ലണ്ടൻ: ഔദ്യോഗിക കണക്കുകൾ പറയുന്നത് ബ്രട്ടനിൽ മദ്യപാനം മൂലമുള്ള മരണങ്ങളുടെ എണ്ണം എക്കാലത്തെയും റെക്കോർഡിൽ എത്തി നിൽക്കുന്നു എന്നാണ്. ഏറെ ആശങ്കയുയർത്തുന്നത് മദ്ധ്യ വയസ്‌കരായ വനിതകൾക്കിടയിൽ മദ്യപാനം മൂലം മരണമടയുന്നവരുടെ എണ്ണം കുതിച്ചുയർന്നു എന്നതാണ്. സ്ത്രീകളെ ഉന്നം വയ്ക്കുന്ന ബ്രാൻഡുകളുടെ സമാർത്ഥമായ വിപണനതന്ത്രങ്ങൾ ഈ പ്രവണത വർദ്ധിക്കാൻ സഹായകരമായി എന്നും വിശ്വസിക്കുന്നു.

സ്ഥിതി വിവരക്കണക്കുകൾ വിശകലനം ചെയ്ത വിദഗ്ദ്ധർ പറയുന്നത് കോവിഡ് കാല നിയന്ത്രണങ്ങൾ പുരുഷന്മാരിലും സ്ത്രീകളിലും മദ്യപാന പ്രവണത വർദ്ധിപ്പിച്ചു എന്നാണ്. മദ്യപാനം മൂലമുള്ള മരണങ്ങൾ വർദ്ധിച്ചു വരുന്നത് അടിയന്തിര ശ്രദ്ധ ആകർഷിക്കുന്ന വിഷയമാണെന്ന് ചാരിറ്റികളും പറയുന്നു. ഈ നിരക്കിൽ അവ വർദ്ധിക്കുന്നത് അനുവദിക്കാൻ കഴിയില്ല എന്നാണ് ഒരു ചാരിറ്റി സംഘടനയുടെ വക്താവ് പറഞ്ഞത്.

പതിറ്റാണ്ടുകളായി വാർദ്ധിച്ചു വരുന്ന ഒന്നാണ് മദ്യപാനം മൂലമുള്ള മരണങ്ങളുടെ എണ്ണം. എന്നാൽ 2020 മാർച്ച് മുതൽ മുൻപത്തിലേതിനേക്കാൾ വേഗതയിലാണ് ഇത് കുതിച്ചുയരുന്നത്. ആദ്യത്തെ ദേശീയ ലോക്ക്ഡൗൺ പ്രാബല്യത്തിൽ വന്നതിനു ശേഷം സ്ഥിതിഗതികൾ വഷളാവുകയായിരുന്നു. 2022 ൽ മാത്രം ബ്രിടനിലാകമാനം 10,000 ൽ ്യുഏറെ പേരാണ് മദ്യപാനം മൂലം മരണമടഞ്ഞത് എന്ന് ഓഫീസ് ഫോർ നാഷണൽ സ്റ്റാറ്റിസ്റ്റിക്സിന്റെ കണക്കുകൾ വ്യക്തമാക്കുന്നു.

കോവിഡ് പൂർവ്വകാലാത്തിലേതിനെ അപേക്ഷിച്ച് 32.8 ശതമാനത്തിന്റെ വർദ്ധനവാണ് ആ വർഷം ഇക്കാര്യത്തിൽ ഉണ്ടായത്. ഇതേ കാലയളവിൽ, സ്ത്രീകളെ മാത്രം പരിഗണിച്ചാൽ മദ്യപാനം മൂലമുണ്ടായ മരണനിരക്കിലെ വർദ്ധനവ് 37 ശതമാനമാണ്. പുരുഷന്മാരുടേത് 31 ശതമാനവും. മിക്ക മരണങ്ങൾക്കും കാരണമായത് ദീർഘകാല മദ്യപാനമാണ്. ഇതുമൂലമുണ്ടാകുന്ന കരൾ രോഗങ്ങളായിരുന്നു 76 ശതമാനം മരണാങ്ങൾക്കും കാരണമായത്.

അറിയാതെയോ, മനപ്പൂർവ്വമോ മദ്യത്തിൽ വിഷം കലർന്നതോ കലർത്തിയതോ കാരണം ഈ കാലയളവിൽ 500 മരണങ്ങൾ സംഭവിച്ചിരുന്നു. ഇത് മൊത്തം മരണങ്ങളുടെ 5.2 ശതമാനം മാത്രമെ വരികയുള്ളു. മദ്യവുമായി ബന്ധപ്പെട്ട ചില മരണങ്ങൾ (കാൻസർ മൂലമുള്ളത് ഉൾപ്പടെ) ഒ എൻ എസ്സിന്റെ കണക്കിൽ ഉൾപ്പെട്ടിട്ടില്ല എന്നതും ശ്രദ്ധിക്കേണ്ട കാര്യമാണ്.

കോവിഡ് കാല നിയന്ത്രണങ്ങൾ ബ്രിട്ടനിലെ മദ്യപാന ശീലം വഷളാക്കിയതായി സാമൂഹ്യ ശാസ്ത്രജ്ഞർ പറയുന്നു. മടുപ്പ്, മദ്യപിക്കുവാൻ ധാരാളം സമയം, ഉത്കണ്ഠമൂലമുള്ള ആധി എന്നിവ ലോക്ക്ഡൗൺ കാലത്ത് മദ്യപാനം വർദ്ധിക്കാൻ ഇടയാക്കിയതായി നിരവധി സർവ്വേകൾ ചൂണ്ടിക്കാട്ടിയിരുന്നു. ഇപ്പോൾ പുറത്തു വന്നിരിക്കുന്ന കണക്കുകൾ ആശങ്കപ്പെടുത്തുന്നതാണെന്ന് യൂണിവേഴ്സിറ്റി ഓഫ് യോർക്കിലെ പ്രൊഫസർ ഓഫ് അഡിക്ഷൻ ഇയാൻ ഹാമിൽട്ടൺ പറയുന്നു.

മാനസിക സമ്മർദ്ദം വർദ്ധിപ്പിക്കുന്ന പുതിയ തൊഴിൽ സംസ്‌കാരത്തിൽ കൂടുതൽ സമയം ജോലി ചെയ്യേണ്ടി വരുന്നത് പലരെയും മദ്യത്തിലേക്ക് തിരിക്കുന്നതായി വിദഗ്ദ്ധർ അനുമാനിക്കുന്നു. സ്ത്രീകൾക്ക് സാമ്പത്തിക സ്വാതന്ത്ര്യം കൈവരിക്കാൻ ആയത് സ്ത്രീകളിലെ മദ്യപാനം വർദ്ധിക്കാൻ ഇടയാക്കിയിട്ടുണ്ടെന്നും ഇവർ പറയുന്നു. എന്നാൽ മറ്റു ചിലർ ഇതിനെ കുറ്റപ്പെടുത്തുന്നത് മദ്യകമ്പനികളുടെ വിപണന തന്ത്രങ്ങളെയാണ്. സ്ത്രീകളെ ലക്ഷ്യം വച്ചുകൊണ്ടുള്ള മദ്യ പരസ്യങ്ങൾ വർദ്ധിച്ചത് ഇവർ ചൂണ്ടിക്കാട്ടുന്നു.