- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
29 ശതമാനത്തിന് ഒന്നിലേറെ അവയവങ്ങൾക്കും ഹാനി; ഇത് ഞെട്ടിപ്പിക്കുന്ന റിപ്പോർട്ട്
വൈറസിന്റെ പുതിയ തരംഗങ്ങൾ ആഗോളാടിസ്ഥാനത്തിൽ തന്നെ തലപൊക്കാൻ തുടങ്ങിയതോടെ ദീർഘകാല കോവിഡിന്റെ പ്രത്യാഘാതങ്ങളെ കുറിച്ച് വിദഗ്ദ്ധർ പഠനം ആരംഭിച്ചു. ദീർഘകാല കോവിഡ് ബാധിച്ചവരുടെ ശരീരികാവയവങ്ങൾ പ്രവർത്തന രഹിതമാകുന്നു എന്നാണ് കണ്ടെത്തിയത് എന്ന് റിപ്പോർട്ടുകൾ പറയുന്നു. ആദ്യകാലങ്ങളിൽ ഗുരുതരമായ രോഗം ബാധിക്കാത്തവരിൽ പോലും ഇത് കണ്ടെത്തുന്നു എന്നാണ് റിപ്പോർട്ടുകൾ പറയുന്നത്.
റോയൽ സൊസൈറ്റി ഓഫ് മെഡിസിനിലാണ്, 536 ദീർഘകാല കോവിഡ് രോഗികളിൽ നടത്തിയ പഠനത്തിന്റെ ഫലം പ്രസിദ്ധീകരിച്ചിരിക്കുന്നത്. അതിൽ 59 ശതമാനം പേരിൽ ഏതെങ്കിലും ഒരു അവയവം പ്രവർത്തന രഹിതമായി കണ്ടെത്തി. ആദ്യമായി ലക്ഷണങ്ങൾ പ്രദർശിപ്പിച്ചതിന് ശേഷം ഒരു വർഷത്തിനുള്ളിലാണ് ഇത് സംഭവിച്ചിരിക്കുന്നത്. 29 ശതമാനം പേരിൽ ഒന്നിലധികം അവയവങ്ങൾ പ്രവർത്തന രഹിതമാവുകയും ചെയ്തിട്ടുണ്ട്.
ആറു മാസം മുതൽ പന്ത്രണ്ട് മാസത്തിനുള്ളിൽ ലക്ഷണങ്ങൾ ശമിച്ചു വന്നെങ്കിൽ പോലും ദീർഘകാല കോവിഡ് ശരീരത്തിന്റെ ആരോഗ്യ നിലയിൽ കനത്ത ആഘാതമാണ് ഏല്പിക്കുന്നത്. 536 രോഗികളിൽ 331 പേർക്ക് (62 ശതമാനം) ആദ്യമായി കോവിഡ് സ്ഥിരീകരിച്ചതിന് ശേഷം 6 മാസത്തിനുള്ളിൽ അവയവങ്ങൾ പ്രവർത്തന രഹിതമായതായി കണ്ടെത്തി.
വ്യക്തികളിൽ, പ്രത്യേകിച്ച് ആരോഗ്യ പ്രവർത്തകരിൽ, ദീർഘകാല കോവിഡ് ജീവിത നിലവാരത്തിലും ആരോഗ്യത്തിലും ഉണ്ടാക്കിയ ആഘാതം വ്യക്തികൾക്കും ആരോഗ്യ സംരക്ഷണ മേഖലയ്ക്കും അതുപോലെ സമ്പദ്ഘടനക്കും ഏറെ ആശങ്കയുളവാക്കുന്നതാണെന്ന് പഠനത്തിന് നേതൃത്വം നൽകിയ, യു സി എൽ ഇൻസ്റ്റിറ്റിയുട്ട് ഓഫ് ഹെൽത്ത് ഇൻഫോമാറ്റിക്സിലെ പ്രൊഫസർ അമിതാവ് ബാനർജി പറഞ്ഞു. പഠനവിധേയമാക്കിയ പല ആരോഗ്യ പ്രവർത്തകർക്കും, കോവിഡ് വരുന്നതിന് മുൻപ് കാര്യമായ ആരോഗ്യ പ്രശ്നങ്ങൾ ഒന്നും തന്നെ ഇല്ലായിരുന്നു.
അങ്ങനെ ആരോഗ്യ പ്രശ്നങ്ങൾ ഒന്നും തന്നെ ഇല്ലാതിരുന്ന 172 പേരിൽ 19 പേർ ഇപ്പോഴും കോവിഡ് ലക്ഷണങ്ങൾ പ്രദർശിപ്പിക്കുകയാണ്. മാത്രമല്ല, ചികിത്സയ്ക്കും മറ്റുമായി ശരാശരി 180 ദിവസങ്ങളോളം ജോലിയിൽ നിന്നും വിട്ടുനിൽക്കേണ്ടതായും വരുന്നു. ഇതോടെ, ഈ മാരക വൈറസ് ഒരിക്കൽ ബാധിച്ചാൽ ആജീവനാന്തകാലത്തോളം ഇരകളെ വലയ്ക്കും എന്ന ആശങ്കയും ശക്തമാവുകയാണ്.