- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കേരളത്തിൽ പടരുന്ന നിപ്പ വൈറസ് ബാധയെ യു കെ ആരോഗ്യ സുരക്ഷാ വിഭാഗം നിരീക്ഷിക്കുന്നു; അസ്ട്രാസെനിക്ക വികസിപ്പിച്ച ഓക്സ്ഫോർഡ് ഗവേഷകരുടെ നേതൃത്വത്തിൽ നിപ്പാ വൈറസിന്റെ ക്ലിനിക്കൽ ട്രയലിന് തയ്യാറെടുക്കുന്നതായി സൂചന
കോഴിക്കോട്/ലണ്ടൻ: ഇതുവരെ ഫലപ്രദമായ ചികിത്സയില്ലാത്ത, ബാധിച്ചവരിൽ 75 ശതമാനം വരെ പേരുടെ മരണത്തിനിടയാക്കിയേക്കാവുന്ന നിപ്പ വൈറസിന്റെ ബ്രിട്ടീഷ് ആരോഗ്യ വിദഗ്ദ്ധർ സൂക്ഷ്മമായി നിരീക്ഷിച്ചുകൊണ്ടിരിക്കുകയാണെന്ന് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. കേരളത്തിൽ ഇതിനോടകം തന്നെ രണ്ടു പേരുടെ മരണത്തിനിടയാക്കിയ വൈറസ് ബാധയാണ് ഇപ്പോൾ ബ്രിട്ടീഷ് വിദഗ്ദ്ധർ നിരീക്ഷിക്കുന്നത്. മറ്റ് അഞ്ചു പേരിൽ കൂടി നിപ്പ വൈറസിന്റെ സാന്നിദ്ധ്യം സ്ഥിരീകരിച്ചിട്ടുണ്ട്.
യു കെ ഹെൽത്ത് ആന്ദ് സെക്യുരിറ്റി ഏജൻസി (യു കെ എച്ച് എസ് എ) ഈ വ്യാപനത്തെ അതീവ ഗൗരവത്തോടെ നിരീക്ഷിക്കുന്നതായി മെയ്ൽ ഓൺലൈൻ ആണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. മസ്തിഷ്‌ക്കത്തെ ബാധിക്കാൻ ഇടയുള്ള ഈ വൈറസിന്റെ വ്യാപനം ഭയന്ന് കേരളത്തിലെ അധികൃതർ സ്‌കൂളുകൾക്കും ഓഫീസുകൾക്കും അവധി കൊടുത്തതായും, ഒൻപത് ഗ്രാമങ്ങളെ കണ്ടെയ്ന്റ്മെന്റ് സോണുകളായി പ്രഖ്യാപിച്ചതായും റിപ്പോർട്ടിൽ പറയുന്നു.
പഴം തീനി വവ്വാലുകളിൽ നിന്നാണ് ഈ രോഗം മനുഷ്യരിലേക്കെത്തുന്നത്. പഴങ്ങളിൽ അവശേഷിക്കാൻ ഇടയുള്ള, വവ്വാലിന്റെ ഉമിനീർ, മൂത്രം തുടങ്ങിയ ശരീര സ്രവങ്ങളിലൂടെയാണ് നിപ്പ പകരുന്നത്. ശ്വാസോച്ഛ്വാസ തടസ്സം വഴിയും മസ്തിഷ്‌ക്ക വീക്കത്തിനു കാരണമായും നിപ്പക്ക് മനുഷ്യരെ മരണത്തിലെത്തിക്കാൻ കഴിയും. ഇതിന് ഫലപ്രദമായ വാക്സിനോ മരുന്നുകളോ ഇതുവരെ കണ്ടെത്തിയിട്ടില്ല. രോഗ ലക്ഷണങ്ങളെ ചികിത്സിക്കുകയാണ് ഇപ്പോൾ ചെയ്യുന്നത്. ഈ സമയത്ത് ശരീരം സ്വയം വൈറസ് ബാധയോട് പൊരുതും.
