- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
അഞ്ചു വയസ്സുള്ള ഈ ഇരട്ടകൾ ബ്രിട്ടനിൽ എത്തി; ബ്രിട്ടീഷ് സൈന്യത്തെ സഹായിച്ച മറ്റനേകം ഹതഭാഗ്യർ ഇപ്പോഴും വിമാനത്താവളത്തിന് പുറത്ത് രക്ഷയ്ക്കായി കേഴുന്നു; വ്യാഴാഴ്ച്ചയ്ക്ക് മുൻപ് വിമാനത്തിൽ കയറാൻ പറ്റാത്തവരുടെ മുൻപിൽ മരണം മാത്രം അഭയം; കാബൂൾ എയർപോർട്ടിൽ ഇപ്പോഴും സമാനതകളില്ലാത്ത ദുരന്തകാഴ്ച്ചകൾ തുടരുന്നു
കാബൂൾ: ബ്രിട്ടനിൽ ഒരു പുതിയ ജീവിതം തുടങ്ങുന്നതിന്റെ ആനന്ദനിർവൃതിയിലാണ് കാബൂളിലെ ബ്രിട്ടീഷ് എംബസിയിൽ പരിഭാഷകനായിരുന്ന നൂറഗ ഹാസ്ഷ്മിയും ഭാര്യയും മൂന്നു മക്കളും. അതിജീവനത്തിനുള്ള മരണപ്പാച്ചിലിൽ രക്ഷാ വിമാനത്തിൽ ഇടം കണ്ടെത്തിയവർ. അഫ്ഗാനിസ്ഥാനിലെ ഹതഭാഗ്യരായ പൗരന്മാരിൽ ഭഗ്യം ചെയ്ത ചുരുക്കം ചിലരിൽ പെടുന്നവർ. ബ്രിട്ടന്റെ ഒഴിപ്പിക്കൽ ദൗത്യത്തിന്റെ വിജയപ്രതീകമായി ഹാഷ്മിയുടെ അഞ്ചുവയസ്സുള്ള ഇരട്ട പെൺകുട്ടികൾ പുതുവസ്ത്രങ്ങളും അണിഞ്ഞ് പുഞ്ചിരിപൊഴിച്ചുകൊണ്ട് നടക്കുമ്പോൾ, അങ്ങ് കാതങ്ങൾ അകലെ അഫ്ഗാനിസ്ഥാനിൽ അത്രയേറെ ഭാഗ്യം ചെയ്യാത്ത ചിലർ ഇപ്പോഴും ജീവനുവേണ്ടി കേഴുകയാണ്.
ബ്രിട്ടീഷ് പാസ്സ്പോർട്ട് ഉള്ളവർ പോലും അടച്ചിട്ട വിമാനത്താവള കവാടങ്ങൾക്ക് മുന്നിൽ ഭാവിയെന്തെന്നറിയാതെ ഉഴലുമ്പോൾ മാതാപിതാക്കൾ ഉപേക്ഷിച്ചുപോയ രണ്ടു കുട്ടികളുടെ തോരാത്തകണ്ണുനീർ നാണയത്തിന്റെ മറുവശമാവുകയാണ്. ബ്രിട്ടനിലേക്ക് രക്ഷപ്പെടാൻ ആയില്ലായിരുന്നെങ്കിൽ ഇന്ന് ജീവനോടെ ഉണ്ടാകുമായിരുന്നില്ലെന്നാണ് ഹാഷ്മി പറയുന്നത്. എംബസിയിലെ പരിഭാഷകൻ എന്ന നിലയിൽ ഇയാളെ എല്ലാവർക്കും അറിയാം. അതുകൊണ്ടുതന്നെ കണ്ടെത്താനും തിരിച്ചറിയാനും ഭീകരർക്ക് വളരെ എളുപ്പമാവുകയും ചെയ്യും.
