കൊച്ചി: നഗരത്തിന്റെ ഹൃദയ ഭാഗത്ത് നരക ജീവിതം നയിച്ച് രണ്ട് സഹോദരിമാർ. കൊച്ചി നഗരസഭ 39 ാം ഡിവിഷനിൽ തെക്കേകാത്തുള്ളി വീട്ടിൽ സീതയും ഭിന്ന ശേഷിക്കാരിയായ സഹോദരി കുഞ്ഞുമണിയുമാണ് നരക ജീവിതം നയിക്കുന്നത്. പ്രദേശത്ത് ആദ്യമായി വൈദ്യുതി ലഭിച്ച വീട്ടിൽ ഇപ്പോൾ വൈദ്യുതി നിലച്ച് ഇരുട്ടായിട്ട് 30 വർഷം. ആരുടെയും കണ്ണു നനയും ഇവരുടെ ജീവിത കഥ കേട്ടാൽ.

പാലാരിവട്ടം നോർത്ത് ജനതാ റോഡിലെ കണ്ണായ സ്ഥലത്താണ് ആരുടെയും തുണയില്ലാതെ 48 കാരിയായ സീതയും ഭിന്നശേഷിക്കാരിയായ 40 വയസ്സുള്ള സഹോദരി കുഞ്ഞുമണിയും നരക ജീവിതം നയിക്കുന്നത്. പൊട്ടിപ്പൊളിഞ്ഞ് വീഴാറായ ഓടിട്ട വീട്. പലയിടത്തും ഓട് പൊട്ടിയിരിക്കുന്നതിനാൽ മഴവെള്ളം അകത്തേക്ക് വീഴും. അടച്ചുറപ്പില്ലാത്ത വീടിന്റെ വാതിലുകൾ ഇളകി വീഴാതിരിക്കാനായി പലകഷണങ്ങൾ പെറുക്കി വച്ചും കയറുകെട്ടിയും നിർത്തിയിരിക്കുന്നു. നരക ജീവിതത്തെ വെല്ലും ഇവരുടെ ജീവിതത്തിന്റെ നേർക്കാഴ്ച ചികയുമ്പോൾ.

ഒരുകാലത്ത് അറിയപ്പെടുന്ന കുടുംബമായിരുന്നു ഇവരുടേത്. അച്ഛൻ വേലു ഇൻകം ടാക്സ് ഡിപ്പാർട്ട്മെന്റിലായിരുന്നു. അമ്മ കൗസല്യ. 7 മക്കളായിരുന്നു ഇവർക്ക്. 4 ആണും 3 പെണ്ണും. നഗരത്തിന്റെ ഹൃദയഭാഗത്ത് കൈനിറയെ സ്വത്തും സമ്പാദ്യവുമായി കഴിഞ്ഞിരുന്ന കുടുംബം. ജോലിയിലിരിക്കുമ്പോൾ പിതാവ് മരിച്ചതോടെ മൂത്ത സഹോദരിക്ക് പിന്നീട് ജോലി ലഭിച്ചു. ഇതിനിടെ സമ്പത്തുകൾ ക്ഷയിച്ചു തുടങ്ങി. മൂത്ത സഹോദരി വിവാഹം കഴിച്ചു. നല്ല പ്രായത്തിൽ സീതക്ക് വിവാഹാലോചന വന്നപ്പോൾ മൂത്ത സഹോദരി സമ്മതിച്ചില്ല. ഭിന്നശേഷിക്കാരിയായ സഹോദരിയുടെ കാര്യങ്ങൾ ആരു നോക്കും എന്നായിരുന്നു അവർ തടസം പറഞ്ഞ കാര്യം. അതോടെ വിവാഹ പ്രായം കഴിഞ്ഞു പോയി.

