ക്സ്ഫോർഡ് യൂണിവേഴ്സിറ്റിയിലേയും ഫ്രാൻസിസ് ക്രിക്ക് ഇൻസ്റ്റിറ്റിയുട്ടിലെയും യൂണിവേഴ്സിറ്റി കോളേജ് ലണ്ടനിലേയും ശാസ്ത്രജ്ഞാർ ശ്വാസകോശാർബുദം തടയുന്നതിനുള്ള വാക്സിൻ വികസിപ്പിച്ചതായി റിപ്പോർട്ടുകൾ പുറത്തു വരുന്നു. ഓക്സ്ഫോർഡ് - അസ്ട്ര സെനെക കോവിഡ് -19 വാക്സിൻ വികസിപ്പിക്കാൻ ഉപയോഗിച്ചതിന് സമാനമായ സാങ്കേതിക വിദ്യ ഉപയോഗിച്ചാണ് ഇവർ സംയുക്തമായി പുതിയ ലംഗ് വാക്സ് വികസിപ്പിച്ചതെന്നും റിപ്പോർട്ടിൽ പറയുന്നു.

കാൻസർ റിസർച്ച് യു കെയും ക്രിസ് കാൻസർ ഫൗണ്ടേഷനും ഇതിനായി 1.7 മില്യൻ പൗണ്ടിന്റെ ധനസഹായമായിരുന്നു അനുവദിച്ചത്. വാക്സിന്റെ 3000 ഡോസുകൾ ഉദ്പാദിക്കുന്നതിനും ഇതിൽ തുക വകയിരുത്തിയിട്ടുണ്ട്. ലംഗ് കാൻസർ കോശങ്ങളിലെ റെഡ് ഫ്ളാഗ് പ്രോട്ടീൻ ആയ നിയോആന്റിജനുകളെ തിരിച്ചറിയുന്നതിനും അവയെ നശിപ്പിക്കുന്നതിനുമായി പ്രതിരോധ സംവിധാനത്തെ പരിശീലിപ്പിക്കാൻ ഡി എൻ എ സ്ട്രാന്ദ് ഉപയോഗിക്കുക എന്ന സാങ്കേതിക വിദ്യയാണ് ഇവിടെയും ഉപയോഗിച്ചിരിക്കുന്നത്.

കോശങ്ങളിലെ ഡി എൻ എ യുടെ അകത്തായിരിക്കും കാൻസറിന് കാരണമാകുന്ന ഉൽപരിവർത്തനങ്ങൾ നടക്കുക എന്നതിനാൽ, ഈ നിയോആന്റിജനുകൾ സാധാരണയായി കാണപ്പെടുക കോശങ്ങളുടെ ഉപരിതലത്തിൽ ആയിരിക്കും. കാൻസർ റിസർച്ച് യു കെയുടെ കണക്കുകൾ പ്രകാരം യു കെയിൽ മാത്രം പ്രതിവർഷം 48,500 ഓളം ശ്വാസകോശ അർബുദ രോഗികളാണ് ഉണ്ടാകുന്നത്. ഇതിൽ 72 ശതമാനം പേർക്കും രോഗം പിടിപെടുന്നത് പുകവലി മൂലമാണെന്നും റിപ്പോർട്ടിൽ പറയുന്നുണ്ട്.

എന്നാൽ, ലംഗ് വാക്സ് ഭാവിയിലേക്ക് ഒരു കരുതൽ നൽകുകയാണെന്ന് കാൻസർ റിസർച്ച് യു കെയുടെ ചീഫ് എക്സിക്യുട്ടീവ് മിഷേൽ മിറ്റ്ഷെൽ പറയുന്നു. അർബുദം തടയാൻ കൂടുതൽ സാധ്യതകൾ ഇത് തുറന്നു തരും. കോവിഡ് മഹാമാരിയിൽ നിന്നും ലോകത്തെ രക്ഷിച്ച ആധുനിക ശാസ്ത്രം അധികം വൈകാതെ കാൻസറിനെ ഭയക്കാതെ ജീവിക്കാൻ കഴിയുന്ന മെച്ചപ്പെട്ട ഒരു ലോകം സൃഷ്ടിക്കുമെന്നും അവർ കൂട്ടിച്ചേർത്തു.

ലാബ് പരീക്ഷണത്തിൽ, ഈ വാക്സിൻ, ശരീരത്തിലെ പ്രതിരോധ സംവിധാനത്തിന്റെ പ്രതികരണ ശേഷിയെ ഉത്തേജിപ്പിക്കുന്നു എന്ന് കണ്ടെത്തിയാൽ ഇത് ക്ലിനിക്കൽ ട്രയലിന് സജ്ജമാക്കും. ഇതിൽ നിന്നും അനുകൂല ഫലമാണ് ഉണ്ടാകുന്നതെങ്കിൽ കൂടുതൽ വ്യാപകമായ പരീക്ഷണങ്ങൾ, കൂടുതൽ പേരിൽ നടത്തും. ശ്വാസകോശ അർബുദം വരാൻ ഏറെ സാധ്യതയുള്ളവരിലായിരിക്കും ഈ ഘട്ടത്തിൽ വാക്സിൻ പരീക്ഷിക്കുക. ഇപ്പോൾ പുക വലിക്കുന്നവരോ, നേരത്തെ പുക വലിച്ചിരുന്നവരോ ആയ 55 നും 74 നും ഇടയിൽ പ്രായമുള്ളവരാണ് ഈ രോഗം വരാൻ ഏറെ സാധ്യതയുള്ളവരായി കണക്കാക്കപ്പെടുന്നത്.

ശ്വാസകോശാർബുദം ബാധിച്ചവരിൽ വെറും 10 ശതമാനം പേർ മാത്രമാണ് 10 വർഷമോ അതിലധികമോ ജീവിക്കുക. ആ അവസ്ഥ മാറണം എന്നാണ് ലംഗ് വാക്സ് ക്ലിനിക്കൽ ടെസ്റ്റുകൾക്ക് നേതൃത്വം നൽകുന്ന, യൂണിവേഴ്സിറ്റി കോളേജ് ലണ്ടനിലെ പ്രൊഫസർ മറിയം ജമാൽ ഹഞ്ജാനി പറയുന്നത്. ഈ രോഗം വരുവാൻ സാധ്യതയുള്ളവരിൽ കൃത്യമായ ഇടവേളകളിൽ ശ്വാസകോശ പരിശോധനകൾ നടത്തി രോഗം നേരത്തെ കണ്ടുപിടിക്കുന്നതിനുള്ള ശ്രമങ്ങൾക്കൊപ്പം, രോഗത്തെ ചെറുക്കുന്നതിനുള്ള ഫലപ്രദമായ ഒരു ഉപാധിയായി മാറും ഈ വാക്സിൻ.