ന്യൂയോര്‍ക്ക്: അമേരിക്കക്കാരെ കുറിച്ചുള്ള ഞെട്ടിക്കുന്ന ഒരു വെളിപ്പെടുത്തലാണ് ഇപ്പോള്‍ ആരോഗ്യവിദഗ്ധര്‍ നടത്തുന്നത്. അമേരിക്കക്കാര്‍ കഴിക്കുന്ന എഴുപത് ശതമാനം ഭക്ഷണസാധനങ്ങളിലും ഡിമെന്‍ഷ്യ, ഓട്ടിസം എന്നിവക്ക് കാരണമാകുന്ന നിരവധി ഘടകങ്ങള്‍ അടങ്ങിയിട്ടുണ്ടെന്നാണ് ഈ പഠനം തെളിയിക്കുന്നത്. ചിപ്‌സ് മുതല്‍ പ്രോട്ടീന്‍ ബാറുകള്‍ വരെ ഉള്‍പ്പെടുന്ന അള്‍ട്രാ-പ്രോസസ്ഡ് ഭക്ഷണസാധനങ്ങള്‍ നാഡീവ്യൂഹങ്ങളുമായി ബന്ധപ്പെട്ട് ഉണ്ടാകുന്ന നിരവധി ആരോഗ്യപ്രശ്നങ്ങള്‍ക്ക് കാരണമാകുന്നു എന്നാണ് ഇപ്പോള്‍ വ്യക്തമായിരിക്കുന്നത്.

ഇതിലെ പ്രധാന വില്ലന്‍ ഇവയില്‍ ഒളിഞ്ഞിരിക്കുന്ന മൈക്രോപ്ലാസ്റ്റിക്സ് ആയിരിക്കാമെന്നാണ് ഗവേഷകര്‍ മനസിലാക്കുന്നത്. പ്ലാസ്റ്റിക് റാപ്പറുകളിലും പാത്രങ്ങളിലുമായിട്ടാണ് ഇപ്പോള്‍ പലപ്പോഴും ഭക്ഷണ സാധനങ്ങള്‍ സംസ്‌ക്കരിക്കുന്നതും പാക്കേജിംഗ് നടത്തുന്നതും. അത് കൊണ്ട് തന്നെ ഇവ വളരെ പെട്ടെന്ന് നമ്മുടെ ശരീരത്തെ ദോഷകരമായി ബാധിക്കും. ഭക്ഷണങ്ങളുടെ സംസ്‌കരണത്തിലും പാക്കേജിംഗിലും മലിനീകരണം സംഭവിക്കാമെന്നതിനാല്‍ യുപിഎഫുകള്‍ മൈക്രോപ്ലാസ്റ്റിക്ക് സാധ്യത കൂടുതലാണെന്ന് പഠനങ്ങള്‍ തെളിയിച്ചിട്ടുണ്ട്.

അള്‍ട്രാ-പ്രോസസ്ഡ് ഭക്ഷണ സാധനങ്ങളില്‍ ഭക്ഷണത്തേക്കാള്‍ ഗണ്യമായി ഉയര്‍ന്ന അളവില്‍ മൈക്രോപ്ലാസ്റ്റിക് അടങ്ങിയിട്ടുണ്ട്. ഇവ തലച്ചോറില്‍ വന്‍തോതില്‍ സംഭരിക്കപ്പെടുകയും അങ്ങനെ നമ്മുടെ ആരോഗ്യ സംവിധാനത്തെ തന്നെ ദോഷകരമായി ബാധിക്കുകയും ചെയ്യും. ഇത് നമ്മുടെ മാനസികാരോഗ്യത്തേയും ഗുരുതരമായി ബാധിക്കും എന്നാണ് മനസിലാക്കാന്‍ കഴിയുന്നത്.

അള്‍ട്രാ-പ്രോസസ്ഡ് ഭക്ഷണങ്ങള്‍ ശരീരവീക്കം, ഓക്സിഡേറ്റീവ് സ്ട്രെസ്, എപ്പിജെനെറ്റിക്സ്, മൈറ്റോകോണ്‍ഡ്രിയല്‍ ഡിസ്ഫങ്ഷന്‍ തുടങ്ങിയ ഗുരുതരമായ പ്രശ്നങ്ങളിലേക്ക് നമ്മളെ എത്തിക്കും. ഇത്തരം ഭക്ഷണം കഴിക്കുന്ന വ്യക്തികളില്‍ ഇരുപത്തിരണ്ട് ശതമാനം

പേര്‍ക്കും വിഷാദരോഗം ബാധിക്കാന്‍ സാധ്യതയുണ്ടെന്നാണ് ഗവേഷകര്‍ പറയുന്നത്. 48 ശതമാനം പേര്‍ക്ക് അമിതമായ ഉത്ക്കണ്ഠയും 41 ശതമാനം പേര്‍ക്ക് ഉറക്കക്കുറവും ഉണ്ടാകും എന്നാണ് ഇവര്‍ നല്‍കുന്ന വിവരം.

അത് പോലെ ഇവ കോശങ്ങള്‍ക്കും കേട് വരുത്തും. അള്‍ട്രാ-പ്രോസസ്ഡ് ഭക്ഷണങ്ങള്‍ കുടലിനെ നശിപ്പിക്കുമെന്നും തലച്ചോറിനെ തകരാറിലാക്കുമെന്നും ശാസ്ത്രജ്ഞര്‍ കരുതുന്നു. ജംഗ്ഫുഡുകളില്‍ എല്ലാം തന്നെ വലിയ തോതില്‍ മധുരം ചേര്‍ത്തിട്ടുള്ളതിനാല്‍ അവ ശരീരത്തിന്റെ പല ഭാഗങ്ങളേയും തകരാറിലാക്കാന്‍ കാരണമാകും. ഇത് ഓര്‍മ്മാശക്തിയെ ബാധിക്കും. ഇത്തരം ഭക്ഷണം സ്ഥിരമായി കഴിക്കുന്നവര്‍ക്ക് ഓട്ടിസത്തിനുള്ള സാധ്യതയും കുൂടുതലാണ്. സംസ്‌കരിച്ച ഭക്ഷണങ്ങളില്‍ മെര്‍ക്കുറി, ലെഡ് എന്നിവയുള്‍പ്പെടെയുള്ള ഘന ലോഹങ്ങളുടെ അളവ് കൂടുതലായിരിക്കാം. ഇത് ഓട്ടിസത്തിന് കാരണമാകാം അല്ലെങ്കില്‍ വഷളാക്കാം.