ലണ്ടൻ: ഇന്ന് കേരളത്തിൽ ഏറേ ചർച്ചചെയ്യപ്പെടുന്ന ഒന്നാണ് എ ഐ അഥവാ ആർട്ടിഫിഷ്യൽ ഇന്റലിജൻസ്. ഈ അത്യാധുനിക സാങ്കേതിക വിദ്യ ഉപയോഗിച്ച് കാൻസർ കണ്ടെത്താൻ കഴിയുമെന്ന് തെളിയിച്ചിരിക്കുകയാണ് ബ്രിട്ടനിലെ ഒരു കൂട്ടം ഡോക്ടർമാരും ശാസ്ത്രജ്ഞരും. ആർട്ടിഫിഷ്യൽ ഇന്റലിജൻസ് അഥവാ നിർമ്മിതി ബുദ്ധിയിൽ പ്രവർത്തിക്കുന്ന ഈ സംവിധാനത്തിന് നിലവിലെ മറ്റേതൊരു പരിശോധനാ രീതികളേക്കാൾ കൂടുതൽ കൃത്യമായി ഫലം പ്രഖ്യാപിക്കാൻ കഴിയുമെന്നും പഠനം വെളിപ്പെടുത്തുന്നു.

റോയൽ മാഴ്സ്ഡൻ എൻ എച്ച് എസ് ട്രസ്റ്റ്, ഇൻസ്റ്റിറ്റിയുട്ട് ഓഫ് കാൻസർ റിസർച്ച്, ഇംപീരിയൽ കോളേജ് ലണ്ടൻ എന്നിവിടങ്ങളിൽ നിന്നുള്ള വിദഗ്ദ്ധർ സംയുക്തമായിവികസിപ്പിച്ചെടുത്ത ഈ എ ഐ ടൂളിന്, സി ടി സ്‌കാനിൽ കണ്ടെത്തുന്ന അസാധാരണ വളർച്ചകൾ കാൻസർ ആണോ എന്ന് എളുപ്പത്തിൽ തിരിച്ചറിയാൻ സാധിക്കും. ലോകമാകമാനമായി ഓരോ വർഷവും ഏകദേശം ഒരു കോടിയോളം ആളുകളാണ് കാൻസർ മൂലം മരണമടയുന്നതെന്ന് ലോകാരോഗ്യ സംഘടനയുടെ കണക്കുകൾ വ്യക്തമാക്കുന്നു. അതായത്, ലോകത്ത് നടക്കുന്ന മരണങ്ങളിൽ 6 ശതമാനം മരണങ്ങൾക്ക് ഉത്തരവാദി കാൻസർ എന്ന രോഗമാണ്.

നേരത്തേ കണ്ടെത്തിയാൽ ചികിത്സിച്ച് ഭേദമാക്കാവുന്ന നിലയിലുള്ള ആധുനിക ചികിത്സകൾ ഇന്ന് ലഭ്യമാണ്. എന്നാൽ, രോഗം നേരത്തെ കണ്ടെത്തുക എന്നതായിരുന്നു ഏറ്റവും വലിയ വെല്ലുവിളി. ഈ ഒരു പ്രശ്നത്തിന് വലിയൊരു പരിധിവരെ പരിഹാരം കാണാൻ ഈ പുതിയ പരിശോധന സംവിധാനത്തിന് കഴിയുമെന്നാണ് ആരോഗ്യ രംഗത്തെ പ്രമുഖർ പറയുന്നത്. ഭാവിയിൽ രോഗം നേരത്തെ കണ്ടെത്താനും അതുവഴി ഫലപ്രദമായ ചികിത്സ നൽകി മരണനിരക്ക് കുറായ്ക്കുവാനും കഴിയുമെന്ന് ഇവർ പ്രത്യാശിക്കുന്നു.

സി ടി സ്‌കാനിൽ അസാധാരണ വളർച്ച ദൃശ്യമായതും വലിയ ലംഗ് മോഡ്യുൾ ഉള്ളവരുമായി 500 രോഗികളുടെ സി ടി സ്‌കാൻ ഉപയോഗിച്ചാണ് ഈ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് അൽഗൊരിതം വികസിപ്പിച്ചതെന്ന് ദി പ്രൊട്ടക്റ്റർ റിപ്പോർട്ട് ചെയ്യുന്നു. സാധാരണ മനുഷ്യ നേത്രങ്ങൾക്ക് കണ്ടെത്താൻ ബുദ്ധിമുട്ടുള്ള സുപ്രധാന വിവരങ്ങൾ വരെ, ഈ സാങ്കേതിക വിദ്യ ഉപയോഗിച്ച് ഒരു മെഡിക്കൽ ഇമേജിൽ നിന്നും കണ്ടെത്താൻ കഴിയും.

അൽഗൊരിതം വികസിപ്പിച്ചതിനു ശേഷം ഇതിന്റെ കൃത്യത പരിശോധിക്കേണ്ടതുണ്ട്. അതിനായി ഏരിയ അണ്ടർ കർവ് (എ യു സി) എന്ന സങ്കേതമാണ് ഉപയോഗിച്ചത് എന്ന് ഗാർഡിയൻ റിപ്പോർട്ട് ചെയ്യുന്നു. എ യു സി 1 ലഭിച്ചാൽ പരീക്ഷിക്കുന്ന സാങ്കേതിക വിദ്യ കിറുകൃത്യമാണെന്ന് അർത്ഥം.

0.5 ആണ് എ യു സി ലഭിക്കുന്നതെങ്കിൽ ഇടക്കിടെ ഊഹിച്ചായിരിക്കും ഫലം പ്രഖ്യാപിക്കുക. പരീക്ഷണത്തിൽ ഈ സാങ്കേതിക വിദ്യക്ക് 0.87 സ്‌കോർ വരെ നേടാനായി എന്നും റിപ്പോർട്ടുകൾ പറയുന്നു.