- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
അമലിന്റെ സർപ്രൈസ് നിയമനടപടികളിൽ കുരുങ്ങി; ഗുരുവായൂർ ക്ഷേത്രത്തിലെ ഥാർ ലേലത്തിന് എതിരായ വാദം ഏപ്രിൽ 9 ന്; ഹൈക്കോടതി പരിഗണിക്കുന്നത് ഹിന്ദു സേവാ കേന്ദ്രം നൽകിയ ഹർജി; അമലിന്റെ പിതാവ് മുഹമ്മദ് അലി വാഹനം ലേലത്തിൽ പിടിച്ചത് 15.10 ലക്ഷം രൂപയ്ക്ക്
കൊച്ചി: ഗുരുവായൂർ ക്ഷേത്രത്തിലെ ഥാർ ലേലത്തിനെതിരെ പരാതി നൽകിയവരുടെ വാദം ഏപ്രിൽ ഒമ്പതിന് കേരള ഹൈക്കോടതി കേൾക്കും. ലേലം സംബന്ധിച്ച് ഹിന്ദു സേവാ കേന്ദ്രം ഹൈക്കോടതിയിൽ ഫയൽ ചെയ്ത കേസിൽ ബന്ധപ്പെട്ടവരുടെ ഹിയറിങ് നടത്താൻ ദേവസ്വം കമ്മീഷണർക്ക് ഹൈക്കോടതി നിർദ്ദേശം നൽകി.
ഉത്തരവിന്റെ അടിസ്ഥാനത്തിൽ ഏപ്രിൽ ഒമ്പതിന് ഉച്ചയ്ക്ക് മൂന്ന് മണിക്ക് ദേവസ്വം കമ്മീഷണർ, ഗുരൂവായൂർ ദേവസ്വം കോൺഫറൻസ് ഹാളിൽ വെച്ച് കേസ് നൽകിയ സംഘടനയുടെ പ്രതിനിധികളും, ഇതുമായി ബന്ധപ്പെട്ട് ആർക്കങ്കിലും എതിരഭിപ്രായം ഉണ്ടെങ്കിൽ അവരേയും നേരിൽ കേൾക്കും. ലേലവുമായി ബന്ധപ്പെട്ട് ആർക്കെങ്കിലും എതിർ അഭിപ്രായം ഉണ്ടെങ്കിൽ അവരെയും ദേവസ്വം കമ്മീഷണർ നേരിൽ കേൾക്കും.
അതേസമയം, ഗുരുവായൂരപ്പന് കാണിക്കയായി കിട്ടിയ മഹീന്ദ്ര ഥാർ ലേലത്തിലൂടെ സ്വന്തമാക്കിയ അമൽ മുഹമ്മദിന് വാഹനം ഇതുവരെ കൈമാറിയിട്ടില്ല. ദേവസ്വം കമ്മീഷണറുടെ അനുമതി ലഭിക്കാത്തതിനാലാണ് വാഹനം കൈമാറാത്തത്. ലേലവുമായി ബന്ധപ്പെട്ട് നിരവധി പരാതികൾ ഉയർന്നെന്നും അന്തിമ തീരുമാനം എടുക്കേണ്ടത് ദേവസ്വം കമ്മീഷണറാണെന്നുമാണ് ദേവസ്വം ചെയർമാന്റെ വിശദീകരണം.
ഥാർ ലേലത്തിന് ഭരണസമിതി ഇതിനിടെ അംഗീകാരം നൽകിയിരുന്നു. തുടർന്ന് ഥാർ ലേലത്തിൽ പിടിച്ച അമൽ മുഹമ്മദിന് വാഹനം കൈമാറുമെന്ന് റിപ്പോർട്ടുണ്ടായിരുന്നു.
ലേലത്തിൽ വാഹനം സ്വന്തമാക്കിയ അമൽ മുഹമ്മദിന് വാഹനം വിട്ടുകൊടുക്കുന്നതിൽ പുനരാലോചന വേണമെന്നാണ് ദേവസ്വം ചെയർമാൻ ഇതിന് മുമ്പ് പറഞ്ഞിരുന്നത്. അമലിനായി പിതാവാണ് ഥാർ ലേലത്തിൽ വാങ്ങിക്കുന്നത്. അമലിന് സർപ്രൈസ് സമ്മാനം കൊടുക്കാനാണ് പിതാവ് ലേലത്തിൽ പങ്കെടുത്തതെന്ന് അമലിന്റെ സുഹൃത്തായ സുഭാഷ് പറഞ്ഞിരുന്നത്.
എന്തുവില കൊടുത്തും ഥാർ സ്വന്തമാക്കണമെന്നായിരുന്നു നിർദ്ദേശമെന്ന് സുഭാഷ് പറഞ്ഞു. 21 കാരനായ അമലിന് സമ്മാനം കൊടുക്കാനുള്ളതായതിനാൽ 21 ലക്ഷം വരെയോ അതിന് മുകളിലോ ലേലത്തുക ഉറപ്പിക്കാമെന്നായിരുന്നു നിർദ്ദേശമെന്നും സുഭാഷ് പറഞ്ഞിരുന്നു. 15 ലക്ഷം രൂപയാണ് വാഹനത്തിന്റെ അടിസ്ഥാന വിലയായി ലേലത്തിൽ നിശ്ചയിച്ചിരുന്നത്. ഒരാൾ മാത്രമാണ് ലേലത്തിൽ പങ്കെടുത്തിരുന്നത്.