യു കെ എച്ച് എസ് എയുടെ പകർച്ചവ്യാധി- ജന്തുജന്യ രോഗ സംഘം ഈ രോഗ വ്യാപനത്തെ അതി ഗൗരവം നിരീക്ഷിക്കുന്നതായി യു കെ എച്ച് എസ് എ വക്താവ് അറിയിച്ചു. ഇതുവരെ യു കെയിൽ നിപ്പയുടെ സാന്നിദ്ധ്യം കണ്ടെത്തിയിട്ടില്ല. മാത്രമല്ല, ഇവിടേക്ക് നിപ്പ എത്തുന്നതിനുള്ള സാധ്യതയും തുലോം വിരളമാണ്. ഓക്സ്ഫോർഡിലെ ശാസ്ത്രജ്ഞർ, നിപ്പ വ്യാപനമുള്ളിടങ്ങളിലെ പ്രാദേശിക പങ്കാളികളുമായി ചേർന്ന് നിപ്പയെ കുറിച്ച് കൂടുതൽ അറിയാൻ ശ്രമിച്ചുകൊണ്ടിരിക്കുകയാണെന്ന് യൂണിവേഴ്സിറ്റി ഓക്സ്ഫോർഡിലെ പാൻഡമിക് സയൻസ് ഇൻസ്റ്റിറ്റിയുട്ടിലെ വിദഗ്ധൻ പ്രൊഫസർ മൈൻസ് കരോൾ പറയുന്നു.
അതോടൊപ്പം കോവിഡ് വാക്സിനായി ഉപയോഗിച്ച അതേ സാങ്കേതിക വിദ്യ ഉപയോഗിച്ച് നിപ്പ വാക്സിൻ ക്ലിനിക്കൽ ട്രയലിനായി തയ്യാറാക്കാനുള്ള ശ്രമവും ഓക്സ്ഫോർഡിലെ ശാസ്ത്രജ്ഞർ നടത്തുകയാണ്. ഇതുവരെ യു കെ യിൽ നിപ്പ വൈറസ് എത്തിയിട്ടില്ലെങ്കിലും അത് വരാനുള്ള സാധ്യത തള്ളിക്കളയാൻ ആകില്ലെന്നും വിദഗ്ദ്ധർ പറയുന്നു. സാധാരണയായി നാല് മുതൽ പതിനാല് ദിവസം വരെയാണ് നിപ്പയുടെ സുഷുപ്തി കാലം (ഇൻകുബേഷൻ പിരിയഡ്).
വൈറസ് ശരീരത്തിൽ പ്രവേശിച്ചതിന് ശേഷം, രോഗ ലക്ഷണങ്ങൾ പ്രദർശിപ്പിക്കപ്പെടുന്നത് വരെയുള്ള കാലമാണ് സുഷുപ്തി കാലമായി കണക്കാക്കുന്നത്. ഈ കാലയളവിൽ രോഗബാധ കണ്ടെത്തുക ക്ലേശകരമായതിനാലാണ് നിപ്പ എവിടെയുമെത്താനുള്ള സാധ്യത തള്ളിക്കളയാൻ ആകാത്തത്. 2018-ൽ ആദ്യ നിപ്പ വൈറസ് ബാധ ഉണ്ടായതിന് ശേഷം ഇത് നാലാമത്തെ തവണയാണ് കേരളത്തിൽ ഉണ്ടാകുന്നത്. 2019- ലും 2021 ലും ഇവിടെ നിപ്പ ബാധ ഉണ്ടായി.
മലേഷ്യയിലെ, പന്നിവളർത്തൽ ഉപജീവനമാക്കിയവരിൽ ആയിരുന്നു 1999-ൽ ആദ്യമായി നിപ്പയുടെ സാന്നിദ്ധ്യം കണ്ടെത്തുന്നത്. അതിനു ശേഷം ഒട്ടു മിക്ക വർഷങ്ങളിലും ഇത് ബംഗ്ലാദേശിൽ കണ്ടെത്താറുണ്ട്. ഇതുവരെയുള്ള കണക്കുകളുടെ അടിസ്ഥാനത്തിൽ നിപ്പ ബാധിച്ചവരിലെ മരണ നിരക്ക് 40 മുതൽ 75 ശതമാനം വരെയാണെന്നാണ് കണക്കാക്കപ്പെടുന്നത്.
മറുനാടന് ഡെസ്ക്