പൊതുമാപ്പ് പ്രഖ്യാപിച്ചെത്തിയ താലിബാന്റെ നടപടിയിലെ കാപട്യം തുറന്നു കാട്ടുകയാണ് ഹാഷ്മി. ഇതെല്ലം, ലോകത്തിനു മുന്നിൽ കാണിക്കുന്ന പൊയ്മുഖം മാത്രമാണെന്നാണ് അയാൾ പറയുന്നത്. അധികാരം പൂർണ്ണമായും കൈയിലൊതുങ്ങിയാൽ 1996 ആവർത്തിക്കുമെന്ന കാര്യത്തിൽ ഒരു സംശയവുമില്ലെന്നും അയാൾ കൂട്ടിച്ചേർത്തു. 1996 മുത്ല 2001 വരെയുള്ള ആദ്യ താലിബാൻ കാലഘട്ടം അഫ്ഗാൻ ചരിത്രത്തിൽ ഇരുണ്ട നാളുകൾ തന്നെയായിരുന്നു. പെൺകുട്ടികൾക്ക് വിദ്യാഭ്യാസവും സ്ത്രീകൾക്ക് തൊഴിൽ എടുക്കുവാനുള്ള അവസരവും നിഷേധിച്ച താലിബാൻ കാട്ടുനീതി നടപ്പാക്കിയായിരുന്നു അഫ്ഗാൻ വാണിരുന്നത്.
ഒന്നാം താലിബാന്റെ കരിനിഴൽ വീണ ഓർമ്മകൾ ഇന്നും ജീവിക്കുന്നതുകൊണ്ടുതന്നെയാണ് ആത്മാഭിമാനമുള്ള ഓരോ അഫ്ഗാൻ പൗരനും രാജ്യം വിട്ട് മറ്റെവിടെയെങ്കിലും ജീവിതം കെട്ടിപ്പടുക്കാൻ ആഗ്രഹിക്കുന്നത്. താരതമ്യേന ചൂടു കൂടുതലുള്ള തെക്കൻ ഇംഗ്ലണ്ടിൽ എവിടെയെങ്കിലും ഒരു പുതിയ ജീവിതം ആരംഭിക്കണം എന്നാണ് ഹാഷ്മി സ്വപ്നം കാണുന്നത്. ഹാഷ്മിയുടെ സ്വപ്നം യാഥാർത്ഥ്യമാകുന്നതിനോടടുക്കുമ്പോൾ ആയിരങ്ങളുടെ സ്വപ്നങ്ങളാണ് കാബൂളിലെ ഹമീദ് കർസായ് വിമാനത്താവളത്തിന്റെ കൊട്ടിയടയ്ക്കപ്പെട്ട കവാടങ്ങൾക്ക് മുന്നിൽ തകർന്നു വീഴുന്നത്.
വിമാനത്തിൽ കയറിപറ്റാനുള്ള തിരക്കിനിടയിൽ അഞ്ചുവയസ്സുള്ള മകനേയും മൂന്നുവയസ്സുകാരി മകളെയും ഉപേക്ഷിച്ചു കടന്ന മാതാപിതാക്കൾ പക്ഷെ ക്രൂരതയുടെ പര്യായമാകണമെന്നില്ല. എല്ലാം മനുഷ്യർക്കും ഉള്ളതാണ് മരണഭയം. മനുഷ്യത്വം തൊട്ടുതീണ്ടിയില്ലാത്ത കാപാലികർ ആയുധങ്ങളുമേന്തി ജീവനെടുക്കാൻ എത്തുമ്പോൾ ഒരുപക്ഷെ ആരും ചെയ്തുപോകുമായിരിക്കും ഇങ്ങനെ. വിമാനത്താവളത്തിനു പുറത്ത് ബ്രിട്ടീഷ് എംബസിയിലെ മറ്റൊരു ദ്വിഭാഷിയും കുടുംബവും രക്ഷപ്പെടുത്താൻ അലറിക്കരഞ്ഞ് വിളിക്കുന്ന കാഴ്ച്ച ഹൃദയഭേദകമാണെന്ന് ചില പാശ്ചാത്യ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു.
അതിനിടയിൽ ഓഗസ്റ്റ് 31 ന് ശേഷവും അമേരിക്കൻ സൈന്യം അഫ്ഗാനിൽ തുടരാനുള്ള സാധ്യതയ്ക്ക് മങ്ങലേറ്റതോടെ ബ്രിട്ടീഷ് സൈന്യത്തോടൊപ്പം തോളോടുതോൾ ചേർന്ന് രക്ഷാപ്രവർത്തനങ്ങളിൽ പങ്കെടുത്ത ആയിരത്തോളം വരുന്ന അഫ്ഗാൻ സൈനികരുടെ ജീവനും അപകടത്തിലായിരിക്കുകയാണ്. പാശ്ചാത്യർ നാടുവിട്ടാൽ പിന്നെ അവരുടെ ജീവിതം താലിബാൻ എന്ന ക്രൂരസംഘത്തിന്റെ ദയാവായ്പിലായിരിക്കും.