വാഹന വിപണിയിൽ തരംഗമായി മാറിയിരിക്കുന്ന ഏറ്റവും പുതിയ മഹീന്ദ്ര ന്യൂ ഥാർ ഫോർ വീൽ ഡ്രൈവ് മഹീന്ദ്രാ ആൻഡ് മഹീന്ദ്രാ ലിമിറ്റഡാണ് കഴിഞ്ഞ വർഷം ഡിസംബർ നാലാം തിയതി രാവിലെ നടയ്ക്കൽ സമർപ്പിച്ചത്. റെഡ് കളർ ഡീസൽ ഓപ്ഷൻ ലിമിറ്റഡ് എഡിഷനാണ് സമർപ്പിക്കപ്പെട്ടത്. ആരെയും ആകർഷിക്കുന്ന നിറമായതിനാൽ വിപണിയിൽ നല്ല ഡിമാന്റുള്ള എസ്യുവിയാണ്. വിപണിയിൽ 13 മുതൽ 18 ലക്ഷം വരെ വിലയുള്ളതാണ് വണ്ടി. 2200 സിസിയാണ് എൻജിൻ.
ഗുരുവായൂർ കിഴക്കേ നടയിൽ നടന്ന ചടങ്ങിൽ ദേവസ്വം ചെയർമാൻ അഡ്വ കെബി മോഹൻദാസിന് വാഹനത്തിന്റെ താക്കോൽ മഹീന്ദ്രാ ആൻഡ് മഹീന്ദ്രാ ലിമിറ്റഡിന്റെ ചീഫ് ഓഫ് ഗ്ലോബൽ പ്രോഡക്ട് ഡവലപ്മെന്റ് ആർ വേലുസ്വാമി കൈമാറുകയായിരുന്നു.
2020 ഒക്ടോബർ രണ്ടിനാണ് രാജ്യത്തെ പ്രമുഖ ആഭ്യന്തര വാഹന നിർമ്മാതാക്കളായ മഹീന്ദ്ര ആൻഡ് മഹീന്ദ്ര പുതിയ ഥാർ എസ്യുവിയെ വിപണിയിൽ അവതരിപ്പിച്ചത്. എത്തി ഒരുവർഷത്തിനിടെ വിപണിയിൽ കുതിക്കുകയാണ് ഥാർ. വാഹനം ഇതുവരെ ബുക്ക് ചെയ്ത ഉപഭോക്താക്കളിൽ 40 ശതമാനം പേരും മിലേനിയൽസ് (1981നും 1996നും ഇടയിൽ ജനിച്ചവർ) ആണെന്നാണ് മഹീന്ദ്ര വ്യക്തമാക്കുന്നു. ഇത് വരെ ഥാർ ബുക്ക് ചെയ്തവരിൽ 50 ശതമാനം പേർ ഓട്ടോമാറ്റിക് വേരിയന്റുകളാണ് ബുക്ക് ചെയ്തിരിക്കുന്നതെന്നും കണക്കുകൾ വ്യക്തമാക്കുന്നു. മാത്രമല്ല 25 ശതമാനത്തോളം പേർ തിരഞ്ഞെടുത്തിരിക്കുന്നത് പെട്രോൾ വേരിയന്റുകളാണെന്നും കമ്പനി പറയുന്നു.
2020ൽ നിരത്തിൽ എത്തിയതിനു ശേഷം പുതിയ മഹീന്ദ്ര ഥാറിനെ തേടി 19 ലധികം അവാർഡുകളും എത്തിയിട്ടുണ്ട്. ഇന്ത്യയിൽ ഇപ്പോൾ ഏറ്റവും കൂടുതൽ വിൽക്കുന്ന ഫോർ വീൽ ഡ്രൈവ് വാഹനവും മഹീന്ദ്ര ഥാർ ആണ്. ഗ്ലോബൽ എൻക്യാപ് ക്രാഷ് ടെസ്റ്റിൽ അഞ്ചിൽ നാല് സ്റ്റാർ റേറ്റിങ്ങും മഹീന്ദ്ര ഥാർ നേടിയിട്ടുണ്ട്. 12.78 ലക്ഷം മുതൽ 15.08 ലക്ഷം വരെയാണ് 2021 മഹീന്ദ്ര ഥാറിന്റെ നിലവിലെ എക്‌സ്-ഷോറൂം വില. 2020 ഓഗസ്റ്റ് 15നാണ് പുത്തൻ ഥാറിനെ മഹീന്ദ്ര അവതരിപ്പിച്ചത്. പിന്നാലെ ഒക്ടോബർ രണ്ടിന് രണ്ടാം തലമുറ ഥാറിന്റെ വില്പന ആരംഭിക്കുകയും ചെയ്തു.