- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
നിങ്ങള്‍ ചായയാണോ കാപ്പിയാണോ കുടിക്കുന്നത്? ഇതില്‍ ഒന്ന് ഹാര്‍ട്ട് അറ്റാക്ക് കുറയ്ക്കുമ്പോള്‍ മറ്റൊന്ന് ഹാര്‍ട്ട് അറ്റാക്ക് സാധ്യത ഉയര്‍ത്തും; ചായ-കാപ്പി ഉപഭോക്താക്കളില്‍ നടത്തിയ പഠന റിപ്പോര്‍ട്ട് ഇങ്ങനെ
കാപ്പിയോ ചായയോ കുടിക്കാത്തവര്‍ നമുക്കിടയില്‍ വിരളമായിരിക്കും. ഇതില്‍ ഏതാണ് മെച്ചപ്പെട്ട പാനീയം എന്നതില്‍ കാലാകാലങ്ങളായി തര്‍ക്കവും നിലനില്‍ക്കുന്നുണ്ട്. ഊര്‍ജ്ജസ്വലത വര്‍ദ്ധിപ്പിക്കുന്നു, വയറെരിച്ചില്‍ കുറയ്ക്കുന്നു, ഹൃദ്രോഗ സാധ്യത കുറയ്ക്കുന്നു എന്നൊക്കെ ഈ രണ്ട് പാനീയങ്ങളുടെയും ആരോഗ്യപരമായ പ്രയോജനങ്ങളും നാം കേള്‍ക്കാറുണ്ട്. എന്നാല്‍, ഹൃദയാഘാതത്തിന്റെ കാര്യത്തില്‍ ഇവയിലൊന്ന് തനി വില്ലനാണെന്നാണ് അടുത്തിടെ പ്രസിദ്ധീകരിച്ച ഒരു പഠന റിപ്പോര്‍ട്ടില്‍ പറയുന്നത്.
വിവിധ രാജ്യങ്ങളില്‍ നിന്നായി 25,000 ആളുകളില്‍ നടത്തിയ പഠനത്തില്‍ കണ്ടെത്തിയത്, പ്രതിദിനം നാല് കപ്പില്‍ അധികം കാപ്പി കുടിച്ചാല്‍ ഹൃദയാഘാതത്തിനുള്ള സാധ്യത 40 ശതമാനം വര്‍ദ്ധിക്കും എന്നാണ്. അതേസമയം, സമാനമായ അളവില്‍ ചായകുടിക്കുന്നത് ഹൃദയാഘാതത്തിനുള്ള സാധ്യത 20 ശതമാനം കുറയ്ക്കുകയും ചെയ്യും. സ്ഥിരമായി കാപ്പി കുടിക്കുന്നവര്‍ക്ക് ഉയര്‍ന്ന രക്ത സമ്മര്‍ദ്ദം പോലുള്ള പ്രശ്നങ്ങള്‍ ഉണ്ടകാന്‍ ഇടയുണ്ടെന്നും അതാവാം ഹൃദയാഘാതത്തിനുള്ള സാധ്യത വര്‍ദ്ധിപ്പിക്കുന്നതെന്നുമാണ് ഗവേഷകര്‍ പറയുന്നത്.
ഇന്റര്‍നാഷണല്‍ ജേര്‍ണല്‍ ഓഫ് സ്‌ട്രോക്കില്‍ പ്രസിദ്ധീകരിച്ച ഈ പഠനത്തില്‍ യു. കെ, കാനഡ എന്നിവ ഉള്‍പ്പടെ 32 രാജ്യങ്ങളില്‍ നിന്നായി 26,950 പേരെയാണ് പഠന വിധേയമാക്കിയത്. ഇവരില്‍ പകുതിയോളം പേര്‍, പഠനത്തിന് ഏതാനും ദിവസങ്ങള്‍ക്ക് മുന്‍പ് മാത്രം ഹൃദയാഘാതം അനുഭവിച്ചവരായിരുന്നു. പങ്കെടുത്തവരുടെ ശരാശരി വയസ്സ് 61 ആയിരുന്നു. അവരില്‍ ഭൂരിഭാഗവും പുരുഷന്മാരും. മാത്രമല്ല, അവരില്‍ പലര്‍ക്കും, ഹൃദയാഘാതത്തിന് കാരണമകുന്ന അമിതവണ്ണവും ഉണ്ടായിരുന്നു.
പങ്കാളികള്‍ക്ക് അവരുടെ മെഡിക്കല്‍ ഹിസ്റ്ററി, ഭക്ഷണ ക്രമം, കായിക വ്യായാമങ്ങള്‍, എന്നിവയ്‌ക്കൊപ്പം ഹൃദയാഘാതവുമായി ബന്ധപ്പെട്ട് പുകവലി, ഉയര്‍ന്ന രക്തസമ്മര്‍ദ്ദം എന്നിവയെ കുറിച്ചും വിശദമാക്കാന്‍ കഴിയുന്ന ഒരു ചോദ്യാവലി പൂരിപ്പിക്കാനായി നല്‍കുകയായിരുന്നു. അതുപോലെ കാപ്പി, ചൈനീസ് അല്ലെങ്കില്‍ ജാപ്പനീസ് ഗ്രീന്‍ ടീ, കട്ടന്‍ ചായ, മറ്റു തരത്തിലുള്ള ചായ എന്നിവ ദിവസവും എത്ര കപ്പ് വീതം കുടിക്കും എന്നും അതില്‍ ചോദിച്ചിരുന്നു. പങ്കെടുത്തവരില്‍ അഞ്ചില്‍ ഒരാള്‍ ഈ രണ്ട് പാനീയങ്ങളും ഉപയോഗിക്കാത്തവരായിരുന്നു. പകുതിയോളം പേര്‍ ചായ മാത്രം കുടിക്കുന്നവരായി ഉള്ളപ്പോള്‍, 15 ശതമാനം പേര്‍ കാപ്പി മാത്രം കുടിക്കുന്നവരായിരുന്നു. അഞ്ചില്‍ ഒരാള്‍ വീതം ഇവ രണ്ടും കുടിക്കുന്നവരുമായിരുന്നു.
പ്രതിദിനം നാലോ അതിലധികമോ കപ്പ് കാപ്പി കുടിക്കുന്നവരില്‍ ഹൃദയാഘാതത്തിനുള്ള സാധ്യത 37 ശതമാനത്തോളം അധികമാണെന്നാണ് ഗവേഷകര്‍ കണ്ടെത്തിയത്. അതേസമയം, സമാനമായ അളവിലുള്ള ചായയുടെ ഉപയോഗം അപകട സാധ്യത 19 ശതമാനത്തോളം കുറയ്ക്കുകയും ചെയ്തു. ഹൃദയാഘാതത്തിനുള്ള സാധ്യത ഏറ്റവും അധികം കുറയ്കുന്നത് കട്ടന്‍ ചായ ആയിരുന്നു, 29 ശതമാനം. ഗ്രീന്‍ ടീ ഹൃദയാഘാതത്തിന്റെ സാധ്യത 27 ശതമാനം കുറയ്ക്കുന്നതായും കണ്ടെത്തി.