കീവ്: യുദ്ധത്തിന്റെ കെടുതികൾ നിരന്തരം അനുഭവിച്ചിട്ടുള്ള ജനതയാണ് യുക്രൈനിലേത്. രണ്ടാം ലോക മഹായുദ്ധത്തിന് ശേഷം മറ്റൊരു കണ്ണിൽചോരിയില്ലാത്ത യുദ്ധത്തിലേക്കാണ് ആ ജനത വീണ്ടും വലിച്ചെറിയപ്പെട്ടിരിക്കുന്നത്. യുദ്ധഭീതിയുടെ ദൈന്യത വിളിച്ചോതുന്ന ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്. യുക്രൈനിലെ യുവാക്കളോട് ആയുധമേന്തി തെരുവിൽ ഇറങ്ങാൻ പ്രസിഡന്റ് സെലൻസ്‌കി ആവശ്യപ്പെട്ടിട്ടുണ്ട്. ഇതേ തുടർന്ന് പലരും യുദ്ധത്തിന് തയ്യാറാി പോകുകയാണ്. എന്നാൽ മക്കളെയും കുടുംബത്തെയും വീണ്ടും കാണാൻ ആകുമോ എന്ന കാര്യത്തിൽ യാതൊരു വ്യക്തതയും അവർക്കി. അത്തരം ഒരു കണ്ണീർക്കാഴ്‌ച്ചയുടെ ദൃശ്യം സോഷ്യൽ മീഡിയയിൽ വൈറലാണ്.

മകളെ സുരക്ഷിതസ്ഥാനത്തേക്ക് അയക്കും മുൻപ് കണ്ണീരോടെ ഉമ്മനൽകി യാത്രയാക്കുന്ന ഒരു അച്ഛന്റെ ദൃശ്യങ്ങളാണ് വൈറലായിരിക്കുന്നത്. മകളുടെ തൊപ്പി നേരെയാക്കി, അവളുടെ കൈകളെടുത്തുപിടിച്ച് നെഞ്ചിൽചാരി വിങ്ങിപ്പൊട്ടുകയാണ് അദ്ദേഹം. റഷ്യയുടെ ആക്രമണത്തിൽ വിറങ്ങലിച്ചുനിൽക്കുന്ന യുക്രൈനിൽനിന്നുള്ളതാണ് ഈ വീഡിയോ. മകളെ പൗരന്മാർക്കുള്ള സുരക്ഷിതസ്ഥാനത്തേക്ക് അയച്ച ശേഷം രാജ്യ സംരക്ഷിക്കാനുള്ള ദൗത്യത്തിൽ പങ്കാളിയാകാൻ പോവുകയാണ് ഈ അച്ഛൻ. സ്വതന്ത്ര മാധ്യമമായ ന്യൂ ന്യൂസ് ഇ.യു. ആണ് വികാരഭരിതമായ ഈ വീഡിയോ ട്വിറ്ററിൽ പങ്കുവെച്ചിരിക്കുന്നത്.

റഷ്യൻ ആക്രമണത്തെ പ്രതിരോധിക്കാൻ രാജ്യത്തെ പുരുഷന്മാർക്ക് ആയുധം നൽകാൻ തീരുമാനിച്ചിരിക്കുകയാണ് യുക്രൈൻ. പതിനെട്ടിനും അറുപതിനും ഇടയിൽ പ്രായമുള്ള പുരുഷന്മാർ രാജ്യം വിടരുതെന്നും യുക്രൈൻ പുറത്തിറക്കിയ ഉത്തരവിൽ പറയുന്നുണ്ട്. ഇത്തരത്തിൽ രാജ്യത്തെ സംരക്ഷിക്കാനുള്ള പോരാട്ടത്തിനാണ് ഈ പിതാവും മടങ്ങുന്നത്. മകളെ സുരക്ഷിതസ്ഥാനത്തേക്കുള്ള ബസിൽ കയറ്റിവിടുന്നതിന് തൊട്ടുമുൻപുള്ളതാണ് ഈ വീഡിയോ. മകൾ ബസിൽ കയറിയതിന് പിന്നാലെ അവർ ഇരിക്കുന്ന സീറ്റിന്റെ ചില്ലിലേക്ക് പുറത്തുനിൽക്കുന്ന പിതാവ് വലതുകൈപ്പത്തി ചേർത്തുവെക്കുന്നതും കാണാം. അതേസമയം ഈ വീഡിയോ ഏത് സ്ഥലത്തുനിന്നുള്ളതാണെന്ന കാര്യം വ്യക്തമല്ല.

കിഴക്കൻ യുക്രൈനിലെ കുട്ടികളുടെ ആശുപത്രിയിലെ നിയോനേറ്റൽ ഇന്റൻസീവ് കെയർ യൂണിറ്റിൽനിന്ന് നവജാതശിശുക്കളെ താൽക്കാലിക ബോംബ് ഷെൽറ്റർ കേന്ദ്രത്തിലേക്ക് മാറ്റിയതിന്റെ ദൃശ്യങ്ങളും പുറത്തെത്തിയിട്ടുണ്ട്. കീവ് മെട്രോ സ്റ്റേഷനിൽനിന്നുള്ള ഒരു ചിത്രവും ഏറെ ശ്രദ്ധ നേടുന്നുണ്ട്. ഒരു യുവാവും യുവതിയും മുഖാമുഖം നിൽക്കുന്ന ചിത്രമാണിത്. എ.എഫ്.പി. ഫോട്ടോഗ്രാഫറാണ് ഈ ചിത്രം പകർത്തിയിരിക്കുന്നത്.

