- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ലോകത്തെ സങ്കടപ്പെടുത്താൻ ഒരു സെൽഫി; സ്ഫോടന ശബ്ദത്തിനു ശേഷം കടലിൽ പതിച്ചത് അഗ്നിഗോളം; 62 പേരെ ഭൂമിയിൽ നിന്നും തുടച്ചുനീക്കിയ ശ്രീവിജയി വിമാനാപകടത്തിന്റെ കാരണം അറിയാതെ ഇന്തോനേഷ്യ; ഒരു സൂചനയുമില്ലാതെ അന്വേഷണം മുൻപോട്ട്
ജക്കാർത്ത: 62 യാത്രക്കാരുമായി സമുദ്രത്തിന്റെ അഗാധതയിലേക്ക് ഇറങ്ങിപ്പോയ ശ്രീവിജയി വിമാനത്തിലെ യാത്രക്കാരുടെ ഹൃദയഭേദകമായ ചില അവസാന സന്ദേശങ്ങൾ പുറത്തായി. രക്ഷാപ്രവർത്തകർ രണ്ട് ബ്ലാക്ക് ബോക്സ് കണ്ടെത്തി എന്ന വാർത്ത വരുന്നതിനിടയിലാണ് ഇതും വരുന്നത്. ജക്കാർത്തയിലെ സ്വീകർണോ-ഹട്ടാ വിമാനത്താവളത്തിൽ നിന്നും ജാവ കടലിനു മുകളിലൂടെയുള്ള 90 മിനിറ്റ് യാത്രയ്ക്കായി പറന്നുയർന്ന് ഏതാനും നിമിഷങ്ങൾക്കുള്ളിൽ ഒരു അഗ്നിഗോളമായി മാറി കടലിൽ പതിക്കുകയായിരുന്നു വിമാനം. വെസ്റ്റ് കലിമൻടാനിലെ പോഫ്റ്റിയാനക്കിലേക്ക് പോവുകയായിരുന്നു ഈ വിമാനം.
രക്ഷാപ്രവർത്തകർ രണ്ട് ബ്ലാക്ക് ബോക്സുകൾ കണ്ടെടുത്തു എന്ന് ഇന്തോനേഷ്യയുടെ ട്രാൻസ്പോർട്ട് സേഫ്റ്റി ഏജൻസിയുടെ തലവനാണ് വെളിപ്പെടുത്തിയത്. ഇതിനോടൊപ്പം തകർന്ന പ്ലെയിനിന്റെ ഭാഗങ്ങളും മൃതശരീരാവശിഷ്ടങ്ങളും ലഭിച്ചു എന്നും അദ്ദേഹം വെളിപ്പെടുത്തി. വിമാനത്തിലെ യാത്രക്കാർ, വിമാനം തകരുന്നതിന് മുൻപായി അയച്ച സ്വകാര്യ സന്ദേശങ്ങളും സാമൂഹ്യ മാധ്യമ പോസ്റ്റുകളും പുറത്തു വരാൻ തുടങ്ങിയതിനിടയിലാണ് ഈ വാർത്തയും പുറത്തുവരുന്നത്. അതിൽ ഏറ്റവും ഹൃദയഭേദകമായത് റാട്ടി വിൻഡാനിയ എന്ന യുവതിയുടെ സെൽഫിയാണ്.
വിമാനത്തിൽ കയറിയ ഉടൻ അവരും മക്കളും ചേർന്ന് ഏടുത്തതാണ് ഈ സെൽഫി. മരണം മുന്നിലുണ്ടെന്നറിയാതെ ചിരിച്ചുകൊണ്ട് സെൽഫിക്ക് പോസുചെയ്യുന്ന പിഞ്ചു ബാല്യങ്ങളുടെ നിഷ്കളങ്കത ആരുടേയും കണ്ണുനനയിക്കുന്നതാണ്. കുടുംബത്തോട് യാത്ര പറഞ്ഞുകൊണ്ടായിരുന്നു ഈ സെൽഫി പോസ്റ്റ് ചെയ്തിരിക്കുന്നത്. പക്ഷെ അത് എന്നന്നേക്കുമായുള്ള യാത്രയാകുമെന്ന് ആ അമ്മയോ കുഞ്ഞുങ്ങളോ കരുതിയിരിക്കില്ല.
ഇവർ വിമാനത്തിൽ കയറുന്നതിനു തൊട്ടുമുൻപായി, യാത്ര അയയ്ക്കാൻ എത്തിയ സഹോദരനോടൊപ്പവും ഒരു ചിത്രം എടുത്തിരുന്നു. സഹോദരൻ ഇത് ഇൻസ്റ്റാഗ്രാമിൽ പോസ്റ്റ് ചെയ്തിരുന്നു. യഥാർത്ഥത്തിൽ മറ്റൊരു വിമാനത്തിൽ യാത്രചെയ്യുവാനാണ് തീരുമാനിച്ചിരുന്നതെന്നും പിന്നീട് ചില കാരണങ്ങളാൽ അവസാന നിമിഷം ഈ വിമാനത്തിലേക്ക് മാറ്റുകയായിരുന്നു എന്നുമാണ് സഹോദരൻ പറയുന്നത്. വിമാനം കാണാതായി എന്ന വിവരത്തെ തുടർന്ന് നിരവധിപേർ ജക്കാർത്തയിലെ വിമാനത്താവളത്തിലേക്ക് ഓടിയെത്തിയപ്പോൾ കൂടെ ഇയാളും ഉണ്ടായിരുന്നു.
