ലോകത്ത് ഒരുപാട് പേരുദോഷം നേടിയ ഒരു ഭക്ഷണ വസ്തുവാണ് കോഫി. ക്ഷീണിച്ച് വരുന്ന ഒരാള്‍ക്ക് ഒരു കപ്പ് കോഫി കുടിക്കാന്‍ കഴിഞ്ഞാല്‍ ക്ഷീണമെല്ലാം പമ്പ കടക്കുമെന്നതാണ് സത്യം. എന്നാല്‍ കോഫിയില്‍ വിഷാംശം ഉണ്ടെന്നും അത് ആരോഗ്യത്തിന് ഹാനികരമാണെന്നും പലപ്പോഴായി നമ്മള്‍ പറഞ്ഞ് കേട്ടിട്ടുണ്ട്്.

ഇപ്പോള്‍ ക്യാന്‍സറുമായി ബന്ധപ്പെട്ടാണ് കോഫിയുടെ ചില പുതിയ വാര്‍്ത്തകള്‍ സജീവമാകുന്നത്. ചിലയിനം കോഫി കുടിച്ചാല്‍ ക്യാന്‍സര്‍ വരുമെന്നും മറ്റ് ചില കോഫി ആരോഗ്യത്തിന് അത്യുത്തമം എന്നുമാണ് ഗവേഷകര്‍ പറയുന്നത്. ബ്രിട്ടനില്‍ ഏറ്റവുമധികം കുടിക്കുന്നത് ഇന്‍സ്റ്റന്റ് കോഫിയാണ്. എന്നാല്‍ സ്ഥിരമായി ഇത് കുടിക്കുന്നത് ചിലതരം ക്യാന്‍സറിന് കാരണമായേക്കും എന്നാണ് പറയപ്പെടുന്നത്.

കാപ്പി പൊടിക്കുന്നതിന് മുന്നോടിയായി ചൂടാക്കുമ്പോള്‍ ചേര്‍ക്കുന്ന അക്രിലമൈഡ് ആരോഗ്യത്തിന് ദോഷം വരുത്തുമെന്നാണ് കണ്ടെത്തല്‍. ഇന്റര്‍നാഷണല്‍ ഏജന്‍സി ഫോര്‍ റിസര്‍ച്ച് ഓണ്‍ ക്യാന്‍സര്‍ എന്ന സംഘടനയാണ് ഇത് സംബന്ധിച്ച വിവരങ്ങള്‍ പുറത്ത് വിട്ടിരിക്കുന്നത്. നേരത്തേ മൃഗങ്ങളില്‍ നടത്തിയ പരീക്ഷണങ്ങളില്‍ അക്രിലമൈഡ് ശ്വാസകോശത്തിനും ജനനേന്ദ്രിയത്തിനും എല്ലാം ഹാനികരമാണെന്നാണ് കണ്ടെത്തിയിരിക്കുന്നത്. ഫുഡ് സ്റ്റാന്‍ഡേര്‍ഡ്സ് എജന്‍സിയും പറയുന്നത് ഇത് മനുഷ്യനിലും അര്‍ബുദ ബാധക്ക് കാരണമാകും എന്നാണ്.

സാധാരണ കോഫിയെക്കാള്‍ രണ്ട്, മടങ്ങ് അക്രലമൈഡ് ഇന്‍സ്റ്റന്റ് കോഫിയില്‍ അടങ്ങിയിട്ടുണ്ട് എന്നാണ് പോളണ്ടില്‍ 2013 മുതല്‍

നടക്കുന്ന പരീക്ഷണങ്ങള്‍ തെളിയിക്കുന്നത്. 42 ഇനം സാമ്പിളുകളാണ് അവര്‍ പരിശോധിച്ചത്. ഇവയില്‍ പത്ത് ഇനങ്ങള്‍ ഇന്‍സ്റ്റന്റ് കോഫി ആയിരുന്നു. ദിവസവും 10 കപ്പ് ഇന്‍സ്റ്റന്‍ര് കോഫി കുടിക്കുന്ന ഒരാളിന്റെ ആരോഗ്യ നില മോശമാകാന്‍ തന്നെയാണ് സാധ്യത. എന്നാല്‍ ഇന്‍സ്റ്റന്റ് കോഫിയില്‍ കൂടുതല്‍ ഓക്സിഡന്റുകള്‍ അടങ്ങിയിരിക്കുന്നത് കാരണം ശരീരകോശങ്ങള്‍ സംരക്ഷിക്കാന്‍ അതിന് കഴിയുമെന്നാണ് വേറൊരു സംഘം ഗവേഷകര്‍ പറയുന്നത്.

അതേ സമയം ദിവസവും രാവിലെ ഫില്‍ട്ടര്‍ കോഫി കുടിക്കുന്നത് ആരോഗ്യത്തിന് ഏറ്റവും ഉത്തമം ആണെന്നാണ് ഇപ്പോള്‍ കണ്ടുപിടിച്ചിരിക്കുന്നത്. ഹൃദ്രോഗത്തെ തടയാനും ഇതിന് കഴിയുമെന്നാണ് പറയപ്പെടുന്നത്. അഞ്ച് ലക്ഷം പേരില്‍ നടത്തിയ പരീക്ഷണങ്ങളില്‍ ദിവസവും നാല് കപ്പ് ഫില്‍ട്ടര്‍ കോഫി കുടിക്കുന്നത് ഹൃദയാരോഗ്യം വര്‍ദ്ധിക്കാന്‍ സഹായകമാകും എന്നാണ് കണ്ടെത്തിയിരിക്കുന്നത്. കപ്പൂചിനോ പോലെയുളള കോഫി കഴിക്കുന്നത് അള്‍ഷിമേഴ്സ് ബാധിക്കുന്നതിനെ തടയുമെന്നും ഗവേഷകര്‍ പറയുന്നു.

തലച്ചോറിലെ കോശങ്ങള്‍ നശ്ിച്ചു പോകാതിരിക്കാന്‍ ഇത് ഏറെ സഹായിക്കുമെന്നും അവര്‍ പറയുന്നു. എന്നാല്‍ അല്‍ഷിമേഴ്സ് സൊസൈറ്റി പോലെയുള്ള സംഘടനകള്‍ പറയുന്നത് ഈ പരീക്ഷണം എലികളില്‍ മാത്രമേ നടത്തിയിട്ടുള്ളൂ എന്നാണ്. അത് കൊണ്ട് ഇത് മനുഷ്യനില്‍ എത്രത്തോളം ഫലപ്രദമാകും എന്ന കാര്യത്തില്‍ ഉറപ്പ് പറയാന്‍ കഴിയില്ല എന്നാണ്.