടെ സ്വന്തം ചിക്കന്‍ 65 ആഗോളതലത്തില്‍ കൂടുതല്‍ പ്രശസ്തിയിലേക്കുയര്‍ന്നിരിക്കുന്നു.ടേസ്റ്റ് അറ്റ്‌ലസ് പുറത്തുവിട്ട പട്ടികയില്‍ ഇത്തവണ മൂന്നാം സ്ഥാനത്താണ് ചിക്കന്‍ 65.കഴിഞ്ഞ വര്‍ഷം ആഗസ്തില്‍ പുറത്തിറക്കിയ പട്ടികയില്‍ പത്താമതായിരുന്നു ഈ വിഭവത്തിന്റെ സ്ഥാനം.ലോകത്ത് ഏറ്റവും പ്രചാരത്തിലുള്ള വിവിധ ഫ്രൈഡ് ചിക്കന്‍ ഡിഷുകളുടെ പട്ടികയിലാണ് ആദ്യ പത്തില്‍ ചിക്കന്‍ 65 ഇടംപിടിച്ചത്. 2024 ഡിസംബറില്‍ പുറത്തിറക്കിയ റാങ്കിങ് പ്രകാരം ഈ വിഭാഗത്തില്‍ ആദ്യപത്തില്‍ ഉള്‍പ്പെട്ട ഒരേയൊരു ഇന്ത്യന്‍വിഭവമാണിത്.
ഇഞ്ചി,നാരങ്ങ, ചുവന്ന മുളക്, കൂടാതെ മറ്റു പലതരം സുഗന്ധവ്യഞ്ജനങ്ങള്‍ എന്നിവ കൊണ്ട് മാരിനേറ്റ് ചെയ്ത ഡീപ്-ഫ്രൈഡ് ചിക്കന്‍ എന്നാണ് ടേസ്റ്റ് അറ്റ്‌ലസ് ചിക്കന്‍ 65 യെ വിശേഷിപ്പിച്ചിരിക്കുന്നത്.1960 മുതല്‍ തമിഴ്‌നാട്ടില്‍ പ്രചാരത്തിലുള്ള വിഭവമാണിതെന്നും ടേസ്റ്റ് അറ്റ്‌ലസ് പറയുന്നു.ഏഷ്യന്‍ രാജ്യങ്ങളില്‍ നിന്നുള്ള വിഭവങ്ങളാണ് പട്ടികയില്‍ ആദ്യസ്ഥാനങ്ങളിലുള്ളത്.ടേസ്റ്റ് അറ്റ്‌ലസിന്റെ പട്ടികയില്‍ ഒന്നാമത് സൗത്ത് കൊറിയന്‍ വിഭവമായ ചിക്കിന്‍ ആണ്. ജപ്പാന്റെ കാരേജ് രണ്ടാമതും.
ടേസ്റ്റ് അറ്റ്‌ലസിന്റെ 50 മികച്ച ബീന്‍ ഡിഷസ് പട്ടികയില്‍ ഇന്ത്യയുടെ രാജ്മ ഇടം നേടിയിരുന്നു.2014 നവംബറിലാണ് ഈ പട്ടിക പ്രസിദ്ധീകരിച്ചത്.
പേരിലെ കൗതുകവും കഥയിലെ വൈവിധ്യവും
ചിക്കന്‍ 65 എന്ന പേരിനെച്ചൊല്ലി നിരവധി കഥകളാണ് പ്രചാരത്തിലുള്ളത്.വിഭവത്തില്‍ ഉപയോഗിക്കുന്ന ചേരുവകള്‍ കൊണ്ടാണെന്ന് പലര്‍ക്കും തെറ്റിദ്ധാരണയുണ്ട്.ചരിത്രവുമായി ചേര്‍ത്തുനിര്‍ത്തിയാണ് അവയില്‍ പല കഥകളും പ്രചരിക്കുന്നതെങ്കിലും അവയുടെയൊന്നും വിശ്വാസ്യത എത്രത്തോളമാണെന്ന് അറിയില്ല.ചിക്കന്‍ 65 കഷണങ്ങളാക്കി പാചകം ചെയ്യുന്നത് കൊണ്ടാണെന്നും അതല്ല 65 ഇനം ചേരുവകള്‍ ചേര്‍ത്തുണ്ടാക്കുന്നത് കൊണ്ടാണ് ആ പേര് വന്നത് എന്നുമൊക്കെയാണ് കഥകള്‍.
നിലവില്‍ ചിക്കന്‍ 65-നെക്കുറിച്ചുള്ള കഥകളില്‍ ചിലത് പരിശോധിക്കാം. തമിഴ്‌നാടുമായി ബന്ധപ്പെട്ടുള്ളവയാണ് ഈ കഥകളില്‍ ഭൂരിഭാഗവും. 1965-ല്‍ ചെന്നൈയിലെ ബുഹാരി റസ്റ്റോറന്റിലാണ് ചിക്കന്‍ 65 എന്ന വിഭവത്തിന്റെ പിറവി എന്നാണ് പൊതുവെ പറയപ്പെടുന്നത്. അതുകൊണ്ടാണ് ഈ വിഭവത്തിന് ചിക്കന്‍ 65 എന്ന പേര് വന്നതത്രേ.
