ഗോള തലത്തിൽ തന്നെ ഏറ്റവും അധികം മരണങ്ങൾക്ക് കാരണമാകുന്ന രോഗങ്ങളിൽ ഒന്നാണ് ശ്വാസകോശ അർബുദം. ഇന്ത്യയിൽ ഒരു ലക്ഷം പേരിൽ 6.9 പേർക്ക് ലംഗ് കാൻസർ ഉണ്ടെന്നാണ് അടുത്തിടെ പുറത്തിറങ്ങിയ ഒരു റിപ്പോർട്ടിൽ പറയുന്നത്. ബ്രിട്ടനിൽ ഓരോ പത്ത് മിനിറ്റിലും ഒരു ശാസകോശ അർബുദരോഗിയെ കണ്ടെത്തുന്നു. ബ്രിട്ടനിൽ മാത്രം പ്രതിവർഷം 35,000 പേരാണ് ഈ രോഗത്താൽ മരണമടയുന്നത്. ഇപ്പോഴിതാ ഈ മാരക രോഗത്തിന് ഒരു ചികിത്സ കണ്ടെത്തി എന്ന പ്രതീക്ഷകൾ ഉയരുന്നു.

പിടിപെടുന്നത് മരണ വാറന്റിന് തുല്യമാണെന്നാണ് ശ്വാസകോശ അർബുദത്തെ കുറിച്ച് പറയുന്നത്. എന്നാൽ, ഈ രോഗത്തിന്റെ ചികിത്സയുമായി ബന്ധപ്പെട്ട ഗവേഷണങ്ങളിൽ അടുത്തിടെ ഉണ്ടായ മൂന്ന് നേട്ടങ്ങളാണ് ഇപ്പോൾ ഇതിന്ഫലവത്തായ ചികിത്സ നൽകാനാകും എന്ന പ്രതീക്ഷ ഉണ്ടാക്കിയിരിക്കുന്നത്. വളരെ ഫലപ്രദമായ ചില ചികിത്സാ രീതികളാൺ' കഴിഞ്ഞ ദിവസം നടന്ന അമേരിക്കൻ സൊസൈറ്റി ഫോർ ക്ലിനിക്കൽ ഓൻകോളജി (എ എസ് സി ഒ) സമ്മേളനത്തിൽ ഉണ്ടായത്.

കൻസറിന്റെ മറ്റു വകഭേദങ്ങളായ ബ്രെസ്റ്റ് കാൻസർ, പ്രോസ്ട്രേറ്റ് കാൻസർ, ബോവൽ കാൻസർ എന്നിവയെ പ്രതിരോധിക്കുവാൻ തക്ക ചികിത്സകൾ കണ്ടെത്താൻ കഴിഞ്ഞ ഏതാനും പതിറ്റാണ്ടുകളിലെ ഗവേഷണങ്ങൾക്ക് കഴിഞ്ഞിരുന്നു. അതിനുപുറമെ, തീരെ പ്രതീക്ഷ വേണ്ട എന്ന് കരുതപ്പെട്ടിരുന്ന മെലനോമ സ്‌കിൻ കാൻസറിനും ഫലപ്രദമായ ചികിത്സയെത്തി. ഇപ്പോഴിതാ ലംഗ് കാൻസറിന്റെ കാര്യത്തിലും സമാനമായ രീതിയിലുള്ള നേട്ടം കൈവരിച്ചിരിക്കുന്നു എന്നാണ് വിദഗ്ദ്ധർ അവകാശപ്പെടുന്നത്.

താൻ ഡോക്ര് ആയ സമയത്ത് ആരും തന്നെ ലംഗ് കാൻസറിൽ സ്പെഷലൈസ് ചെയ്യാൻ മുന്നോട്ട് വന്നിരുന്നില്ല എന്ന് കിങ്സ് കൊളേജ് ലണ്ടനിലെ എക്സ്പെരിമെന്റൽ കാൻസർ മെഡിസിൻ പ്രൊഫസറായ ജെയിംസ് സ്പൈസർ പറയുന്നു. കാരണം അന്ന് രോഗിയെ മരണത്തിനു വിട്ടുകൊടുക്കുകയല്ലാതെ മറ്റ് മാർഗ്ഗങ്ങൾ ഒന്നും തന്നെ ഇല്ലായിരുന്നു. എന്നാൽ, പുതിയ മരുന്നുകളുടെ ആവിർഭാവത്തോടെ ശരീരം മുഴുവൻ കാൻസർ വ്യാപിച്ച വ്യക്തികൾ പോലും ഇന്ന് 10 ഉം 15 ഉം വർഷം അധികമായി ജീവിക്കുന്നു എന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

ലംഗ് കാൻസറിന്റെ ആരംഭഘട്ടത്തിൽ കണ്ടെത്താനായാൽ ഒരു പുതിയ ഹൈടെക് മരുന്ന് നൽകി പ്രതിരോധ ശേഷി വർദ്ധിപ്പിച്ച് രോഗം വ്യാപിക്കാതെ നോക്കാനാവുമെന്നാണ് കണ്ടെത്തിയിരിക്കുന്നത്. രോഗത്തിന്റെ തിരിച്ചു വരവിനെ ഇത് മന്ദഗതിയിലാക്കുന്നതായും കണ്ടെത്തിയിട്ടുണ്ട്. പെംബ്രോലിസുമാബ് എന്നൊരു ഇഞ്ചക്ഷന് ശരീരത്തിൽ ഒളിഞ്ഞിരിക്കുന്ന അർബുദ കോശങ്ങളെ കണ്ടെത്താനാകും. നിലവിൽ ഇത് അത്യന്തം ഗുരുതരാവസ്ഥയിലുള്ള ശ്വാസകോശ അർബുദ രോഗികൾക്ക് മാത്രമാണ് നൽകുന്നത്.

ശസ്ത്രക്രിയക്ക് മൂന്ന് മാസംമുൻപ് കീമോ തെറാപ്പിക്കൊപ്പം ഈ ഇഞ്ചക്ഷനും എടുത്താൽ, ആദ്യ ഘട്ടത്തിലുള്ള ശ്വാസകോശ അർബുദം തിരികെ വരാതെ വലിയൊരു പരിധിവരെ തടയാൻ കഴിയുംഎന്നാണ് കാലിഫോർണിയയിലെ സ്റ്റാൻഫോർഡ് യൂണിവേഴ്സിറ്റിയിലെ ഗവേഷകർ കണ്ടെത്തിയിരിക്കുന്നത്. ആളുകൾ വലിയതോതിൽ തന്നെ പുകവലി ഉപേക്ഷിക്കാൻ തുടങ്ങിയതോടെ പുകവലിയുമായി ബന്ധപ്പെട്ട ശ്വാസകോശാർബുദം കുറഞ്ഞു വരുന്നുണ്ടെങ്കിലും, പുകവലിയുമായി ബന്ധമില്ലാത്ത ശ്വാസകോശാർബുദം വർദ്ധിച്ചു വരികയാണ്. ഇതിനുള്ള കാരണം പക്ഷെ ഇതുവരെ കണ്ടെത്താനായിട്ടില്ല.