പോണ്ടിയാനാകിൽ താമസിക്കുന്ന ഇയാളുടെ സഹോദരിയും രണ്ടു മക്കളും മൂന്നാഴ്ച്ചക്കാലത്തെ ഒഴിവുകാലം ആസ്വദിക്കുവാനായിരുന്നു ഇയാളുടെ അടുത്തെത്തിയത്. അവധി സഹോദരനോടൊപ്പം ചെലവഴിച്ച് തിരിച്ചുപോകുമ്പോഴാണ് ഈ അപകടം ഉണ്ടാകുന്നത്. അവരെ വിമാനത്താവളത്തിലേക്ക് കൊണ്ടുപോയതും ചെക്ക് ഇൻ ചെയ്യാൻ സഹായിച്ചതുമെല്ലാം താനായിരുന്നു എന്ന് പറയുമ്പോൾ ഈ സഹോദരൻ വിതുമ്പുകയായിരുന്നു.
മൃതദേഹത്തിന്റെ ഭാഗങ്ങൾ തിരിച്ചറിയുവാൻ യാത്രക്കാരുടെ ഡെന്റൽ റെക്കോർഡുകൾ, ഡി എൻ എ സാമ്പിളുകൾ എന്നിവ നൽകാൻ ബന്ധുക്കളോട് ആവശ്യപ്പെട്ടിട്ടുണ്ട്. പൊലീസ് തന്റെ രക്ത സാമ്പിൾ ആവശ്യപ്പെട്ടെന്ന് കോ-പലറ്റ് ഡീഗോ മമാഹിതിന്റെ സഹോദരൻ സ്ഥിരീകരിക്കുകയും ചെയ്തു. ഡീഗോ നല്ലൊരു വ്യക്തിയാണെന്നും അവൻ എങ്ങനെയെങ്കിലും രക്ഷപ്പെട്ടിരിക്കും എന്നുതന്നെയാണ് വിശ്വസിക്കുന്നതെന്നും സഹോദരൻ പറഞ്ഞു. അപ്രതീക്ഷിതമായി, എല്ലാവരേയും അദ്ഭുതപ്പെടുത്തിക്കൊണ്ട് തന്റെ സഹോദരൻ ഒരുനാൾ തിരിച്ചെത്തുമെന്നും ഇയാൾ വിശ്വസിക്കുന്നു.
വിമാനത്തിൽ കയറുന്നതിനു മുൻപ് തന്റെ പ്രിയതമനോട് വാട്സപ് വഴി ചിരിച്ചുകളിച്ചിരിക്കുകയായിരുന്നു പോണ്ടിയാനക്കിലെ ഒരു മിഡിൽ സ്കൂൾ അദ്ധ്യാപികയയ പാൻകാ വിഡിയ. അവിടെ എത്തിയാൽ ഉടൻ ഭർത്താവിനോടൊത്ത് റെസ്റ്റോറന്റിൽ പോകുന്ന കാര്യമാണ് അവർ ഏറ്റവും ഒടുവിൽ അയച്ച സന്ദേശത്തിലുള്ളത്. ചെറിയൊരു ഇടവേളയ്ക്ക് ശേഷം പ്രിയതമയോടൊത്തുള്ള അത്താഴം സ്വപ്നം കണ്ടുനിന്ന ആ ഭർത്താവിന് പക്ഷെ കേൾക്കാനായത് ഭാര്യയുടെ മരണവിവരവും.
വിമാനം ഒരു അഗ്നിഗോളമായി കടലിൽ പതിക്കുന്നത് നേരിട്ടുകണ്ട ഒരു മത്സ്യബന്ധന തൊഴിലാളി പറഞ്ഞത് ആ സമയത്ത് കനത്ത മഴയും കാറ്റും ഉണ്ടായിരുന്നു എന്നാണ് . തികച്ചും പ്രതികൂലമായ കാലാവസ്ഥയായിരുന്നു. ആദ്യം അതൊരു ബോംബ് ആയിരിക്കുമെന്നാണ് വിചാരിച്ചതെന്ന് അയാൾ പറയുന്നു. പിന്നീട് അത് കടലിൽ വീണപ്പോൾ വലിയ ഉയരത്തിലാണ് തിരമാല ഉയർന്നത്. അപ്പോൾ സുനാമിയാകുമെന്നും കരുതി. ഏറെ താമസിയാതെ വിമാനത്തിന്റെ അവശിഷ്ടങ്ങൾ തങ്ങളുടെ ബോട്ടിനു ചുറ്റും ഉയര്ന്നു വരാൻ തുടങ്ങി എന്നും അയാൾ പറയുന്നു.
തകർന്ന വിമാനത്തിന്റെ അവശിഷ്ടങ്ങളും മറ്റും വിവിധ ഭാഗങ്ങളിൽ നിന്നായി ലഭിച്ചു എങ്കിലും, വിമാനം കൃത്യമായി തകർന്ന് വീണത് എവിടെ എന്ന് കണ്ടെത്താനായിട്ടില്ല. ഇന്തോനേഷ്യൻ നേവിയുടെ ഒരു കപ്പലിന്, തകർന്ന വിമാനത്തിൽ നിന്നുള്ള സിഗ്നൽ ലഭിച്ചതിനെ തുടർന്ന് നേവിയുടെ മുങ്ങൽ വിദഗ്ദർ തിരച്ചിൽ തുടങ്ങിയിട്ടുണ്ട്.
മറുനാടന് ഡെസ്ക്