ൽഷമേഴ്സ് രോഗത്തിനെതിരെയുള്ള പോരാട്ടത്തിൽ ആധുനിക ശാസ്ത്രം മറ്റൊരു നാഴികക്കല്ല് കൂടി താണ്ടിയിരിക്കുന്നു. ഡൊണാനെബ് എന്ന മരുന്നിന്റെ കണ്ടുപിടുത്തമാണ് ഈ രംഗത്ത് ശാസ്ത്രത്തിന് കൈവരിക്കാനായ ഏറ്റവും വലിയ നേട്ടം. മാസത്തിൽ ഒരിക്കൽ ഐ വി ഇൻഫ്യുഷൻ വഴിയായിരിക്കും ഈ മരുന്ന് രോഗികൾക്ക് നൽകുന്നത്. മനുഷ്യശരീരത്തിലെ അപകടകരങ്ങളായ പദാർത്ഥങ്ങളെ നീക്കം ചെയ്യാൻ മനുഷ്യ ശരീരം ഉദ്പാദിപ്പിക്കുന്ന പ്രോട്ടീനുകളുടെ മനുഷ്യ നിർമ്മിത രൂപമാണ് ഈ മരുന്ന്.

മോണോ കൊളോണൽ ആന്റിബോഡികൾ മസ്തിഷ്‌കത്തിലെക്ക് സഞ്ചരിക്കുന്നു. മസ്തിഷ്‌കത്തിൽ എത്തിയാൽ ഡൊണാനെമാബ്, ഓർമ്മ ശക്തി നശിപ്പിക്കുന്ന അമിലോയ്ഡ് പ്ലേക്കിന്റെ കൂട്ടങ്ങളെ കെട്ടിവരിയുന്നു. അത് മൈക്രോഗ്ലിയ എന്നറിയപ്പെടുന്ന പ്രതിരോധ കോശങ്ങൾക്ക് ഇവയെ നശിപ്പിക്കാൻ വഴിയൊരുക്കുന്നു. അമിലോയ്ഡ് ശേഖരണം മസ്തിഷ്‌കത്തിൽനിന്നും പൂർണ്ണമായി നീങ്ങിക്കഴിഞ്ഞാൽ പിന്നെ രോഗികൾക്ക് ഈ മരുന്ന് കഴിക്കേണ്ടതില്ല. പരീക്ഷണത്തിൽ പങ്കെടുത്തവരിൽ പകുതിപേർ ഒരു വർഷത്തിനകത്ത് ഈ നിലയിൽ എത്തി.

ഈ മരുന്നിന്റെ ഉദ്പാദകരായ അമേരിക്കൻ ഫാർമസ്യുട്ടിക്കൽ കമ്പനി, എലി ലില്ലി അവകാശപ്പെടുന്നത് അല്ഷ്മേഴ്സ് രോഗത്തിന്റെ ആരംഭ ഘട്ടത്തിൽ ഉണ്ടായിരുന്ന രോഗികളിൽ ഇത് രോഗ ലക്ഷണങ്ങൾ പ്രകടമായി കുറച്ചു എന്നാണ്. ഏകദേശം 1800 രോഗികളിലായിരുന്നു ഈ മരുന്ന് പരീക്ഷിച്ചത്. എല്ലാവരിലും മസ്തിഷ്‌കത്തിൽ അമിലോയ്ഡ് ശേഖരണം ഉണ്ടായിരുന്നു. അതിൽ പകുതി പേർക്ക് എല്ലാ മാസവും മരുന്ന് നൽകിയപ്പോൾ മറ്റെ പകുതിക്ക് ഡമ്മി മരുന്നായിരുന്നു നൽകിയത്.

അൽഷമേഴ്സിന് കാരണമാകുന്ന രണ്ടാമത്തെ പ്രോട്ടീൻ ആയ ടൗ തീരെ കുറഞ്ഞ അളവിലോ ഇടത്തരം അളവിലോ കണ്ട മസ്തിഷ്‌കത്തിൽ രോഗത്തിന്റെ പുരോഗതി 35.1 ശതമാനത്തോളം സാവധാനത്തിലാക്കാൻ മരുന്നിന് സാധിച്ചു എന്ന് ഗവേഷകർ പറയുന്നു. അതായത്, രോഗം ബാധിച്ചവർക്കും വലിയ പ്രശ്നങ്ങൾ കൂടാതെ ദൈനംദിന കർമ്മങ്ങൾ ചെയ്യാനാവുമെന്ന് ചുരുക്കം. ടൗവിന്റെ അളവ് അനുസരിച്ച് ഫലവും വ്യത്യസ്തമായിരുന്നു.

അതേസമയം, ഈ മരുന്നിനും ചില പാർശ്വഫലങ്ങൾ ഉണ്ടായേക്കാം എന്നും കണ്ടെത്തിയിട്ടുണ്ട്. മസ്തിഷ്‌ക വീക്കമാണ് അതിൽ പ്രധാനപ്പെട്ടത്.അതുപോലെ ചില രോഗികളിൽ മസ്തിഷ്‌കത്തിൽ രക്തസ്രാവവുമുണ്ടായി. ഏതായാലും ഈ മരുന്നിന്റെ അനുമതി സംബന്ധിച്ച ഒരു തീരുമാനം യു എസ് ഫുഡ് ആൻഡ് ഡ്രഗ് അഡ്‌മിനിസ്ട്രേഷൻ ഈ വർഷം അവസാനത്തോടെ മാത്രമെ എടുക്കുകയുള്ളു.

യു കെയിലെ മെഡിസിൻസ് ആൻഡ് ഹെൽത്ത് കെയർ പ്രൊഡക്ട്സ് റെഗുലേറ്ററി ഏജൻസിയുടെ അംഗീകാരത്തിനായിട്ടും ഇവർ അപേക്ഷിച്ചിട്ടുണ്ട്.