കണക്ടിക്കട്ട്: ഹാർട്ട്‌ഫോർഡ് സെന്റ് തോമസ് സീറോ മലബാർ മിഷനിലെ കൾച്ചറൽ ഫോറത്തിന്റെ ആഭിമുഖ്യത്തിൽ ക്രിസ്മസ്-പുതുവത്സരാഘോഷങ്ങൾ സംഘടിപ്പിച്ചു.

വെസ്റ്റ് ഹാർട്ട്‌ഫോർഡ് സെന്റ് ഹേലേന പള്ളിയിൽ ജനുവരി 17നു മിഷൻ ഡയറക്ടർ ഫാ. ജോസഫ് പുള്ളിക്കാട്ടിലിന്റെ മുഖ്യകാർമികത്വത്തിൽ നടന്ന വിശുദ്ധ കുർബാനയിൽ ഫാ. സിറിയക് മാളിയേക്കൽ സഹകാർമികത്വം വഹിച്ചു.

തുടർന്നു ദേവാലയ പാരീഷ് ഹാളിൽ വിവിധ കലാപരിപാടികൾ അരങ്ങേറി. കരോൾ ഗാനങ്ങൾ, സാന്താക്ലോസ്, മാർഗംകളി, ഗിത്താർ വായന, നാടൻ ഡാൻസ്, ഡാൻസ്, സംഗീതം, സൺഡേ സ്‌കൂളിലെ കുട്ടികൾ അവതരിപ്പിച്ച നേറ്റിവിറ്റി സ്‌കിറ്റ് എന്നിവ ആഘോഷത്തിന്റെ ഭാഗമായിരുന്നു. കൾച്ചറൽ ഫോറം കോഓർഡിനേറ്റേഴ്‌സായ ലിന ഷാജി വരിപ്പള്ളിൽ, ജിൻസി ബിജു കൊടലിപ്പറമ്പിൽ എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി. ചടങ്ങിൽ പാരീഷ് പിക്‌നിക്കിനോടനുബന്ധിച്ചു നടന്ന വിവിധ മത്സരങ്ങളിൽ വിജയികളായവരെ ട്രോഫികൾ നൽകി ആദരിച്ചു.

ചടങ്ങുകൾക്ക് ട്രസ്റ്റിമാരായ ബേബി മാത്യു കുടക്കച്ചിറ, ജോർജ് ജോസഫ് ചെത്തികുളം, പാരീഷ് കൗൺസിൽ അംഗങ്ങൾ, സൺഡേ സ്‌കൂൾ അദ്ധ്യാപകർ എന്നിവർ നേതൃത്വം നൽകി. ബബിത മാത്യുവും ക്രിസ്റ്റീന ഏബ്രഹാമുമാണ് എംസിമാരായി പരിപാടികൾ നിയന്ത്രിച്ചു. ഡിന്നറോടെ ആഘോഷപരിപാടികൾ സമാപിച്ചു.