ലോകത്തിലെ ഏറ്റവും ആരോഗ്യമുള്ള രാജ്യങ്ങൾ ഐസ്ലാൻഡ്, സിംഗപ്പൂർ, സ്വീഡൻ എന്നിവയാണെന്ന് ഏറ്റവും പുതിയ റാങ്കിങ് ഫലങ്ങൾ വെളിപ്പെടുത്തുന്നു. എന്നാൽ ആരോഗ്യകാര്യത്തിൽ ആഫ്രിക്കൻ രാജ്യങ്ങൾ വളരെ പുറകിലാണെന്നാണ് ഇതിലൂടെ വ്യക്തമായിരിക്കുന്നത്. ആരോഗ്യമുള്ള ജനതയുടെ കാര്യത്തിൽ നമീബിയയ്ക്കും ഘാനയ്ക്കും പുറകെ 143ാം സ്ഥാനത്താണ് ഇന്ത്യ നിലകൊള്ളുന്നത്. ആരോഗ്യവുമായി ബന്ധപ്പെട്ട യുഎന്നിന്റെ സസ്‌റ്റൈനബിൾ ഡെവലപ്മെന്റ് ഗോൾസി(എസ്ഡിജി)നെ അടിസ്ഥാനമാക്കി ദി ലാൻസെറ്റാണീ റാങ്കിങ് നിർവഹിച്ചിരിക്കുന്നത്.

ഇതു പ്രകാരം ആരോഗ്യകാര്യത്തിൽ ബ്രിട്ടന് ലോക്തതിൽ അഞ്ചാം സ്ഥാനമാണുള്ളത്.എന്നാൽ മികച്ച ഹെൽത്ത് കെയർ സിസ്റ്റമാണ് യുഎസിലുള്ളതെങ്കിലും ആരോഗ്യത്തിന്റെ കാര്യത്തിൽ യുഎസിന് ലോകത്തിൽ 28ാം സ്ഥാനം മാത്രമേയുള്ളൂ. ഇക്കാര്യത്തിൽ ബ്രൂണെ, സ്ലോവേനിയ എന്നിവയ്ക്ക് താഴെയാണ് അമേരിക്കയുടെ സ്ഥാനം. എച്ച്ഐവി, ആൽക്കഹോൾ, കുട്ടികളിലെ പൊണ്ണത്തടി തുടങ്ങിയവ കാരണമുള്ള മരണങ്ങൾ ഇവിടെയേറെയുള്ളതാണ് അമേരിക്കയുടെ റാങ്ക് താഴെപ്പോകാൻ കാരണമായിരിക്കുന്നത്.

188 രാജ്യങ്ങളുടെ ലിസ്റ്റിൽ ഏറ്റവും മുകളിലായിട്ടാണ് ഐസ് ലാൻഡ് ആരോഗ്യത്തിൽ ഒന്നാമതെത്തിയിരിക്കുന്നത്. തുടർന്ന് സിംഗപ്പൂരും സ്വീഡനമാണീ ലിസ്റ്റിലുള്ളതെന്നാണ് സിയാറ്റിലിലെ യൂണിവേഴ്സിറ്റി ഓഫ് വാഷിങ്ടണിലെ ഗവേഷകർ ചൂണ്ടിക്കാട്ടുന്നത്.ആരോഗ്യകാര്യത്തിൽ ഏറ്റവും താഴെയുള്ളത് സെൻട്രൽ ആഫ്രിക്കൻ റിപ്പബ്ലിക്ക്, സോമാലി, സൗത്ത് സുഡാൻ തുടങ്ങിയ രാജ്യങ്ങളാണ്. നല്ല രീതിയിലുള്ള സാമ്പത്തിക വളർച്ച പ്രകടമാക്കുന്നുവെങ്കിലും ആരോഗ്യകാര്യത്തിൽ ഇന്ത്യ വളരെ പുറകിലാണെന്നും ഈ ഗവേഷണം വെളിപ്പെടുത്തുന്നു.