ഇതു കൂടാതെ ബുഹാരി റസ്റ്റോറന്റില്‍ ചിക്കന്‍ 78, ചിക്കന്‍ 82, ചിക്കന്‍ 90 എന്നിവയും ലഭ്യമാണ്. ഈ വിഭവങ്ങള്‍ക്കും ആ പേര് ലഭിച്ചത് അവ ഹോട്ടലില്‍ ആദ്യമായി ഉണ്ടാക്കിയ 1978, 1982, 1990 എന്നീ വര്‍ഷങ്ങളെ അടിസ്ഥാനമാക്കിയാണ് എന്നതാണ് മറ്റൊരു രസകരമായ വാദം.
എന്നാല്‍ ഇതൊന്നുമല്ല, ചിക്കന്‍ 65 ഉണ്ടാക്കുന്നതിന് ആവശ്യമായ ചേരുവകള്‍ തയ്യാറാക്കുന്നതിനും മറ്റുമായി 65 ദിവസത്തോളം വേണ്ടിവരും. ഇങ്ങനെ 65 ദിവസമെടുത്ത തയ്യാറാക്കുന്നതുകൊണ്ടാണ് ഈ വിഭവത്തിന് ചിക്കന്‍ 65 എന്നു പേരു വന്നത് എന്നുമാണ് മറ്റൊരു വാദം.65 വ്യത്യസ്തതരം ചേരുവകള്‍ ചേര്‍ത്തു തയ്യാറാക്കുന്നത് കൊണ്ടാണ് ചിക്കന്‍ 65-ന് ആ പേരു വന്നത് എന്നതാണ് മറ്റൊരു കഥ. ജനിച്ച് 65 ദിവസമായ കോഴിയെ വച്ച് തയ്യാറാക്കുന്ന വിഭവമായത് കൊണ്ടാണ് ഇതിന് ചിക്കന്‍ 65 എന്ന പേരു വന്നത് എന്നതാണ് മറ്റൊരു കഥ.
എന്നാല്‍ ഏറ്റവും രസകരമായ കഥ ഇതൊന്നുമല്ല, ദക്ഷിണേന്ത്യയില്‍ ജോലി ചെയ്തിരുന്ന ഉത്തരേന്ത്യക്കാരായ പട്ടാളക്കാരുമായി ബന്ധപ്പെട്ടാണ് ഈ കഥ. മിലിട്ടറി കാന്റീനിലെ തമിഴ് മെനു വായിക്കാനറിയാത്ത പട്ടാളക്കാര്‍ വിഭവത്തിന്റെ നേരെയുള്ള അക്കങ്ങള്‍ പറഞ്ഞാണ് അവര്‍ക്കു വേണ്ടുന്ന വിഭവങ്ങള്‍ ഓര്‍ഡര്‍ ചെയ്തിരുന്നത്.
65-ാം അക്കത്തിനു നേരെയുള്ള വിഭവത്തിനാണ് അവിടെ ഏറ്റവും കൂടുതല്‍ ഓര്‍ഡര്‍ ലഭിച്ചിരുന്നത്. ഓര്‍ഡര്‍ ചെയ്യാനുള്ള എളുപ്പത്തിന് എല്ലാവരും ആ വിഭവത്തെ 65-ാമത്തെ വിഭവം എന്നു വിളിച്ചു ശീലിച്ചു. അങ്ങനെ ഒടുക്കം ചിക്കന്‍ വച്ചുണ്ടാക്കുന്ന ആ 65-ാമത്തെ വിഭവത്തിന് ചിക്കന്‍ 65 എന്നു തന്നെ പേരു വീഴുകയും ചെയ്തു എന്നാണ് കഥ.
രുചിയിലെ വൈവിധ്യങ്ങള്‍
ദക്ഷിണേന്ത്യയിലുടനീളം ചിക്കന്‍ 65 എന്ന വിഭവം നിരവധി രുചിയിലും രീതികളിലുമാണ് ലഭിക്കുക. കര്‍ണ്ണാടകയില്‍ വിഭവം വറുത്ത തേങ്ങ കൊണ്ടാണ് അലങ്കരിക്കുന്നത്. അതേസമയം ആന്ധ്രാപ്രദേശില്‍ ചിക്കന്‍ വറുക്കുന്നതിന് പകരം സാധാരണ രീതിയില്‍ വേവിച്ചാണുണ്ടാക്കുന്നത്. കൂടാതെ ചട്‌നിയോടൊപ്പമാണ് ചിക്കന്‍ 65 ആന്ധ്രയില്‍ വിളമ്പുന്നത്.