പത്തനംതിട്ട: സംസ്ഥാനത്ത് സർക്കാർ മെഡിക്കൽ കോളജിൽ ആദ്യ ഹൃദയംമാറ്റിവയ്ക്കൽ ശസ്ത്രക്രിയയ്ക്ക് വിധേയനായ ചിറ്റാർ മീൻകുഴി വാലുപറമ്പിൽ പൊടിമോന്റെ കുടുംബത്തിനെ സർക്കാർ സഹായം വാഗ്ദാനം ചെയ്തു പറ്റിച്ചു.

സ്വന്തം മണ്ഡലത്തിലെ വോട്ടറായ പൊടിമോനും കുടുംബത്തിനും ആശുപത്രിയിലെത്തി സഹായം വാഗ്ദാനം ചെയ്ത അടൂർ പ്രകാശിന് ഇപ്പോൾ അനക്കമില്ല. കോട്ടയം മെഡിക്കൽ കോളജിൽ, സംസ്ഥാനത്ത് സർക്കാർ മെഡിക്കൽ കോളജിലെ ആദ്യ ഹൃദയംമാറ്റിവയ്ക്കൽ ശസ്ത്രക്രിയയ്ക്ക് പൊടിമോൻ വിധേയനായപ്പോഴാണ് സഹായവാഗ്ദാനവുമായി മന്ത്രി അടൂർ പ്രകാശ് ചെന്നത്.

പട്ടികജാതിക്കാരനായ പൊടിമോന്റെ ചികിൽസയ്ക്ക് പട്ടികജാതി വകുപ്പിൽ നിന്ന് അഞ്ചു ലക്ഷം നൽകാമെന്നായിരുന്നു മന്ത്രിയുടെ വാഗ്ദാനം. മുഖ്യമന്ത്രിയും ആരോഗ്യമന്ത്രിയും ചെയ്ത വാഗ്ദാനങ്ങൾ വേറെയുമുണ്ട്. മാദ്ധ്യമങ്ങളിൽ ഇതൊക്കെ വാർത്തയായതോടെ മറ്റിടങ്ങളിൽനിന്നു കിട്ടിക്കൊണ്ടിരുന്ന സഹായം നിലച്ചു. പൊടിമോനുവേണ്ടി മരുന്ന് വാങ്ങാൻ പോലും മറ്റുള്ളവരോട് ഇരക്കേണ്ട ഗതികേടായി.

ചികിത്സയിലിരിക്കേ പൊടിമോൻ മരിച്ചു. ഇതോടെ കുടുംബത്തിന്റെ കഷ്ടകാലം തുടങ്ങി. സർക്കാർ മെഡിക്കൽ കോളജ് ആണെന്ന് പറഞ്ഞിട്ട് കാര്യമില്ല. ശസ്ത്രക്രിയയ്ക്കും മരുന്നിനുമായി അഞ്ചുലക്ഷം ചെലവിടേണ്ടി വന്നു. ഇതെല്ലാം കടം വാങ്ങിയത്. കടം കൊടുത്തവർ ഇപ്പോൾ പൊടിമോന്റെ വീട്ടിൽ കയറിയിറങ്ങുകയാണ്.

സർക്കാരിൽ നിന്ന് പണം കിട്ടിയിട്ടും തങ്ങൾക്ക് തരാതെ പൊടിമോന്റെ കുടുംബം കള്ളം പറയുന്നുവെന്നാണ് ഇവർ പറയുന്നത്. കടം വീട്ടണമെങ്കിൽ ഉള്ള കിടപ്പാടം വിൽക്കേണ്ട ഗതികേടിലാണ് ഈ കുടുംബമെന്ന് പൊടിമോന്റെ സഹോദരൻ കൃഷ്ണൻകുട്ടി പറയുന്നു. വാഗ്ദാനം ചെയ്ത സഹായം പൊടിമോന് ആയിരുന്നുവെന്നും അദ്ദേഹം മരിച്ചതിനാൽ ഇനി നൽകേണ്ടതില്ലെന്നുമാണത്രേ സർക്കാർ നിലപാട്. ഇതേപ്പറ്റി പ്രതികരിക്കാൻ മന്ത്രിയും ഇതേ വരെ തയാറായില്ല.

സർക്കാർ സഹായം നൽകുന്നതിൽ വിവേചനം കാണിക്കുന്നുണ്ടെന്ന് വെള്ളാപ്പള്ളി പറഞ്ഞതിനു പിന്നാലെ കോന്നി മണ്ഡലത്തിൽ 26.50 ലക്ഷം രൂപ സർക്കാരിന്റെ സഹായധനം പലർക്കായി മന്ത്രി അടൂർ പ്രകാശ് നൽകിയിരുന്നു. അപ്പോഴും പൊടിമോന്റെ കുടുംബത്തെ ഒഴിവാക്കി.