ന്‍സ്റ്റാഗ്രാമും ടിക് ടോക്കും പോലെയുള്ള സോഷ്യല്‍ മീഡിയ സൈറ്റുകള്‍ ഉപയോഗിക്കാന്‍ കുട്ടികളെ അനുവദിക്കുന്നവര്‍ ഒരു കാര്യം ശ്രദ്ധിക്കുക. ഇത് ഭാവിയില്‍ അവര്‍ക്ക് വലിയ ഭീഷണിയായി മാറും. ഇത്തരം കുട്ടികള്‍ കൗമാരത്തില്‍ എത്തുമ്പോള്‍ വിഷാദ രോഗികളായി മാറുമെന്നാണ് ഒരു സംഘം വിദഗ്ധര്‍ ഇപ്പോള്‍ വ്യക്തമാക്കിയിരിക്കുന്നത്. മാനസികാരോഗ്യ പ്രശ്‌നങ്ങളും സോഷ്യല്‍ മീഡിയ ഉപയോഗവുമായി ഏറെ ബന്ധം ഉണ്ടെന്ന കാര്യം വളരെക്കാലമായി സ്ഥിരീകരിച്ചിട്ടുണ്ട്. ജിവിതത്തില്‍ അസന്തുഷ്ടരായ കുട്ടികള്‍ ശ്രദ്ധ തിരിക്കാനും ആശ്വാസത്തിനും വേണ്ടി സോഷ്യല്‍ മീഡിയയിലേക്ക് തിരിയാനുമുള്ള സാധ്യത വളരെ കൂടുതലാണ് എന്നാണ് ഗവേഷകര്‍ പറയുന്നത്.

അമേരിക്കയിലെ ഒമ്പത് മുതല്‍ 12 വയസ് വരെ പ്രായമുള്ള പന്ത്രണ്ടായിരം കുട്ടികള്‍ക്കിടയില്‍ നടത്തിയ പഠനത്തിലാണ് ഇക്കാര്യം വെളിവാക്കപ്പെട്ടിരിക്കുന്നത്. വിഷാദരോഗികളായ ഒമ്പത്, പത്ത് വയസ്സ് പ്രായമുള്ള കുട്ടികള്‍ അവര്‍ക്ക് 13 വയസാകുമ്പോള്‍ സോഷ്യല്‍ മീഡിയയില്‍ കൂടുതല്‍ സമയം ചെലവഴിക്കുന്നതില്‍ താല്‍പ്പര്യം കാട്ടുന്നില്ല എന്നാണ് പഠനത്തില്‍ നിന്ന് വ്യക്തമായിരിക്കുന്നത്. എന്നാല്‍ സോഷ്യല്‍ മീഡിയയില്‍ ഏറ്റവും കൂടുതല്‍ സമയം ചെലവഴിച്ച 12, 13 വയസ്സ് പ്രായമുള്ള കുട്ടികളിലാണ് വിഷാദരോഗ ലക്ഷണങ്ങള്‍ കൂടുതലായി കാണപ്പെടുന്നത്. കുട്ടികള്‍ കൗമാരപ്രായത്തില്‍ എത്തിയതോടെ ഓരോ ദിവസവും ഇവര്‍ സോഷ്യല്‍ മീഡിയയില്‍ ചെലവഴിക്കുന്ന സമയം ഏഴ് മിനിട്ടില്‍ നിന്ന് ഒരു മണിക്കൂറായി വര്‍ദ്ധിച്ചതായും കണ്ടെത്തി.

അമിതമായി സോഷ്യല്‍ മീഡിയയില്‍ സമയം ചെലവിടുന്നത് വിഷാദരോഗത്തിന് ആക്കം കൂട്ടുന്നതിന് കാരണമാകാം എന്നാണ് സാന്‍ ഫ്രാന്‍സിസ്‌കോയിലെ കാലിഫോര്‍ണിയ സര്‍വകലാശാലയിലെ ശാസ്ത്രജ്ഞര്‍ സൂചിപ്പിക്കുന്നത്. സൈബര്‍ ലോകത്ത് അമിതമായി സമയം ചെലവഴിക്കുന്നതും ഉറക്കക്കുറവുമാണ് പല കുട്ടികള്‍ക്കും വളരെ ചെറിയ പ്രായത്തില്‍ തന്നെ വിഷാദരോഗത്തിന് അടിമകള്‍ ആകേണ്ട സാഹചര്യം ഉണ്ടാക്കുന്നതെന്നാണ് കാലിഫോര്‍ണിയ സര്‍വകലാശാലയിലെ പീഡിയാട്രിക്സ് വിദഗ്ദ്ധനും ഗവേഷണത്തിന് നേതൃത്വം നല്‍കുന്ന വ്യക്തിയുമായ ഡോ. ജേസണ്‍ നാഗാറ്റ പറയുന്നത്. ഇംഗ്ലണ്ടിലെ കുട്ടികളില്‍ നാലിലൊന്ന് പേര്‍ക്കും വിഷാദരോഗം പോലുള്ള മാനസിക വൈകല്യമുണ്ടെന്ന് ഔദ്യോഗികമായി തന്നെ ഈയിടെ സ്ഥിരീകരിച്ച സാഹചര്യത്തിലാണ് ഈ പഠന റിപ്പോര്‍ട്ട് പുറത്തു വരുന്നത്.

ഒരു വര്‍ഷം മുമ്പ് അഞ്ചില്‍ ഒരാള്‍ക്ക് എന്ന തോതില്‍ ഇത് വര്‍ദ്ധിക്കുകയും ചെയ്തിരുന്നു.സൈബര്‍ ലോകത്ത് കൂടുലായി സമയം ചെലവിടുന്ന പതിനൊന്ന് മുതല്‍ 12 വയസ് വരെയുള്ള കുട്ടികള്‍ ആത്മഹത്യാ പ്രേരണ കൂടുതല്‍ കാട്ടുന്നതായും വിദഗ്ധര്‍ പറയുന്നു. കുട്ടികള്‍ക്ക് സോഷ്യല്‍ മീഡിയയില്‍ സമയം ചെലവിടുന്നതിന് മാതാപിതാക്കള്‍ സമയക്രമം നിശ്ചയിക്കുന്നതും അവരെ വിപത്തില്‍ നിന്ന് രക്ഷിക്കാന്‍ ഏറെ സഹായകമാകും. എന്നാല്‍ ചില ബ്രിട്ടീഷുകാരായ വിദഗ്ധര്‍ ഈ പഠന റിപ്പോര്‍ട്ട് തള്ളിക്കളയുകയാണ്. സോഷ്യല്‍ മീഡിയ ഉപയോഗവും വിഷാദരോഗവും തമ്മില്‍ വലിയ ബന്ധമില്ല എന്നാണ് ഫ്ളോറിഡയിലെ സ്റ്റെറ്റ്സണ്‍ യൂണിവേഴ്സിറ്റിയിലെ മനഃശാസ്ത്ര വിദഗ്ദ്ധനായ പ്രൊഫസര്‍ ക്രിസ് ഫെര്‍ഗൂസണ്‍ വ്യക്തമാക്കുന്നത്.

ഈ പഠനത്തെ കുറിച്ചുള്ള ഏറ്റവും വലിയ പരിമിതി കുട്ടികള്‍ തങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ ചെലവഴിക്കുന്ന സമയത്തെ കുറിച്ച് സത്യസന്ധമായിട്ട് തന്നെയാണോ സര്‍വ്വേയില്‍ വെളിപ്പെടുത്തിയത് എന്നാണ്.