പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ മെയ്ക്ക് ഇൻ ഇന്ത്യ ലോകം ഏറ്റെടുക്കുന്നു. ഇന്ത്യൻ ഫാർമസ്യുട്ടിക്കൽ മേഖലക്ക് തന്നെ അഭിമാനകരമായ നേട്ടമായി മാറുകയാണ് പുതിയ മലേറിയ വാക്സിന്റെ നിർമ്മാണം. ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റിയിലെ ശാസ്ത്രജ്ഞർ വികസിപ്പിച്ച പുതിയ മലേറിയൻ വാക്സിൻ നിർമ്മിക്കുന്നത് പൂണെയിലെ സിറം ഇൻസ്റ്റിറ്റിയുട്ടിൽ. മലേറിയയ്ക്കുള്ള രണ്ടാമത്തെ വാക്സിൻ ആണിത്.

മനുഷ്യ കുലത്തിനു തന്നെ വൻഭീഷണിയായ മലേറിയ മിക്കവാറും കുട്ടികളേയും ശിശുക്കളെയുമാണ് മരണത്തിലേക്ക് നയിക്കാറുള്ളത്. ഈ ഭീഷണിയെ ഫലപ്രദമായി നേരിടാൻ ലോകാരോഗ്യ സംഘടന നിർദ്ദേശിക്കുന്ന പുതിയ വാക്സിന്റെ 100 മില്യൻ ഡോസുകൾ ഓരോ വർഷവും നിർമ്മിക്കാനാണ് ധാരണയായിരിക്കുന്നത്. ഏകദേശം ഒരു നൂറ്റാണ്ട് കലത്തെ നിരന്തര പരിശ്രമത്തിനൊടുവിലായിരുന്നു മലേറിയയ്ക്കെതിരെയുള്ള ആദ്യ വാക്സിൻ പിറവിയെടുത്തത്.

കൊതുകു കടിയിലൂടെ പകരുന്ന ഒരു സങ്കീർണ്ണമായ പരാന്നജീവിയാണ് മലേറിയയ്ക്ക് കാരണമാകുന്നത്. മനുഷ്യ ശരീരത്തിനകത്ത്, തുടർച്ചയായി ശരീരാകൃതിയിൽ മാറ്റം വരുത്തിയാണ് ഇത് മനുഷ്യ ശരീരത്തിന്റെ സ്വാഭാവിക പ്രതിരോധ സംവിധാനത്തിൽ നിന്നും രക്ഷപ്പെടുന്നത്. അതായത്, മറ്റു രോഗങ്ങളിൽ നിന്നും വിഭിന്നമായി, മലേറിയ ബാധിച്ചാൽ അതിനെതിരെയുള്ള സ്വാഭാവിക പ്രതിരോധം വികസിക്കണമെന്നില്ല എന്നർത്ഥം. മാത്രമല്ല, ഫലപ്രദമായ ഒരു വാക്സിൻ വികസിപ്പിക്കുക എന്നതും ഒരു വെല്ലുവിളിയായി മാറുന്നു. ആർ ടി എസ് എസ് എന്ന ആദ്യമലേറിയ വാക്സിൻ കണ്ടെത്തിയിട്ട് ഏകദേശം രണ്ട് വർഷം കഴിയുമ്പോഴാണ് രണ്ടാമത്തെ വാക്സിനും വികസിപ്പിക്കുന്നത്.

ഈ രണ്ട് വാക്സിനുകളും ഒരുപോലെ കാര്യക്ഷമമാണെന്നാണ് ലോകാരോഗ്യ സംഘടന ഡയറക്ടർ ജനറൽ ട്രെഡോസ് അഡ്നോം ഗെബ്രിയാസിസ് പറയുന്നത്. ഒന്ന് ഒന്നിനേക്കാൾ മെച്ചം എന്ന് പറയാനാവില്ല. സമാനമാണ് ഇരു വാക്സിനുകളുടെയും കാര്യക്ഷമത. എന്നാൽ, ഇവ തമ്മിലുള്ള വ്യത്യാസം എന്താണെന്നാൽ, ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റിയുടെ ആർ 21 എന്ന ഈ പുതിയ വാക്സിൻ വലിയ അളവിൽ ഉദ്പാദിക്കാൻ കഴിയും എന്നതാണ്.

ആദ്യ വാക്സിൻ ആയ ആർ ടി എസ്.,എസ് രണ്ടു വർഷമായിട്ടും ഇതുവരെ 18 മില്യൻ ഡോസുകൾ മാത്രമാണ് ഉദ്പാദിപ്പിച്ചതെങ്കിൽ, ലോകത്തിലെ തന്നെ ഏറ്റവും വലിയ വാക്സിൻ ഉദ്പാദകരായ പൂണെയിലെ സിറം ഇൻസ്റ്റിറ്റിയുട്ട് പ്രതിവർഷം 100 മില്യൻ ഡോസുകൾ ഉദ്പാദിപ്പിക്കാനാണ് തയ്യാറെടുക്കുന്നത്. പിന്നീട് ഇത് പ്രതിവർഷം 200 മില്യൻ ഡോസുകൾ എന്ന നിലയിലേക്ക് വർദ്ധിപ്പിക്കും.

വിപണിയിൽ ഇറങ്ങുമ്പോൾ ഏകദേശം 2 മുതൽ 4 ഡോളർവരെ വില വരുന്ന ഈ വാക്സിന്റെ നാല് ഡോസുകളായിരിക്കും ഒരു വ്യക്തി എടുക്കേണ്ടത്. അതായത്, ആർ ടി എസ് ഏസിന്റെ പകുതി വില മാത്രമെ ഇതിനാവുകയുള്ളു എന്ന് ചുരുക്കം. രണ്ടു വാക്സിനുകളും ഒരേ സാങ്കേതിക വിദ്യയാണ് പിന്തുടരുന്നത് എന്നു മാത്രമല്ല, രോഗകാരിയുടെ ജീവിത ചക്രത്തിലെ സമാനമായ ഘട്ടത്തെയാണ് ഇരു വാക്സിനുകളും ലക്ഷ്യം വയ്ക്കുന്നതും. എന്നാൽ, പുതിയ വാക്സിന്റെ നിർമ്മാണ പ്രക്രിയ കൂടുതൽ എളുപ്പമാണ്.