ഇദ്രിസ് എന്ന ശുചീകരണ തൊഴിലാളിയുടെ കഥ പറഞ്ഞ് വീണ്ടും ജനലക്ഷങ്ങളെ തന്റെ ഫേസ്‌ബുക്ക് ടൈംലൈനിൽ കണ്ണീരണിയിക്കുകയാണ് പ്രശസ്ത ഫോട്ടോഗ്രാഫറായ ജി എം ബി ആകാശ്. 3.30 ലക്ഷം ലൈക്കുകളാണ് അദ്ദേഹത്തിന്റെ കഥാ ചിത്രത്തെ തേടിയെത്തിയത്. ഷെയറുകളാവട്ടെ ഒരു ലക്ഷം കവിഞ്ഞു.

തന്റെ ജോലിയെന്തെന്ന് പൊതുമധ്യമധ്യത്തിൽ പറയാൻ മടിച്ചിരുന്നയാളാണ് ഇദ്രിസ്. സ്വന്തം മക്കളിൽ നിന്ന് പോലും തന്റെ തൊഴിലിനെ പലപ്പോഴും അയാൾ മറച്ചു വച്ചു. പക്ഷെ ഇന്ന് അയാൾ ഒരു ദരിദ്രനല്ല, ഇനിയൊരിക്കലും അയാൾക്ക് ദരിദ്രനാവാൻ സാധിക്കില്ല.

ഇദ്രിസ് കഥ പറയുന്നു,

എന്റെ മക്കളോടൊരിക്കൽ പോലും ഞാനെന്റെ ജോലിയെപ്പറ്റി പറഞ്ഞിട്ടില്ല, ഞാൻ കാരണം ആരുടെയും മുന്നിൽ അവർ നാണം കെടുന്നത് എനിക്ക് താങ്ങാൻ കഴിയുന്നതല്ല. എന്റെ തൊഴിലെന്തെന്ന് എന്റെ ഇളയ മകൾ ചോദിക്കുമ്പോഴെല്ലാം ഞാൻ മടിയോടെ അവളോട് പറയും- ഒരു തൂപ്പുകാരനാണ് മോളെ ഞാൻ.

പലപ്പോഴും പൊതു കുളിമുറിയിൽ കുളിച്ച് ശരീരം വൃത്തിയാക്കിയ ശേഷമേ ഞാനെന്റെ മക്കളുടെ മുന്നിലേക്ക് പോകാറുള്ളൂ. ഞാനിന്ന് ചെയ്ത ജോലിയുടെ ഒരു സൂചന പോലും എന്റെ ദേഹത്ത് നിന്ന് അവർക്ക് ലഭിക്കരുതെന്ന് ഞാൻ അതിയായി ആഗ്രഹിച്ചു.

തനിക്ക് നേരെ ഉയർന്ന വിലകുറഞ്ഞ നോട്ടങ്ങളും പുച്ഛവും മക്കളുടെ നേർക്ക് ആരും എറിയരുതെന്ന് ആ അച്ഛൻ ആഗ്രഹിച്ചിരിക്കണം. ഇല്ലായ്മകൾക്കിടയിലും ആ അച്ഛൻ മക്കൾ മൂന്ന് പേരെയും പഠിപ്പിച്ചു, കഷ്ടപ്പെട്ടു തന്നെ. തന്റെ മക്കൾ ആത്മാഭിമാനത്തോടെ പൊതുമധ്യത്തിൽ തലയുയർത്തി നിൽക്കുന്നത് കാണാൻ അയാൾ അതിയായി ആഗ്രഹിച്ചു.

