കീവ്: ഒരുമാസത്തിലേറെയായി നീളുന്ന യുദ്ധം ഭീതിജനകമായ സാഹചര്യമാണ് യുക്രൈനിലെ ജനങ്ങൾക്കിടയിൽ സൃഷ്ടിച്ചിരിക്കുന്നത്. റഷ്യൻ സൈന്യത്തിന്റെ ആക്രമണത്തിൽ ഏതുനിമിഷവും മരണപ്പെട്ടേക്കാമെന്ന പേടിയോടെയാണ് യുക്രൈൻ ജനത ഓരോ നിമിഷവും തള്ളിനീക്കുന്നത്.

അക്രമണത്തിൽ തങ്ങളുടെ ജീവൻ നഷ്ടമായാൽ സ്വന്തം കുഞ്ഞിനെ രക്ഷപ്പെടുത്താനും തിരിച്ചറിയാനുമായി അവരുടെ പുറത്ത് പേരും മേൽവിലാസവും എഴുതിവയ്ക്കുകയാണ് യുക്രൈനിലെ അമ്മമാർ. യുദ്ധത്തിന്റെ ഭീകരതയും ജനങ്ങളുടെ നിസ്സഹായാവസ്ഥയും വെളിപ്പെടുത്തുന്ന ചിത്രങ്ങളാണിവ.

യുദ്ധഭീതിയുടെ നേർക്കാഴ്ചയായി മാറുകയാണ് യുക്രെയ്‌നിലെ കുട്ടികൾ. പിഞ്ചുകുട്ടികളുടെവരെ ദേഹത്ത് അവരുടെ കുടുംബവിവരങ്ങൾ എഴുതിയ ചിത്രങ്ങൾ പുറത്തുവന്നു.

'തങ്ങൾക്ക് എന്തെങ്കിലും സംഭവിച്ചാൽ മകളെ അതിജീവിതയായി സ്വീകരിക്കാൻ ആരെങ്കിലും തയ്യാറാകണം'', പുറത്ത് മേൽവിലാസം എഴുതിയ കുട്ടിയുടെ ചിത്രം പങ്കുവച്ചുകൊണ്ട് യുക്രൈനിലെ ഒരു യുവതി ട്വീറ്റ് ചെയ്തു. കുട്ടിയുടെ ജനനതിയതി, കുടുംബാഗത്തിന്റെ മൊബൈൽ നമ്പർ എന്നിവ ഉൾപ്പെടെയുള്ള വിവരങ്ങൾ പ്രാദേശിക ഭാഷയിൽ കുട്ടിയുടെ പുറത്ത് എഴുതിവച്ചാണ് സാഷ മകോവി എന്ന യുവതി ചിത്രം പങ്കുവച്ചത്.

യുദ്ധത്തിന്റെ യാഥാർഥ്യം ഇതാണെന്ന് ചൂണ്ടിക്കാട്ടി യുക്രൈനിലെ നിരവധി മാധ്യമപ്രവർത്തകരാണ് കരളലിയിക്കുന്ന ഈ ചിത്രങ്ങൾ പങ്കുവച്ചത്. ഇതിനോടകം ഇവ സമൂഹ മാധ്യമങ്ങളിൽ വൈറലാവുകയും ചെയ്തു. ഹൃദയഭേദകമായ കാഴ്ചയാണിതെന്നും പറയാൻ വാക്കുകളില്ലെന്നും ചിത്രം പങ്കുവച്ച് നിരവധി പേർ കുറിച്ചു.

യുക്രൈനിലെ കുഞ്ഞുങ്ങളെ യുദ്ധമുഖത്ത് റഷ്യൻ സൈന്യം മനുഷ്യകവചമാക്കി മാറ്റുന്നുവെന്ന് നേരത്തെ 'ദി ഗാർഡിയൻ' റിപ്പോർട്ട് ചെയ്തിരുന്നു. യുക്രൈൻ സേനയുടെ പ്രത്യാക്രമണം തടയാൻ യുക്രൈനിലെ വിവിധ നഗരങ്ങളിലേക്ക് നീങ്ങുന്ന യുദ്ധ ടാങ്കിന് മുന്നിൽ കുട്ടികളെ നിറച്ച ബസ് ഓടിച്ചാണ് റഷ്യൻ സേന നിങ്ങുന്നതെന്നായിരുന്നു റിപ്പോർട്ടുകൾ.

'എണ്ണയെക്കുറിച്ചു യൂറോപ്പ് ചർച്ച ചെയ്യുമ്പോൾ, യുക്രെയ്‌നിലെ അമ്മമാർ കുട്ടികളുടെ ശരീരത്തിൽ കുടുംബ വിവരങ്ങൾ എഴുതിച്ചേർക്കുകയാണ്' സ്വതന്ത്ര മാധ്യമപ്രവർത്തക അനസ്‌തേസിയ ലപാറ്റിന ട്വിറ്ററിൽ കുറിച്ചു. കുട്ടിയുടെ ചിത്രവും ഇതിനൊപ്പമുണ്ടായിരുന്നു. മാതാപിതാക്കളോ കുട്ടികളോ മരിച്ചാലുള്ള ഭീതി എത്ര ആഴത്തിൽ ഇവരെ ബാധിച്ചിട്ടുണ്ടെന്നാണ് ഈ ചിത്രങ്ങൾ വ്യക്തമാക്കുന്നത്.

ഈ പെൺകുട്ടിയുടെ അമ്മ സാഷ മകോവി മൂന്നു ദിവസങ്ങൾക്കുമുൻപ് സമൂഹമാധ്യമത്തിൽ ഈ ചിത്രം പങ്കുവച്ചിരുന്നു. കുടുംബം ഇപ്പോൾ സുരക്ഷിതരാണെങ്കിലും ഭീതി അകന്നിട്ടില്ലെന്ന് അമ്മ മറ്റൊരു കുറിപ്പിൽ വ്യക്തമാക്കി.