- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കത്തുന്ന ചൂടിൽ ഉരുകി കേരളം; കോട്ടയത്ത് രേഖപ്പെടുത്തിയത് 37 ഡിഗ്രി സെൽഷ്യസ് താപനില; ന്യൂനമർദ്ദ സാധ്യത കൂടി ഉടലെടുത്തതോടെ മഴയ്ക്കും സാധ്യത; താപവ്യതിയാനങ്ങൾ കാലവർഷത്തെയും ത്വരിതപ്പെടുത്തും; കാലാവസ്ഥാ വ്യതിയാനം ദക്ഷിണേന്ത്യയിലും ഉഷ്ണ ബൾബ് പ്രദേശമാക്കി മാറ്റുന്നു
തിരുവനന്തപുരം: സംസ്ഥാനത്ത് ഉഷ്ണം വർധിക്കുന്നതിന് അനുസരിച്ചു മഴയും എത്തുന്നതാണ് അടുത്ത ദിവസങ്ങളിൽ പതിവായി കാണുന്ന ശൈലി. കത്തുന്ന പകൽച്ചൂടിൽ നിന്നു കേരളത്തെ പൊതിഞ്ഞു സൂക്ഷിക്കുന്ന വേനൽമഴയ്ക്കു പിന്നാലെ ബംഗാൾ ഉൾക്കടലിൽ വെള്ളിയാഴ്ചയോടെ ന്യൂനമർദം രൂപപ്പെടാൻ സാധ്യത കൂടി ഉടലെടുത്തിട്ടുണ്ട്. കേരളത്തെ നേരിട്ടു ബാധിക്കില്ലെങ്കിലും അറബിക്കടലിൽ നിന്നുള്ള മഴമേഘം ഇതിലേക്ക് ഒഴുകിയെത്താൻ ഇടയുണ്ട്. ഇതോടെ കേരളത്തിലും ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യത വർധിച്ചു.
ന്യൂനമർദ പാത്തിയും (ട്രഫ്) കാറ്റുകളുടെ സംയോജനവും മഴയ്ക്ക് അനുകൂലമാണ്. സംസ്ഥാനത്തെ ഏറ്റവും ഉയർന്ന താപനിലയായ 37 ഡിഗ്രി സെൽഷ്യസ് ബുധനാഴ്ച കോട്ടയത്ത് രേഖപ്പെടുത്തി. ന്യൂനമർദം തീവ്രന്യൂനമർദമായി മാറി അടുത്തയാഴ്ചയോടെ ചുഴലിക്കാറ്റ് ആകാനുള്ള ലക്ഷണം അടക്കം ഉടലെടുത്തിട്ടുണ്ട്. ന്യൂനമർദത്തിനു മുന്നോടിയായ ചക്രവാതച്ചുഴി ആൻഡമാൻ കടലിൽ ബുധനാഴ്ചയോടെ ശക്തമായി. അവിടെ കനത്ത മഴ ലഭിക്കുന്നു. മിക്കവാറും ആന്ധ്ര ഒഡിഷ തീരത്തേക്കോ മ്യാന്മർ തീരത്തേക്കോ ആകും ചുഴലിക്കാറ്റ് കരകയറുക. ബംഗാൾ ഉൾക്കടലിലെ സമുദ്രതാപനില ബുധനാഴ്ച 31ഡിഗ്രി സെൽഷ്യസാണ്. ഇത് സാധാരണയിലും നാലു ഡിഗ്രിയോളം കൂടുതലാണ്. കനത്ത ചൂടാണ് കടലിനെ ചുഴലിക്കാറ്റിന്റെ ഈറ്റില്ലമാക്കുന്നത്.
രാജസ്ഥാന്മധ്യേന്ത്യൻ ഭൂവിഭാഗത്തിൽ നിന്ന് താപതരംഗ സമാനമായ വായുവിനെ വലിച്ചടുപ്പിക്കാനും ഈ ചുഴലിക്കാറ്റിനു കഴിയുമെന്നതിനാൽ കാലാവസ്ഥാ നിരീക്ഷകർ ജാഗ്രതയിലാണ്. മഴ മാത്രമല്ല താപതരംഗവും ചുഴലിയുടെ ചിറകിൽ ദക്ഷിണേന്ത്യയിലേക്കു പറന്നെത്താം. അതേസമയം ഇക്കുറി കാലവർഷവും നേരത്തെ എത്താൻ സാധ്യതയുണ്ട്. മ്യാന്മർ ഉൾപ്പെടെ കിഴക്കനേഷ്യൻ രാജ്യങ്ങളിൽ കാലവർഷത്തിനു മുന്നോടിയായ ആദ്യമഴ എത്തിക്കാനും ഈ മഴ നിമിത്തമാകും. കേരളത്തിൽ ജൂൺ ഒന്നിനാണെങ്കിലും മ്യാന്മറിലും മറ്റും മെയ് 18 നാണ് സാധാരണ മഴ ആരംഭിക്കുക.
മെയ് അവസാനത്തോടെ ആൻഡമാനിലും ശ്രീലങ്കയിലും എത്തി ഒന്നാം തീയതിയോടെ ഇന്ത്യൻ ഉപഭൂഖണ്ഡത്തിലേക്കു കയറുക എന്നതാണ് കാലവർഷത്തിന്റെ പതിവുരീതി. അതുകൊണ്ട് ഒരാഴ്‌ച്ച നേരത്തെ കാലവർഷം ഇക്കുറി കേരളത്തിൽ എത്തിയേക്കും. അതേസമയം ഉത്തരേന്ത്യയിൽ ഇക്കുറി അസാധാരണമായ താപതരംഗമാണ് അനുഭവപ്പെട്ടതെന്ന് കാലാവസ്ഥാ വകുപ്പു തന്നെ വ്യക്തമാക്കുന്നത്. കേരളത്തിൽ ഏപ്രിൽ ആദ്യം മുതൽ വേനൽമഴ ലഭിച്ചതു മൂലം ചൂടിന്റെ തീവ്രത അൽപ്പം കുറവായിരുന്നു. എന്നാൽ 'വെറ്റ് ബൾബ് ഇഫക്ട്' എന്ന പ്രതിഭാസം മൂലം ഇവിടെ അന്തരീക്ഷത്തിലെ ഈർപ്പവും ചൂടും കലർന്ന് കടുത്ത ചൂട് അനുഭവപ്പെടുന്ന സ്ഥിതിയാണ്.
കാലാവസ്ഥാ മാറ്റവുമായി ബന്ധപ്പെട്ട് അനുഭവപ്പെടുന്ന അസാധാരണമായ ചൂട് ശരീരത്തിനു താങ്ങാനാവാത്ത അവസ്ഥയാണ് ശാസ്ത്രജ്ഞർ ഉഷ്ണ ബൾബ് പ്രഭാവമായി പറയുന്നത്. പുറത്ത് സൂര്യതാപം മൂലം അനുഭവപ്പെടുന്ന ചൂട് 35 ഡിഗ്രി സെൽഷ്യസ് ആണെങ്കിലും ശരീരത്തിൽ ഇത് 40 44 ഡിഗ്രിയായി തോന്നുമെന്നതാണ് ഇതിന്റെ പ്രത്യേകത. ഭൂമധ്യരേഖയോടു ചേർന്നു കിടക്കുന്ന കേരളം ഉൾപ്പെടെ ദക്ഷിണേന്ത്യ ഇപ്പോൾ ഉഷ്ണ ബൾബ് പ്രദേശമാണെന്നാണ് വിലയിരുത്തൽ.
മറുനാടന് മലയാളി ബ്യൂറോ