ധാരാളം വെള്ളം കുടിക്കുന്നത് ശരീരം നിർജ്ജലീകരിക്കപ്പെടാതിരിക്കാൻ സഹായിക്കും. പ്രതിദിനം രണ്ട് ലിറ്റർ വെള്ളം കുടിക്കുന്നത് നല്ലതാണെന്നാണ് പൊതുവെയുള്ള അഭിപ്രായം. എന്നാൽ, വളരെ കുറഞ്ഞ സമയത്ത് അത്രയധികം വെള്ളം കുടിക്കുന്നത് ഒരുപക്ഷെ മരണകാരണമായേക്കാം എന്ന് വിദഗ്ദ്ധർ മുന്നറിയിപ്പ് നൽകുന്നു. ഒരു മണിക്കൂർ സമയത്ത് 1.4 ലിറ്ററിലധികം വെള്ളം കുടിക്കരുത് എന്ന് സെന്റേഴ്സ് ഫോർ ഡിസീസ് കൺട്രോൾ ആൻഡ് പ്രിവൻഷൻ(സി ഡി സി) മുന്നറിയിപ്പ് നൽകുന്നു.

അതിലധികം കുടിച്ചാൽ ഒരുപക്ഷെ ശരീരം പൂർണ്ണമായും പ്രവർത്തനരഹിതമാകുന്ന ഹൈപോനട്രേമിയ എന്ന രോഗാവസ്ഥ വന്നു ചേർന്നേക്കാം എന്ന് സി ഡി സിയിലെ വിദഗ്ദ്ധർ പറയുന്നു. രണ്ടു കുട്ടികളുടെ അമ്മയായ 35 കാരി ആഷ്ലി സമ്മേഴ്സ് മരിച്ചത് അമിത ജലപാനം കൊണ്ടായിരുന്നു എന്ന റിപ്പോർട്ടിനൊപ്പമാണ് ഈ മുന്നറിയിപ്പ് വന്നിരിക്കുന്നത്. 20 മിനിറ്റുകളിൽ അവർ കുടിച്ചത് രണ്ട് ലിറ്റർ വെള്ളമായിരുന്നു.

ശരീരം നിർജ്ജലീകരിക്കപ്പെട്ട ഈ ഇൻഡാനക്കാരി, ദാഹം തീർക്കാൻ വെള്ളം കുടിച്ച ഉടനെ തന്നെ കുഴഞ്ഞു വീഴുകയായിരുന്നു. പിന്നീട് അവർക്ക് ബോധം വന്നില്ല. രക്തത്തിലെ സോഡിയത്തിന്റെ അളവ് അസാധാരണമാം വിധം താഴുമ്പോഴാണ് ഹൈപോനാട്രേമിയ എന്ന രോഗാവസ്ഥ ഉണ്ടാകുന്നത്. ശരീരത്തിലെ ജലത്തിന്റെ അളവ് നിയന്ത്രിക്കുന്നതിനും, അതുപോലെ രക്ത സമ്മർദ്ദം, നാഡികളുടെ പ്രവർത്തനം, മാംസപേശികളുടെ പ്രവർത്തനം എന്നിവ നിയന്ത്രിക്കുന്നതിലും സുപ്രധാന പങ്ക് വഹിക്കുന്ന ഒന്നാണ് സോഡിയം.

സോഡിയത്തിന്റെ അളവ് കുറയുമ്പോൾ അധികജലം കോശങ്ങളിൽ പ്രവേശിച്ച് അവ വീർക്കാൻ കാരണമാകുന്നു. ഇത് മസ്തിഷ്‌കത്തിൽ സംഭവിച്ചാൽ ഏറ്റവും ഭീകരമായ ഒന്നാകും. തലയോട്ടിയുള്ളതിനാൽ ഒരു പരിധിക്ക് അപ്പുറം കോശങ്ങൾക്ക് വീർക്കാൻ കഴിയാതെ വരും. അതേസമയം, അധിക ജലം കോശങ്ങളെ വീണ്ടും വലുതാക്കാൻ ശ്രമിച്ചുകൊണ്ടിരിക്കും. ഇത് മനുഷ്യനെ അബോധാവസ്ഥയിലേക്കും, ഒരുപക്ഷെ മരണത്തിലേക്കും നയിച്ചേക്കാം.

ഛർദ്ദി, തലവേദന, ആശയക്കുഴപ്പം, തളർച്ച്, കുറഞ്ഞ രക്തസമ്മർദ്ദം, മാംസപേശികൾ ദുർബലമാവുക, കോച്ചിപ്പിടിക്കുക തുടങ്ങിയവയാണ് ഹൈപോനാട്രേമിയയുടെ ലക്ഷണങ്ങൾ. രക്തത്തിലെ സോഡിയത്തിന്റെ അളവ് കുറയുമ്പോഴാണ് ഈ രോഗാവസ്ഥയുണ്ടാകുന്നത്. ഒരു ലിറ്റർ രക്തത്തിൽ 135 മുതൽ 145 മില്ലി ഈക്വിവല്ന്റ്സ് വരെ സോഡിയം ആവശ്യമാണ്. 135 ൽ താഴുമ്പോഴാണ് പ്രശ്നം ഉണ്ടാകുന്നത്.