യുക്രൈൻ തലസ്ഥാനമായ കീവിൽ സൈന്യം പൊതുജനങ്ങൾക്ക് ആയുധം വിതരണം ചെയ്ത് തുടങ്ങിയതായി റിപ്പോർട്ടുകളു പുറത്തുവരുന്നുണ്ട്. മറ്റ് നാറ്റോ രാജ്യങ്ങളിൽ നിന്നോ യൂറോപ്യൻ രാജ്യങ്ങളിൽ നിന്നോ സൈനികസഹായം കിട്ടില്ല എന്നുറപ്പായതോടെ ഒറ്റയ്ക്ക് പോരാടാനാണ് സൈന്യത്തിന്റെയും പ്രസിഡന്റ് വ്‌ലാദിമിർ സെലൻസ്‌കിയുടെയും ആഹ്വാനം. നേരത്തേ എങ്ങനെ ആയുധങ്ങൾ ഉപയോഗിക്കണമെന്ന കാര്യത്തിൽ യുക്രൈൻ പൗരന്മാർക്ക് സൈന്യം പരിശീലനം നൽകുന്ന ചിത്രങ്ങൾ ശ്രദ്ധ നേടിയിരുന്നു. ലോകത്തിലെ ഏറ്റവും വലിയ രണ്ടാമത്തെ സൈനികശക്തിയായ റഷ്യയോട് ഏറ്റുമുട്ടാൻ യുക്രൈനെന്ന കുഞ്ഞുരാജ്യത്തിനാവില്ല. അതിനാൽത്തന്നെ റഷ്യൻ സൈന്യത്തിനെതിരെ പൊതുജനങ്ങളെ അണിനിരത്താനാണ് തീരുമാനം.

ജനങ്ങളോട് തന്നെ സ്വന്തം നഗരങ്ങളും വീടുകളും സംരക്ഷിക്കൂ എന്നാണ് യുക്രൈനിയൻ പ്രസിഡന്റ് ആഹ്വാനം ചെയ്യുന്നത്. യുക്രൈനിയൻ പൗരന്മാരിൽ ആര് ആയുധങ്ങൾ ചോദിച്ചാലും നൽകുമെന്ന് ഇന്നലെ വ്‌ലാദിമിർ സെലെൻസ്‌കി പ്രഖ്യാപിച്ചിരുന്നു. നാസി ജർമനിയെപ്പോലെയാണ് റഷ്യ ആക്രമിച്ചതെന്ന് യുക്രൈനിയൻ പ്രസിഡന്റ് വ്‌ലാദിമിർ സെലെൻസ്‌കി ആഞ്ഞടിച്ചു.

ഒരിക്കലും സ്വാതന്ത്ര്യം റഷ്യക്ക് മുന്നിൽ അടിയറ വയ്ക്കില്ല എന്നും എല്ലാ പൗരന്മാരോടും സമാധാനത്തോടെ, സുരക്ഷിതസ്ഥാനങ്ങളിൽ തുടരണമെന്നും സെലെൻസ്‌കി ആവശ്യപ്പെട്ടു. പുടിന്റെ യുദ്ധക്കൊതി അവസാനിപ്പിക്കാൻ റഷ്യക്കാർ ഒന്നടങ്കം ശബ്ദമുയർത്തണമെന്ന് സെലൻസ്‌കി ആവശ്യപ്പെടുന്നു. ''നിങ്ങളുടെ വീടുകളെയും നഗരങ്ങളെയും സംരക്ഷിക്കാൻ തയ്യാറാകുക. യുക്രൈൻ സ്വന്തം സ്വാതന്ത്ര്യം ആർക്കുമുന്നിലും അടിയറ വയ്ക്കില്ല. റഷ്യൻ ഫെഡറേഷൻ നമ്മളെ ആക്രമിച്ചത് രണ്ടാം ലോകമഹായുദ്ധകാലത്ത് നാസി ജർമ്മനി ആക്രമണങ്ങൾ അഴിച്ചുവിട്ടത് പോലെയാണ്'', സെലെൻസ്‌കി പറഞ്ഞു.

റഷ്യൻ ആക്രമണത്തിന് പിന്നാലെ യുക്രൈന്റെ ഔദ്യോഗിക ട്വിറ്റർ ഹാൻഡിലിൽ നിന്ന് ഹിറ്റ്‌ലറെയും പുടിനെയും ഒന്നിച്ചുനിർത്തിക്കൊണ്ടുള്ള ഒരു കാർട്ടൂൺ ചിത്രം പ്രസിദ്ധീകരിക്കപ്പെട്ടത് ഏറെ ശ്രദ്ധ നേടിയിരുന്നു. യുദ്ധം തുടങ്ങിയതിന് പിന്നാലെ ലോകത്തോടൊട്ടാകെ സഹായം തേടിക്കൊണ്ട് യുക്രൈനിയൻ പ്രസിഡന്റ് വികാരഭരിതമായ പ്രസംഗമാണ് നടത്തിയത്.