ന്യൂഡൽഹി: ഉഷ്ണതരംഗത്തിൽ ചുട്ടുപൊള്ളി രാജ്യത്തിന്റെ വിവിധ ഭാഗങ്ങൾ. തലസ്ഥാനനഗരമായ ഡൽഹിയിൽ പലയിടത്തും 45 ഡിഗ്രിയിൽ കൂടുതലാണ് താപനില. അഞ്ചു സംസ്ഥാനങ്ങളിൽ ഇതിനകം ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു കഴിഞ്ഞു. വരുംദിവസങ്ങളിൽ താപനില ഇനിയും ഉയരുമെന്നാണ് കാലാവസ്ഥാ നിരീക്ഷകരുടെ മുന്നറിയിപ്പ്. കേരളത്തിലും എട്ടു ജില്ലകളിൽ താപനില 35 ഡിഗ്രി സെൽഷ്യസിനു മുകളിൽ ഉയർന്നു.

ഉഷ്ണക്കാറ്റുകൂടിയായതോടെ ജനജീവിതം ദുസ്സഹമായി. ഡൽഹി, രാജസ്ഥാൻ, ഹരിയാന, ഉത്തർപ്രദേശ്, ഒഡീഷ എന്നീ സംസ്ഥാനങ്ങളിലാണ് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചത്. അതേസമയം വരും ദിവസങ്ങളിൽ താപനില 2 ഡിഗ്രിവരെ ഉയരാനും സാധ്യതയുണ്ട്. രാജ്യതലസ്ഥാനത്ത് നാലു ദിവസം കൂടി ഉഷ്ണതരംഗം തുടരും.

മധ്യ ഇന്ത്യയിലും വടക്ക് പടിഞ്ഞാറൻ ഇന്ത്യയിലും ഉഷ്ണ തരംഗം അടുത്ത 5 ദിവസം കൂടിയുണ്ടാകുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നൽകി. രാജസ്ഥാൻ, ഡൽഹി, ഒഡീഷ, ഹരിയാന, യു പി സംസ്ഥാനങ്ങൾക്കും ജാഗ്രത നിർദ്ദേശമുണ്ട്.

പകൽ സമയത്ത് ആളുകൾ തുറസായ സ്ഥലത്ത് നിൽക്കുന്നതും ജോലി ചെയ്യുന്നതും ഒഴിവാക്കണമെന്ന് സർക്കാരുകൾ നിർദേശിച്ചു. മുൻകരുതലുകൾ സ്വീകരിക്കണമെന്ന് ആരോഗ്യവിദഗ്ധരും മുന്നറിയിപ്പ് നൽകി.

മെയ്‌ മാസാവസാനം വരെ ഉഷ്ണതരംഗം തുടരുമെന്ന് കാലാവസ്ഥ നിരീക്ഷണ ഏജൻസിയായ സ്‌കൈമെറ്റ് റിപ്പോർട്ട് ചെയ്തു. അടുത്ത മൂന്ന് ദിവസങ്ങൾ ഡൽഹിയിൽ 2 ഡിഗ്രി ചൂട് വരെ വർധിക്കാൻ സാധ്യതയുണ്ട്. 43 ഡിഗ്രി മുതൽ ആരംഭിക്കുന്ന താപനില അടുത്ത ആഴ്ചകളിൽ നിലനിൽക്കുമെന്നും സ്‌കൈമെറ്റിന്റെ റിപ്പോർട്ടിൽ പറയുന്നു.

ഗുരുഗ്രാമിലും രാജസ്ഥാനിലും അടക്കം താപനില 45 ഡിഗ്രി സെൽഷസ് കടന്നു. ഡൽഹിയിലെ സഫ്ദർജംഗിൽ നാലു ദിവസം മുന്പ് 45 ഡിഗ്രി താപനിലയെത്തിയെങ്കിലും ഇന്നലെ 43.5 ഡിഗ്രിയായിരുന്നു. ഉഷ്ണക്കാറ്റ് ജനജീവിതം ദുഃസഹമാക്കിയിട്ടുണ്ട്.