ലിബിയ, സിറിയ തുടങ്ങിയവടക്കമുള്ള അഞ്ച് രാജ്യങ്ങൾ ആരോഗ്യത്തിൽ പ്രതീക്ഷിച്ചതിനേക്കാൾ താഴെപ്പോയിരിക്കുകയാണ്. ഇവിടങ്ങളിലെ യുദ്ധവും ആക്രമണങ്ങളുമാണിതിന് കാരണം. 1990നും 2015നും ഇടയിൽ ലോകമാകമാനം ഉണ്ടായ മഹാരോഗങ്ങൾ, പരുക്കുകൾ, തുടങ്ങിയവയിൽ നിന്നുള്ള ഡാറ്റകളെ അടിസ്ഥാനമാക്കിയാണീ പഠനം നടത്തിയിരിക്കുന്നത്. ഇതനുസരിച്ചാണ് രാജ്യങ്ങൾക്ക് ആരോഗ്യ കാര്യത്തിലുള്ള റാങ്കിങ് നിർവഹിച്ചിരിക്കുന്നത്.

കുട്ടികളിലെ പൊണ്ണത്തടി, ആൽക്കഹോൾ ഉപയോഗം തുടങ്ങിയവയെ നിയന്ത്രിക്കാൻ വിവിധ രാജ്യങ്ങൾ ഗുരുതരമായ വെല്ലുവിളികൾ നേരിടുന്നുണ്ടെന്നാണ് ഈ പഠനം മുന്നറിയിപ്പേകിയിരിക്കുന്നത്. എന്നാൽ ലോകാരോഗ്യ സംഘടന നിശ്ചയിച്ച ചില ലക്ഷ്യങ്ങൾ ആരോഗ്യവിഷയത്തിൽ നേടിടെയുക്കാൻ 2000 മുതൽ ചില രാജ്യങ്ങൾക്കെങ്കിലും സാധിച്ചിട്ടുണ്ടെന്നും തെളിഞ്ഞിട്ടുണ്ട്.

ഇതനുസരിച്ച് ടിമോർ-ലെസ്റ്റെ, താജികിസ്ഥാൻ, കൊളംബിയ, തായ് വാൻ എന്നീ രാജ്യങ്ങൾ ആരോഗ്യത്തിൽ പ്രതീക്ഷിച്ചതിനേക്കാൾ പുരോഗതി കൈവരിച്ചിട്ടുണ്ട്. ഹെൽത്ത് കെയറിൽ ഇവിടുത്തെ സർക്കാരുകൾ ഉയർന്ന നിക്ഷേപം നടത്തിയതാണിതിന് കാരണമെന്ന് വിദഗ്ദർ അഭിപ്രായപ്പെടുന്നു. അഞ്ചിൽ മൂന്ന് രാജ്യങ്ങളും ബാലമരണങ്ങളും ഗർഭസ്ഥമരണങ്ങളും ഇല്ലാതാക്കുന്നതിൽ ലക്ഷ്യം കണ്ടിട്ടുണ്ട്. 

മൊത്തം രാജ്യങ്ങളെ പരിഗണിച്ചാൽ ഹെപ്പറ്റൈറ്റിസ് ബിയെ നിയന്ത്രിക്കുന്നതിൽ മിക്കവയും കാര്യമായ നേട്ടമുണ്ടാക്കിയിട്ടില്ല. എന്നാൽ കുട്ടികളിലെ പൊണ്ണത്തടി, ആൽക്കഹോൾ ഉപയോഗം എന്നിവ നിയന്ത്രിക്കുന്നതിൽ മിക്ക രാജ്യങ്ങളും കനത്ത പരാജയവുമാണ്. അഞ്ചിലൊന്നിനടുത്ത് വരുന്ന രാജ്യങ്ങൾ മിതമായ വിലയിൽ സുരക്ഷിതമായ കുടിവെള്ളം ലക്ഷ്യമാക്കുകയെന്ന ലക്ഷ്യത്തിലെത്തിയിട്ടുണ്ട്.

എന്നാൽ ടിബി,എച്ച്ഐവി എന്നീ രോഗങ്ങളെ പൂർണമായും നിർമ്മാർജനം ചെയ്യുന്നതിൽ ഒരൊറ്റ രാജ്യവും ലക്ഷ്യം കണ്ടിട്ടില്ല. യുകെയ്ക്ക് പുറകിൽ ഫിൻലാൻഡ്, സ്പെയിൻ, നെതർലാൻഡ്സ്, കാനഡ, ഓസ്ട്രേലിയ, എന്നീ രാജ്യങ്ങളാണ് ലിസ്റ്റിൽ ആദ്യത്തെ പത്തിലുള്ള രാജ്യങ്ങൾ.അയർലണ്ടിന് 13ഉം ജർമനിക്ക് 15ഉം ഇറ്റലിക്ക് 20ഉം ഫ്രാൻസിന് 24ും ജപ്പാന് 27ഉം സ്ഥാനമാണ് ഈ ലിസ്റ്റിലുള്ളത്.