ഞാനെന്റെ മക്കളെ സ്‌കൂളിലയച്ചു , അവരെ പഠിപ്പിച്ചു, എന്നെ ആളുകൾ അവഹേളിച്ചു കൊണ്ടേയിരുന്നു. അപ്പോഴും മിച്ചം വരുന്ന ഓരോ അണപൈസയും ഞാനവരുടെ വിദ്യാഭ്യാസത്തിനായി നീക്കി വെച്ചു. പുതിയ ഒരു ഷർട്ട് ഇടാൻ പോലും ഞാൻ ആഗ്രഹിച്ചിരുന്നില്ല. അതിനുള്ള തുക കൂടി മാറ്റിവച്ചാണ് ഞാനവർക്ക് പുസ്തകങ്ങൾ വാങ്ങിക്കൊടുത്തിരുന്നത്. ബഹുമാനം, അവഹേളനങ്ങളില്ലാത്ത ജീവിതം, അത് മാത്രമായിരുന്നു അവരിലൂടെ ഞാൻ നേടിയെടുക്കാൻ ശ്രമിച്ചത്.

 പക്ഷെ മകൾക്ക് കോളേജിൽ അഡ്‌മിഷൻ നേടേണ്ട അവസാന ദിവസമെത്തിയപ്പോൾ അയാൾക്കാ പണം കണ്ടെത്താനായില്ല. തന്റെ ജോലി പോലും അയാൾക്ക് നന്നായി ചെയ്യാൻ കഴിയുമായിരുന്നില്ല. ഹൃദയം തകർന്ന് നിൽക്കുന്ന അയാൾക്കരികിലേക്ക് കൂടെ ജോലിചെയ്തിരുന്നവർ എത്തുന്നതുവരെ അദ്ദേഹം കരുതിയത് പാവപ്പെട്ടവന് പാവപ്പെട്ടവനായിരിക്കാൻ മാത്രമേ വിധിയുണ്ടായിരിക്കൂ എന്നാണ്.

ഫീസ് അടച്ചില്ലെങ്കിൽ ആ മകളുടെ പഠനം പാതിവഴിയിൽ മുറിയുമെന്നറിഞ്ഞ സഹപ്രവർത്തകരെല്ലാം ഇദ്രിസിന്റെ സഹായത്തിനെത്തി. അന്നവർക്കെല്ലാവർക്കും ലഭിച്ച കൂലി അയാൾക്ക് നേരെ നീട്ടി ആ സഹപ്രവർത്തകർ പറഞ്ഞു-'നമ്മുടെ മകൾക്ക് കോളേജിൽ പോകാനായി ഞങ്ങളെല്ലാവരും ഇന്ന് പട്ടിണി കിടക്കും. ഇന്നീ കൂലി നിനക്ക് മാത്രം അവകാശപ്പെട്ടതാണ്.'

അന്ന് ശരീരം വൃത്തിയാതകാതെയാണ് വീട്ടിലേക്ക് ഞാൻ പോയത്. എന്റെ മകൾ താമസിയാതെ പഠനം പൂർത്തീകരിച്ചിറങ്ങും. മക്കൾ മൂന്ന് പേരും എന്നെ കൂലിപ്പണിക്ക് വിടാറില്ല ഇപ്പോൾ. പഠനത്തിനിടയിൽ ജോലി ചെയ്തും ട്യൂഷനെടുത്തും അവളാണ് കുടുംബം പുലർത്തുന്നത്. പക്ഷെ ഇടയ്ക്കിടയ്ക്ക് അവളെന്നെ പഴയ പണിസ്ഥലത്തേക്ക് കൂട്ടിക്കൊണ്ട് പോകും. അവർക്കെല്ലാവർക്കും ഭക്ഷണം കൊടുക്കും.
പൊട്ടിച്ചിരിച്ച് അവർ ചോദിക്കും എന്തിനാണ് ഭക്ഷണവുമായി നീ ഞങ്ങൾക്കരികിലേക്ക് എത്തുന്നതെന്ന്. അപ്പോൾ അവൾ പറഞ്ഞതിതാണ്.

'എനിക്ക് വേണ്ടി നിങ്ങളെല്ലാവരും അന്ന് പട്ടിണി കിടന്നു, അങ്ങിനെയാണ് ഞാൻ ഞാനാഗ്രഹിക്കുന്ന ഞാനായിത്തീർന്നത്. എല്ലാകാലത്തും നിങ്ങൾക്കിതുപോലെ ഊണുമായി എത്താൻ കഴിഞ്ഞിരുന്നെങ്കിലെന്ന് ഞാനാഗ്രഹിക്കുകയാണ്'.