ബിഹാർ, മഹാരാഷ്ട്രയിലെ വിദർഭ, മധ്യപ്രദേശ്, പശ്ചിമ ബംഗാൾ, ഗുജറാത്ത്, ജാർഖണ്ഡ്, ഛത്തീസ്‌ഗഡ്, തെലുങ്കാന സംസ്ഥാനങ്ങളിലും താപനില 43- 45 ഡിഗ്രി സെൽഷസിലേക്കു വർധിച്ചിട്ടുണ്ട്.

മെയ്‌, ജൂൺ മാസങ്ങളിൽ ഉത്തരേന്ത്യയിൽ ചൂട് ഇനിയും കൂടുമെന്നു കാലാവസ്ഥാ നിരീക്ഷണകേന്ദ്രം അറിയിച്ചു. മുൻ വർഷങ്ങളിൽ മാർച്ച്, ഏപ്രിൽ മാസങ്ങളിലെ താപനിലയേക്കാൾ ശരാശരി അഞ്ചു ഡിഗ്രി വരെ ഇത്തവണ കൂടിയിട്ടുണ്ട്. ഇന്ത്യയുടെ 122 വർഷത്തെ ചരിത്രത്തിൽ രേഖപ്പെടുത്തിയ ഏറ്റവും ചൂടുകൂടിയ മാർച്ച് മാസമാണ് കഴിഞ്ഞുപോയതെന്ന് കാലാവസ്ഥാ കേന്ദ്രം ചൂണ്ടിക്കാട്ടി.

കഴിഞ്ഞ മാസം പകുതിക്കു തുടങ്ങിയ ഉഷ്ണതരംഗം എക്കാലത്തെയും ഏറ്റവും ചൂടേറിയ വേനൽക്കാലം ആക്കുമെന്നാണു മുന്നറിയിപ്പ്. വടക്കുപടിഞ്ഞാറൻ ഇന്ത്യയിലെ അഞ്ചു സംസ്ഥാനങ്ങളിൽ ഏറ്റവും നീണ്ടതും രൂക്ഷവുമായ ചൂട് ഇത്തവണ അനുഭവപ്പെടുമെന്നു കാലാവസ്ഥാകേന്ദ്രം അറിയിച്ചു.

മെയ് ആദ്യവാരത്തിന് ശേഷം മഴയെത്തിയേക്കുമെന്നും കാലാവസ്ഥ നിരീക്ഷണ കേന്ദ്രം പ്രതീക്ഷിക്കുന്നു. മധ്യപ്രദേശിലും ഉത്തർപ്രദേശിലുമാണ് ഏറ്റവും കൂടുതൽ ചൂട് അനുഭവപ്പെടുന്നത്. ചരിത്രത്തിലെ ഏറ്റവും കഠനമായ ചൂടുകാലമെന്നാണ് കാലാവസ്ഥ നിരീക്ഷകർ ഇതിനെ വിലയിരുത്തുന്നത്.

ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ കനത്ത വൈദ്യുതി ക്ഷാമവും നേരിടുന്നുണ്ട്. രണ്ടുദിവസത്തേക്ക് കൂടി വൈദ്യുതി ഉൽപ്പാദിപ്പിക്കാനുള്ള കൽക്കരി മാത്രമേ മഹാരാഷ്ട്രയിലുള്ളുവെന്നാണ് റിപ്പോർട്ട്. രാജസ്ഥാനിൽ ഫാക്ടറികളിൽ ഉൾപ്പെടെ നാലു മണിക്കൂർ പവർ കട്ട് ഏർപ്പെടുത്തി. നേരത്തെ, ആന്ധ്രയിയും ഗുജറാത്തിലും സമാനമായ രീതിയിൽ പവർകട്ട് ഏർപ്പെടുത്തിയിരുന്നു.

പകൽസമയത്ത് ആളുകൾ തുറസായ സ്ഥലത്തു നിൽക്കുന്നതും ജോലി ചെയ്യുന്നതും ഒഴിവാക്കണമെന്ന് സർക്കാർ നിർദേശിച്ചു. വീടുകൾക്കുള്ളിൽ പോലും തീക്കാറ്റു പോലെയാണു തോന്നുകയെന്നു മലയാളി വീട്ടമ്മയായ ബിന്ദു പറഞ്ഞു. സമീപവർഷങ്ങളിലൊന്നും ഇത്രയേറെ പൊള്ളൽ അനുഭവപ്പെട്ടില്ലെന്ന് വ്യാപാരിയായ കിരൺ കുമാർ പറഞ്ഞു.