സഹോദരങ്ങളെല്ലാം പല വഴിക്ക് പോയതോടെ സീതയും കുഞ്ഞുമണിയും മാത്രമായി വീട്ടിൽ. സ്വത്തുക്കൾ വിറ്റുപോയ ശേഷം ഇപ്പോൾ ബാക്കിയുള്ള ആറര സെന്റിലാണ് താമസം. എന്നാൽ സ്ഥലത്തിന്റെ മുൻപ്രമാണം നഷ്ടപ്പെട്ടു പോയി. നിത്യവൃത്തിക്കായി അടുത്തുള്ള ബ്യൂട്ടീ പാർലറിൽ ജോലിക്ക് പോയെങ്കിലും ഭിന്നശേഷിക്കാരിയായ സഹോദരി വീട്ടിൽ തനിച്ചാകുമ്പോൾ പല സ്ഥലങ്ങളിലേക്കും മറ്റും ഇറങ്ങി പോകാൻ തുടങ്ങി. കൂടാതെ സാമൂഹിക വിരുദ്ധരുടെ ശല്യവും. അതോടെ ജോലി നിർത്തി. പിന്നീട് അടുത്തുള്ള പള്ളിയിൽ നിന്നും കിട്ടുന്ന ഭക്ഷണമായി ജീവൻ നിലനിർത്താനുള്ള ഏക ആശ്രയം. ഇരുവരുടെയും നിസ്സഹായവസ്ഥ അറിഞ്ഞ് സുമനസ്സുകൾ ചെറിയ സഹായവും ചെയ്തു നൽകുന്നുണ്ട്. എന്നാൽ ഇവർക്ക് ആ സഹായം മാത്രം കൊണ്ട് ജീവിക്കാൻ കഴിയില്ല. സ്വന്തമായി റേഷൻ കാർഡില്ല. പെൻഷനും ഇല്ല.

റേഷൻ കാർഡ് ഇല്ലാത്തതിനാൽ കിറ്റുകൾ വിതരണം ചെയ്തപ്പോൾ അതും ലഭിച്ചില്ല. കൂലിപ്പണിക്കാരനായ സഹോദരൻ കഴിയും വിധം എന്തെങ്കിലും നൽകി സഹായിക്കും. ഇതിനിടയിൽ പരിചയപ്പെട്ട അനുവും സമീപ പ്രദേശത്തു താമസിക്കുന്ന വീണ ജനാർദ്ദനനും ഇവർക്കു ഇടയ്ക്കിടക്ക് അരിസാധനങ്ങൾ എത്തിച്ചു നൽകുന്നതിനാൽ ജീവിതം മുന്നോട്ട് തള്ളിനീക്കുന്നു. വൈദ്യുതി ഇല്ലാത്തതിനാൽ കലൂർ പള്ളിയിലെ കുരിശിനു മുന്നിൽ വിശ്വാസികൾ തെളിച്ചു ബാക്കിയാകുന്ന മെഴുകുതിരി എടുത്തു കൊണ്ടുവരുന്നതാണ് രാത്രിയിൽ ഇവിടുത്തെ വെളിച്ചം.

ഇതിനിടയിൽ ആരും തുണയില്ലാത്തതിനാൽ നായ്ക്കളെ വളർത്തി. സ്വന്തം മക്കളെ പോലെയാണ് വളർത്തിയത്. നായ്ക്കളുടെ സംരക്ഷണത്തിൽ സാമൂഹിക വരുദ്ധരുടെ ശല്യമില്ലാതെ ഇവർ കഴിഞ്ഞു വരികയായിരുന്നു. എന്നാൽ കഴിഞ്ഞ ദിവസം വാർഡ് കൗൺസിലറുടെ നേതൃത്വത്തിൽ നായ്ക്കളെ സമീപവാസികളുടെ പരാതിയെ തുടർന്ന് എവിടേക്കോ പിടിച്ചു കൊണ്ടു പോയി. വാക്സിൻ എടുക്കാനാണെന്നാണ് കൗൺസിലർ പറഞ്ഞത്. രണ്ടു ദിവസത്തിനകം തിരികെ കൊണ്ടു വരുമെന്നും പറഞ്ഞു. എന്നാൽ തങ്ങളുടെ അനുവാദമില്ലാതെയാണ് നായ്ക്കളെ കൊണ്ടു പോയതെന്നാണ് സീത പറയുന്നത്. നായ്ക്കൾ പോയതോടെ സാമൂഹിക വിരുദ്ധരുടെ ശല്യം ഇനിയുണ്ടാവുമെന്ന ഭയത്തിലാണ് ഇരുവരും. ഇവരെ സഹായിക്കാൻ താൽപര്യമുള്ളവർ താഴെ കൊടുത്തിരിക്കുന്ന അക്കൗണ്ട് നമ്പറിൽ പണം അയക്കാവുന്നതാണ്.

NAME: SEETHA T.V
AC/No: 13800100434651
IFSC: FDRL0001380
FEDERAL BANK, PALARIVATTOM