തിരുവനന്തപുരം: കുറഞ്ഞ ചെലവിൽ ഒരു മിനിറ്റിനുള്ളിൽ രോഗനിർണയം നടത്തുന്ന ഡിജിറ്റൽ ഹെൽത്ത് കിയോസ്‌കുമായി വെർസിക്കിൾ ടെക്‌നോളജീസ് എന്ന മലയാളി സ്റ്റാർട്ടപ്. പ്രോഗ്‌നോസിസ് എന്നു പേരിട്ടിരിക്കുന്ന ഈ ഉപകരണം വിവിധ ഭാഷകളിൽ പ്രവർത്തിക്കും.

ടച്ച് സ്‌ക്രീനിലൂടെ ലഭിക്കുന്ന നിർദ്ദേശങ്ങൾക്കനുസരിച്ച് നല്കുന്ന വിവരങ്ങൾ കിയോസ്‌കിലെ സംവിധാനം നിർമ്മിത ബുദ്ധിയുടെ സഹായത്തോടെ വിശകലനം ചെയ്യും. രക്തസമ്മർദ്ദം, ഹൃദയാരോഗ്യം (ഇസിജി റീഡർ), ശരീരഭാരം എന്നിവ ഇതിലൂടെ അറിയാം. നിർമ്മിത ബുദ്ധി അടിസ്ഥാനമാക്കിയ ചാറ്റ് ബോട്ടിന്റെ നിർദ്ദേശത്തിനനുസരിച്ചാണ് രോഗി വിവരങ്ങൾ നൽകേണ്ടത്. രോഗിക്ക് ഇരിക്കാനുള്ള സംവിധാനവും ഇതിലുണ്ട്.

രോഗനിർണയം ഒരു മിനിറ്റിനുള്ളിൽ ലഭിക്കുമെന്നതിന് പുറമെ, പ്രാഥമിക പരിശോധനയിൽ എന്തെങ്കിലും താളപ്പിഴകൾ കാണുകയാണെങ്കിൽ ഉടൻ തന്നെ രോഗിക്ക് മുന്നറിയിപ്പും നൽകും. ടെലിഹെൽത്ത് സംവിധാനവുമായി ബന്ധിപ്പിച്ചിട്ടുള്ളതിനാൽ ഡോക്ടറെ നേരിട്ട് കാണാതെ തന്നെ മരുന്നും വൈദ്യോപദേശവും ലഭിക്കും.

കേരളത്തിലെ ഇത്തരം ആദ്യ ഹെൽത്ത് ടെക് ഉത്പന്നമായിരിക്കുമിതെന്ന് വെർസിക്കിൾസ് സിഇഒ മനോജ് ദത്തൻ പറഞ്ഞു. സാധാരണ ഈ ഉപകരണങ്ങൾ വയ്ക്കുന്ന ആശുപത്രി പോലുള്ള സ്ഥലങ്ങൾക്ക് പുറമെ ടെക്‌നോളജി പാർക്കുകളിലും ഓഫീസുകളിലും പ്രോഗ്‌നോസിസ് സ്ഥാപിക്കും. പ്രോഗ്‌നോസിസ് ഹെൽത്ത് കിയോസ്‌ക് ആശുപത്രികളിൽ ഏറെ ഉപയോഗപ്രദമാണ്. വിവരങ്ങൾ നൽകൽ, വിവിധ മെഡിക്കൽ സേവനങ്ങൾ എന്നിവയ്ക്ക് പുറമെ ആരോഗ്യബോധവത്കരണത്തിനും ഇതുപയോഗിക്കാമെന്ന് മനോജ് ചൂണ്ടിക്കാട്ടി.

വൻ വിജയമായി മാറിയ വെൻഡ് എൻ ഗോ എന്ന ഫുഡ് കിയോസ്‌കിന് പിന്നാലെയാണ് വിപ്ലവകരമായ പുതിയ ഉത്പന്നവുമായി സ്റ്റാർട്ടപ് കമ്പനി എത്തിയിട്ടുള്ളത്. നിത്യജീവിതത്തിലെ പല പ്രശ്‌നങ്ങൾക്കും എങ്ങിനെ ഡിജിറ്റൽ പരിഹാരങ്ങൾ സാധ്യമാകും എന്ന ആലോചനയിൽ നിന്നാണ് വെൻഡ് എൻ ഗോ എന്ന ഉത്പന്നം ഉണ്ടായതെന്ന് വെർസിക്കിൾസ് സ്ഥാപകൻ കിരൺ കരുണാകരൻ പറഞ്ഞു. അതിന്റെ ചുവടുപിടിച്ചാണ് പ്രോഗ്‌നോസിന്റെയും പിറവി.

ആരോഗ്യപരിപാലനത്തിലും വ്യക്തികൾക്കുമിടയിലുള്ള വിടവ് നികത്തുകയാണ് ലക്ഷ്യം. നേരത്തെയുള്ള രോഗനിർണയം പലപ്പോഴും മികച്ച ചികിത്സയ്ക്ക് ഏറെ നിർണായകമാണ്. ഈ ഉപകരണത്തിൽ ലഭിക്കുന്ന ഡാറ്റ, ക്ലൗഡ് അധിഷ്ഠിതമായ നിർമ്മിത ബുദ്ധി എൻജിനിലേക്കാണ് പോകുന്നത്. ഒരു ഇസിജി യിലൂടെ മാത്രം ഹൃദയത്തെ സംബന്ധിക്കുന്ന ഗുരുതര പിഴവ് പോലും കണ്ടെത്താനാകും.

അതു വഴി കൃത്യസമയത്ത് വേണ്ട വൈദ്യസഹായം ലഭിക്കാൻ സാധിക്കുന്നു. ആധുനിക രോഗനിർണയം ഒരു ചായ കുടിക്കുന്ന ലാഘവത്തോടെ ചെയ്യാൻ കഴിയുന്ന രീതിയിൽ ഈ സാങ്കേതികവിദ്യയെ വിപ്ലവകരമാക്കാനാണ് ആഗ്രഹിക്കുന്നതെന്നും കിരൺ പറഞ്ഞു.