- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഓരോ വ്യക്തികളിലും അവര്‍ക്ക് വരാന്‍ സാധ്യതയുള്ള രോഗങ്ങളെ നേരത്തെ അറിയാം; ആയിരത്തോളം അസുഖങ്ങളുടെ സാധ്യതയെ കുറിച്ച് മുന്നറിയിപ്പ് നല്‍കാന്‍ കഴിയുന്ന എ.ഐ സംവിധാനം വരുന്നു; ആരോഗ്യ രംഗത്ത് എ.ഐ വിപ്ലവം വരുന്നോ?
ഓരോ വ്യക്തികളിലും അവര്‍ക്ക് വരാന്‍ സാധ്യതയുള്ള രോഗങ്ങളെ നേരത്തെ അറിയാം
ബെര്‍ലിന്‍: ഓരോ വ്യക്തികളിലും അവര്‍ക്ക് വരാന്‍ സാധ്യതയുള്ള ആയിരത്തോളം അസുഖങ്ങളുടെ സാധ്യതയെ കുറിച്ച് മുന്നറിയിപ്പ് നല്‍കാന്‍ കഴിയുന്ന എ.ഐ സംവിധാനം വരുന്നു. ആയിരത്തിലധികം രോഗങ്ങളുടെ വ്യക്തിഗത അപകടസാധ്യത പ്രവചിക്കാനും പത്ത്ു വര്‍ഷം മുമ്പേ ആരോഗ്യത്തിലെ മാറ്റങ്ങള്‍ പ്രവചിക്കാനും കഴിയുന്നതാണ് ഈ പുതിയ സംവിധാനം. യൂറോപ്യന്‍ മോളിക്യുലാര്‍ ബയോളജി ലബോറട്ടറി, ജര്‍മ്മന്‍ കാന്‍സര്‍ റിസര്‍ച്ച് സെന്റര്‍, കോപ്പന്‍ഹേഗന്‍ സര്‍വകലാശാല എന്നിവിടങ്ങളിലെ വിദഗ്ധരാണ് ഇതിന് പിന്നില്‍ പ്രവര്‍ത്തിച്ചത്.
ജനറേറ്റീവ് എ.ഐക്ക് മനുഷ്യന്റെ രോഗങ്ങളുമായി ബന്ധപ്പെട്ട് എങ്ങനെ മാതൃകയാക്കാന്‍ കഴിയുമെന്നതിന്റെ ഇതുവരെയുള്ള ഏറ്റവും സമഗ്രമായ കണ്ടെത്തലുകളില്‍ ഒന്നാണിത്. നേച്ചര്‍ ജേണലില്‍ ഈ സംവിധാനത്തിന്റെ വിശദാംശങ്ങള്‍ പ്രസിദ്ധീകരിച്ചു.
കാന്‍സര്‍, പ്രമേഹം, ഹൃദ്രോഗം, ശ്വസന രോഗം, മറ്റ് നിരവധി വൈകല്യങ്ങള്‍ തുടങ്ങിയ രോഗങ്ങള്‍ ആര്‍ക്കെങ്കിലും ഉണ്ടാകുമോ എന്നതിന്റെയും എപ്പോള്‍ എന്നതിന്റെയും സാധ്യത വിലയിരുത്തിയാണ് ഉപകരണം പ്രവര്‍ത്തിക്കുന്നത്. ഡെല്‍ഫി-2 എം എന്ന് പേരിട്ടിരിക്കുന്ന ഇത്, രോഗങ്ങള്‍ കണ്ടെത്തിയപ്പോള്‍, അവര്‍ പൊണ്ണത്തടിയുള്ളവരാണോ, പുകവലിച്ചവരാണോ അല്ലെങ്കില്‍ മദ്യപിച്ചവരാണോ തുടങ്ങിയ ജീവിതശൈലി ഘടകങ്ങള്‍, അവരുടെ പ്രായം, ലിംഗഭേദം എന്നിവയ്ക്കായി തെരച്ചില്‍ നടത്തും.
അടുത്ത ദശകത്തിലും അതിനുശേഷവും എന്ത് സംഭവിക്കുമെന്ന് പ്രവചിക്കാന്‍ ഈ ഉപകരണം രോഗിയുടെ റെക്കോര്‍ഡ് ഡാറ്റയും പരിശോധിക്കും. യുകെ ബയോബാങ്കിലേും ഡാനിഷ് ദേശീയ രോഗി രജിസ്ട്രിയിലെയും രോഗികളുടെ ഡാറ്റയാണ് ഈ സംവിധാനം പരിശോധിച്ചത്. എന്നാല്‍ രോഗികളുടെ വിശദാംശങ്ങള്‍ ഇവര്‍ പുറത്തു വിട്ടില്ല. കാലാവസ്ഥാ നിരീക്ഷകര്‍ മഴ പെയ്യാനുള്ള സാധ്യത പ്രവചിക്കുന്നത് പോലെ ആരോഗ്യ അപകട സാധ്യതകളും ഇതു വഴി മുന്‍കൂട്ടി പറയാന്‍ കഴിയുമെന്നാണ് ഗവേഷകര്‍ പറയുന്നത്.
വളരെ ചുരുങ്ങിയ വര്‍ഷങ്ങള്‍ക്കുള്ളില്‍ തന്നെ രോഗികള്‍ക്ക് ഈ സംവിധാനം പ്രയോജനപ്പെടുത്താന്‍ കഴിയും. നിങ്ങളുടെ ശരീരഭാരം കുറയ്ക്കണമെന്നും പുകവലി നിര്‍ത്തണം എന്നുമെല്ലാം ഈ എ.ഐ സംവിധാനം പറയും. അടുത്ത ദശകത്തില്‍ ഹൃദയാഘാതമോ പക്ഷാഘാതമോ ഉണ്ടാകാനുള്ള സാധ്യതയും ഇതിലൂടെ കണ്ടെത്താന്‍ കഴിയും. ഓരോ വ്യക്തിയുടെയും മുന്‍കാല രോഗ ചരിത്രത്തെ ആശ്രയിച്ചാണ് ഇതിന്റെ നിര്‍ണയ രീതി ഒരുക്കിയിരിക്കുന്നത്.
ചിലപ്പോള്‍ ഇരുപത് വര്‍ഷത്തിന് ശേഷം ഉണ്ടാകാന്‍ സാധ്യതയുള്ള രോഗത്തെ കുറിച്ച് പോലും ഡെല്‍ഫി ടൂ എമ്മിന് മുന്‍കൂട്ടി അറിയിപ്പ് നല്‍കാന്‍ കഴിയും. മനുഷ്യന്റെ ആരോഗ്യവും രോഗ പുരോഗതിയും മനസ്സിലാക്കുന്നതിനുള്ള ഒരു പുതിയ വഴിയുടെ തുടക്കമാണിത് എന്നാണ് ലോകമെമ്പാടുമുളള പ്രമുഖ ഗവേഷകര്‍ പറയുന്നത്.