- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പ്രമേഹ രോഗികൾക്ക് ഇൻസുലിൻ ഇഞ്ചക്ഷൻ ആവശ്യമില്ലാത്ത വിപ്ലവകരമായ ചികിത്സാരീതിക്ക് ബ്രിട്ടണിൽ അംഗീകാരം; ശരീരത്തിൽ ഘടിപ്പിക്കുന്ന ഉപകരണത്താൽ ഷുഗർ ലെവൽ കൺട്രോൾ ചെയ്തുള്ള ചികിത്സ നൽകുന്നത് ടൈപ് വൺ പ്രമേഹ രോഗികൾക്ക്
ലണ്ടൻ: ടൈപ് 1 പ്രമേഹ ചികിത്സയുടെ കാര്യത്തിൽ ഒരു വിപ്ലവം സൃഷ്ടിച്ചുകൊണ്ട് പുതിയ ചികിത്സാരീതിക്ക് ബ്രിട്ടീഷ് ആരോഗ്യ മേഖലയുടെ അംഗീകാരം. ഹൈബ്രിഡ് ക്ലോസ്ഡ് ലൂപ്പ് അർട്ടിഫിഷ്യൽ പാൻക്രിയാസ് സിസ്റ്റം എന്നറിയപ്പെടുന്ന ഈ ചികിത്സാ രീതിയുടെ പ്രയോജനം ഇംഗ്ലണ്ടിലും വെയ്ൽസിലുമായി ഏകദേശം 1.5 ലക്ഷം പേർക്ക് ലഭിക്കും എന്നാണ് കണക്കാക്കപ്പെടുന്നത്. ത്വക്കിനോട് ചേർന്ന് ഘടിപ്പിച്ചിരിക്കുന്ന് സെൻസർ, പമ്പ് എന്നിവയുടെ സഹായത്താൽ രക്തത്തിലെ പഞ്ചസാരയുടെ അളവ് നിരീക്ഷിക്കുകയും നിയന്ത്രിക്കുകയും ചെയ്യുന്നതാണ് ഈ പുതിയ രീതി.
രക്തത്തിൽ ഗ്ലൂക്കോസിന്റെ അളവ് നിയന്ത്രിക്കാൻ കഴിയാത്ത രോഗികൾക്ക് ഈ ഉപകരണം നൽകുവാൻ എൻ എച്ച് എസ്സിനോട് നാഷണൽ ഇൻസ്റ്റിറ്റിയുട്ട് ഓഫ് ഹെൽത്ത് ആൻഡ് കെയർ എക്സലൻസ് നിർദ്ദേശിച്ചിട്ടുണ്ട്. അതേസമയം, ഇൻസുലിൻ കണ്ടു പിടിച്ചതിനു ശേഷം ടൈപ്പ് 1 പ്രമേഹവുമായി ബന്ധപ്പെട്ടൂണ്ടായ ഏറ്റവും വലിയ കണ്ടുപിടുത്തം എന്നാണ് ഇതിനെ ജുവനൈൽ ഡയബെറ്റിസ് റിസർച്ച് ഫൗണ്ടേഷൻ വിശേഷിപ്പിച്ചിരിക്കുന്നത്. 2022-ൽ സ്‌കോട്ട്ലാൻഡ് അംഗീകാരം നൽകിയ ഈ പുതിയ രീതി ഇംഗ്ലണ്ടും വെയ്ൽസും അംഗീകരിക്കുന്നതോടെ ഹൈബ്രിഡ് ക്ലോസ്ഡ് ലൂപ് വ്യാപകമായി ലഭിക്കുന്ന ലോകത്തിലെ ആദ്യ രാജ്യമായി ബ്രിട്ടൻ മാറുമെന്ന് ഫൗണ്ടേഷൻ സി ഇ ഒ കരെൻ അഡിങ്ടൺ പറഞ്ഞു.
നിരവധി ജീവിതങ്ങൾ രക്ഷിക്കാൻ കഴിയുന്ന പുതിയ ചികിത്സാ രീതി ടൈപ് 1 പ്രമേഹവുമായി ജീവിക്കുന്നതിന്റെ ഭാരം കുറയ്ക്കുകയും ജീവൻ വരെ അപകടത്തിലാകുന്ന രീതിയിൽ ഗ്ലൂക്കോസ് അളവ് കുറയുകയോ കൂടുകയോ ചെയ്യുന്നത് തടയുകയും ചെയ്യുമെന്നും വിദഗ്ദ്ധർ പറയുന്നു. അതുവഴി ദീർഘാകാലയളവിൽ ഉണ്ടായേക്കാവുന്ന സങ്കീർണതകളും വലിയൊരു അളവ് വരെ ഒഴിവാക്കാൻ ആകും. രക്തത്തിലെ പഞ്ചസാരയുടെ അളവ് ആരോഗ്യകരമായ നിലയിൽ നിയന്ത്രിച്ചു നിർത്തുന്നതിന് ഈ ഉപകരണത്തിന് കഴിയും എന്നത് തെളിയിക്കപ്പെട്ട ഒന്നാണ്.
പരമ്പരാഗതമായ രീതിയിൽ രോഗികൾ വിരൽത്തുമ്പിൽ നിന്നും രക്തമെടുത്ത് പരിശോധനക്ക് നൽകുകയും രക്തത്തിലെ പഞ്ചസാരയുടെ അളവ് നിരീക്ഷിക്കുന്നതിനായി കൈയിൽ സെൻസർ ധരിക്കുകയുമാണ് ചെയ്യുന്നത്. അതിനു ശേഷം പഞ്ചസാരയുടെ അളവ് കുറയ്ക്കുന്നതിനോ കൂട്ടുന്നതിനോ ആയി യഥാക്രമം ഇൻസുലിൻ ഇഞ്ചക്ഷൻ എടുക്കുകയോ കൂടുതൽ ഭക്ഷണം കഴിക്കുകയോ ചെയ്യും. ത്വക്കിൽ ഘടിപ്പിച്ചിരിക്കുന്ന സെൻസറുമായി നേരിട്ട് ക്ലോസ്ഡ് ലൂപ്പിലുള്ള പമ്പ്, ശരീരത്തിന് ആവശ്യമായ ഇൻസുലിൻ കൃത്യമായി കണക്കാക്കുകയും അത് ശരീരത്തിലേക്ക് പമ്പ് ചെയ്യുകയും ചെയ്യും.
നിലവിൽ എൻ എച്ച് എസ് ബജറ്റിന്റെ ഏകദേശം 10 ശതമാനത്തോളം ചെലവാക്കുന്നത് പ്രമേഹവുമായി ബന്ധപ്പെട്ട ചികിത്സകളുമായി ബന്ധപ്പെട്ടാണെന്ന് ചീഫ് മെഡിക്കൽ ഓഫീസർ പ്രൊഫസർ ജോനാഥൻ ബെംഗെർ പറയുന്നു. ഹൈബ്രിഡ് ക്ലോസ്ഡ് ലൂപ് സിസ്റ്റം ഉപയോഗിക്കുന്നത് തീർച്ചയായും മാറ്റങ്ങൾ കൊണ്ടുവരുമെന്നും അദ്ദേഹം പറഞ്ഞു. രോഗികളുടെ ആരോഗ്യവും ക്ഷേമവും മെച്ചപ്പെടുത്തുന്നതിനൊപ്പം ഇതിന് എൻ എച്ച് എസ്സിന്റെ പണം ലാഭിക്കാനും കഴിയുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
മറുനാടന് മലയാളി ബ്യൂറോ