- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഇടയ്ക്കിടെയുള്ള ഉപവാസം ഇപ്പോൾ ഒമദ് അഥവാ വൺ ഡേ എ മീൽ ആയി മാറിയിരിക്കുന്നു; ഹോളിവുഡ് താരങ്ങളും ബ്രിട്ടീഷ് പ്രധാനമന്ത്രിയും വരെ ഓമദിന്റെ പ്രചാരകർ; ഒരു ദിവസം ഒരു നേരം മാത്രം കഴിച്ചാൽ ആരോഗ്യം തകരില്ലെ?
ഇടയ്ക്കിടെ ഒരു ദിവസം ഉപവസിക്കുക എന്നത് ആരോഗ്യത്തിന് നല്ലതാണെന്ന സങ്കൽപം ആദികാലം മുതൽ തന്നെ ഉണ്ടായിരുന്നു. പല മതാചാരങ്ങളിലും ഉള്ള വ്രതങ്ങളും, ഉപവാസങ്ങളും ഒരിക്കലുകളും എല്ലാം അതിനനുസരിച്ച് രൂപപ്പെട്ടതാണെന്ന വാദവും ചിലർ ഉയർത്താറുണ്ട്. എന്നാൽ, അതൊക്കെ പഴയ കഥയായി മാറിയിരിക്കുന്നു. ശരീര ഭാരം കുറയ്ക്കാനും ശരീര സൗന്ദര്യം നിലനിർത്താനും ഹോളിവുഡ് താരങ്ങൾ അടക്കം പലരും ഇന്ന് ആശ്രയിക്കുന്നത് ഒമദ് (വൺ ഡേ എ മീൽ) എന്ന ഒരു ദിവസം ഒരു നേരം മാത്രം ഭക്ഷണം കഴിക്കുന്ന പുതിയ ആഹാരക്രമത്തെയാണ്.
പ്രശസ്ത താരം ക്രിസ് മാർട്ടിൻ ആണ് ഇപ്പോൾ ഇതിന്റെ പ്രധാന വക്താവ്. പ്രമുഖ റോക്കർ ബ്രൂസ് സ്പ്രിങ്സ്റ്റീനിൽ നിന്നാണ് താൻ ഇതേക്കുറിച്ച് അറിഞ്ഞതെന്നും അദ്ദേഹം പറയുന്നു. ഇപ്പോഴിതാ ബ്രിട്ടീഷ് പ്രധാനമന്ത്രി ഋഷി സുനകും ഈ ഭക്ഷണക്രമത്തിന്റെ ആരാധകനായി മാറിയിരിക്കുകയാണ്. ഡെയ്ലി മെയിൽ ആണ് ഇക്കാര്യം പുറത്ത് വിട്ടിരിക്കുന്നത്.
ഇപ്പോൾ 62 ൽ എത്തി നിൽക്കുന്ന മുൻ ഫുട്ബോൾ താരവും ടി വി അവതാരകനുമായ ഗാരി ലിനേക്കറും ഇപ്പോൾ ഈ ഭക്ഷണ ക്രമത്തിലാണത്രെ ജീവിക്കുന്നത്. ഒരു ദിവസം ഒരു നേരം മാത്രമാണ് താൻ ഭക്ഷണം കഴിക്കുന്നതെന്ന് അദ്ദേഹവും വ്യക്തമാക്കിയിട്ടുണ്ട്. ശരീര ഭാരം വർദ്ധിക്കാതെ നിലനിർത്താൻ ഈ ഭക്ഷണ ക്രമം സഹായിക്കും എന്നാണ് ഇതിന്റെ ആരാധകർ പറയുന്നത്. എന്നാൽ, ആരോഗ്യ രംഗത്തെ വിദഗ്ദ്ധർ പറയുന്നത് ഇത്തരത്തിലുള്ള ഭക്ഷണ ക്രമം ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങൾക്ക് ഇടയാക്കുമെന്നാണ്.
ഒരു ഉച്ച ഭക്ഷണസമയത്ത് റോക്കർ ബ്രൂസ് സ്പ്രിങ്സ്റ്റണിന്റെ പത്നിയാണ് തന്നോട് ഈ പുതിയ ഭക്ഷണക്രമത്തെ കുറിച്ച് പറഞ്ഞതെന്ന് ക്രിസ് മാർട്ടിൻ പറയുന്നു. ഇത് പിന്തുടരുന്നതിനുള്ള മാർഗ്ഗ നിർദ്ദേശങ്ങളും അവർ തന്നെയാണ് നൽകിയതത്രെ. ഈ പുതിയ ഭക്ഷണ ക്രമം ഏറെ പ്രയോജനം ചെയ്യുന്നുവെന്നാണ് അദ്ദേഹം സാക്ഷ്യപ്പെടുത്തുന്നത്.
ഇടക്കിടെയുള്ള ഉപവാസം തന്നെയാണ് നല്ലതെന്ന് ആരോഗ്യ വിദഗ്ദ്ധർ പറയുന്നു. ഒരു ദിവസം ഒരുനേരം മാത്രം ഭക്ഷണം എന്നത് ഭാവിയിൽ ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങൾക്ക് ഇടയാക്കിയേക്കാം എന്നും അവർ മുന്നറിയിപ്പ് നൽകുന്നു. എന്നാൽ, വിലക്കയറ്റവും സാമ്പത്തിക മാന്ദ്യവും തുറിച്ചു നോക്കുന്ന ഈ ലോകത്ത് ഒരു നേരം പോലും ഭക്ഷണം കഴിക്കാൻ കഴിയാത്ത ലക്ഷക്കണക്കിന് പേർ ഉണ്ടെന്ന വസ്തുത മറക്കരുതെന്ന് മറ്റു ചിലർ ഓർമ്മിപ്പിക്കുന്നു.
പുതിയ ഭക്ഷണക്രമത്തിന്റെ പേരിൽ വി ഐ പികൾ ഉപേക്ഷിക്കുന്ന ഭക്ഷണം അത് ഇല്ലാത്തവർക്ക് ലഭ്യമാക്കിയാൽ നല്ലതാണെന്നും അവർ പറയുന്നു.
മറുനാടന് മലയാളി ബ്യൂറോ