ഇതിനിടയിൽ ബ്രിട്ടീഷ് എംബസിയിൽ പരിഭാഷകരായിരുന്ന അമ്പതോളം പേർ ബ്രിട്ടീഷ് എംബസിയുടെ കത്തിന് ഇതുവരെ മറുപടി നൽകിയിട്ടില്ലെന്ന് അറിയുന്നു. രാജ്യം വിടാൻ സമ്മതം അറിയിക്കുവാനുള്ള കത്തിനാണ് ഇവർ മറുപടി നൽകാത്തത്. ഇവർ ഇപ്പോൾ ജീവിച്ചിരിപ്പുണ്ടോ എന്ന കാര്യം പോലും വ്യക്തമല്ല. അതിനിടയിൽ ചില മാധ്യമപ്രവർത്തകർക്ക് ബന്ധപ്പെടാനായ ഷിർ എന്ന ഒരു പരിഭാഷകൻ പറഞ്ഞത്, ഒളിവിൽ കഴിയുന്നിടത്തു നിന്ന് പുറത്തിറങ്ങാൻ പോലും ഭയമാണെന്നാണ്.
ഈ അനിശ്ചിതത്വങ്ങൾക്കിടയിലും 1300 പേരെ ഇന്നലെ സുരക്ഷിതമായി ഒഴിപ്പിക്കാനായി എന്നത് ഒരു നേട്ടം തന്നെയാണ്. എന്നാൽ, 31 ന് ശേഷവും സൈനിക സാന്നിദ്ധ്യം തുടർന്നാൽ മാത്രമേ ഒഴിപ്പിക്കൽ പ്രക്രിയ പൂർണ്ണമാക്കാൻ കഴിയൂ എന്നാണ് ചില കേന്ദ്രങ്ങൾ പറഞ്ഞത്. ഇനിയും ബ്രിട്ടനിലേക്ക് കൊണ്ടുവരുവാൻ അർഹതനേടിയ 6000 പേരോളം അഫ്ഗാനിസ്ഥാനിലുണ്ടെന്നാണ് ഔദ്യോഗിക കേന്ദ്രങ്ങൾ വ്യക്തമാക്കുന്നത്. ഇവരിൽ പലരും ഇപ്പോൾ കാബൂൾ വിമാനത്താവളത്തിൽ അഭയം തേടിയിട്ടുണ്ടെങ്കിലും വിമാനത്താവളത്തിനുള്ളിൽ കയറിപ്പറ്റാൻ കഴിയാത്ത നിരവധിപേരുമുണ്ടെന്നാണ് സൂചന.
അതിനിടയിൽ അമേരിക്കൻ പട്ടാളത്തെ പൂർണ്ണമായും അഫ്ഗാനിസ്ഥാനിൽ നിന്നും പിൻവലിക്കേണ്ട തീയതി നീട്ടിയേക്കും എന്നുള്ള പ്രതീക്ഷകളും ചിലർ വെച്ചുപുലർത്തുന്നുണ്ട്. എന്നാൽ, ഓഗസ്റ്റ് 31 കഴിഞ്ഞ് ഒരുനിമിഷം പോലും പാശ്ചാത്യശക്തികൾ അഫ്ഗാൻ മണ്ണിൽ തുടരരുതെന്നാണ് താലിബാൻ നൽകുന്ന മുന്നറിയിപ്പ്. ഇത് കാര്യങ്ങൾ കൂടുതൽ സങ്കീർണ്ണമാക്കിയിരിക്കുന്നു. ഇന്ന് നടക്കുന്ന ജി 7 വെർച്വൽ മീറ്റിംഗിൽ ഇക്കാര്യം ചർച്ചചെയ്യുമെന്നാണ് കരുതുന്നത്. ഈ വിഷയം മീറ്റിംഗിൽ ഉന്നയിക്കുമെന്ന് നേരത്തേ ബോറിസ് ജോൺസൺ വ്യക്തമാക്കിയിരിക്കുന്നു. ഫ്രഞ്ച് പ്രസിഡണ്ട് ഇമ്മാനുവൽ മാക്രോണിന്റെ പിന്തുണയും ഇക്കാര്യത്തിൽ ബോറിസിനുണ്ട്.
മറുനാടന് മലയാളി ബ്യൂറോ