തിരുവനന്തപുരം: തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിലെ ആദ്യ ഘട്ട വോട്ടെടുപ്പിനുള്ള സമയം അവസാനിച്ചു. പോളിങ് 77 ശതമാനം കവിയുമെന്ന സൂചനയാണ് ലഭിക്കുന്നത്. വോട്ടിങ് സമയം അവസാനിച്ചപ്പോൾ പല ബൂത്തുകളിലും നീണ്ട ക്യൂ തന്നെയുണ്ടായിരുന്നു.

നിലവിലെ കണക്കുപ്രകാരം വയനാട്ടിലാണ് ഏറ്റവും കൂടുതൽ പോളിങ്. 82 ശതമാനമാണ് ഇവിടെ പോൾ ചെയ്തത്. കുറവ് തിരുവനന്തപുരത്തും. 72 ശതമാനം പേരാണ് തിരുവനന്തപുരത്തു വോട്ടു രേഖപ്പെടുത്തിയത്.

കൊല്ലം- 74, ഇടുക്കി- 75, കോഴിക്കോട്- 74, കണ്ണൂർ-76, കാസർകോട്-76 എന്നിങ്ങനെയാണു മറ്റു ജില്ലകളിലെ ഏകദേശ കണക്ക്. ഔദ്യോഗിക കണക്ക് നാളെ ഉച്ചയോടെ ലഭിക്കുമെന്നാണു സൂചന.

കോർപ്പറേഷനുകളിലെ വോട്ടിങ്ങിൽ ഏറ്റവും മുമ്പിൽ കോഴിക്കോടാണ്. 74.93 ശതമാനം. കൊല്ലത്ത് 69.12ഉം കണ്ണൂരിൽ 67.73ഉം തിരുവനന്തപുരത്ത് 60 ശതമാനം പേരും വോട്ടു ചെയ്തു.

ഗ്രാമ പഞ്ചായത്തുകളിൽ 77.03 % പേർ വോട്ടു രേഖപ്പെടുത്തി. നഗരസഭകൾ (78. 49 %), കോർപറേഷൻ (67.95 %) എന്നിങ്ങനെയാണ് മറ്റു തദ്ദേശസ്ഥാപനങ്ങവളിലെ പോളിങ് നില. കണ്ണൂർ ജില്ലയിലെ ആന്തൂർ നഗരസഭയിലാണ് ഏറ്റവും കൂടുതൽ ശതമാനം പേർ വോട്ടു രേഖപ്പെടുത്തിയത്. 94.84 ശതമാനം വോട്ടർമാരാണ് ഇവിടെ വോട്ടു ചെയ്തത്.

ആദ്യ മണിക്കൂറുകൾ മഴയിൽ കുതിർന്നതിനെ തുടർന്നു മന്ദഗതിയിലായിരുന്ന വോട്ടിങ് മഴ മാറി നിന്നപ്പോൾ ആവേശത്തിലായി. ആദ്യം മങ്ങി നിന്നിരുന്ന തിരുവനന്തപുരം, കൊല്ലം ഉൾപ്പെടെയുള്ള ജില്ലകളിൽ മഴ മാറിയതോടെ വോട്ടിങ് വേഗത്തിലായി. ഏഴു ജില്ലയിലായി 1.11 കോടി വോട്ടർമാരാണുണ്ടായിരുന്നത്.

തെക്കൻ കേരളത്തിൽ പെയ്ത കനത്ത മഴയാണ് ആദ്യ മണിക്കൂറുകളിൽ ആവേശം കുറച്ചത്. അതേസമയം മഴ വകവെക്കാതെ വടക്കൻ കേരളത്തിൽ മികച്ച പോളിങ് നടന്നു. ഇവിടെ രാഷ്ട്രീയ പാർട്ടികൾ വോട്ടർമാരെ ബൂത്തിലെത്തിക്കാൻ മത്സരിച്ചു.

വോട്ടെടുപ്പിൽ ഇതുവരെ കാര്യമായ അക്രമ സംഭവങ്ങളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല. അങ്ങിങ്ങായി പോളിങ് ബൂത്ത് ഏജന്റുമാരുമായി പാർട്ടിക്കാർ വാക്കേറ്റം ഉണ്ടായതായും റിപ്പോർട്ടുകളുണ്ട്. കണ്ണൂർ ജില്ലയിലെ പരിയാരം പഞ്ചായത്തിലെ കാഞ്ഞിരങ്ങാട് എൽപി സ്‌കൂളിലെ ബൂത്തിൽ യുഡിഎഫിന്റെ വനിതാ സ്ഥാനാർത്ഥി രേഷ്മയെ സിപിഐ(എം) പ്രവർത്തകർ കയ്യേറ്റം ചെയ്യാൻ ശ്രമിച്ചതായി പരാതിയുണ്ട്. വോട്ടർ പട്ടിക വലിച്ചു കീറിയതായും പരാതി ഉയർന്നു. എന്നാൽ, പോളിങ് തടസപ്പെട്ടിട്ടില്ല.

കാസർകോട് പിലിക്കോട് പഞ്ചായത്തിലെ പതിനാലാം വാർഡിലെ ബൂത്തിൽ വോട്ടിങ് യന്ത്രം തകരാറിലായതിനെ തുടർന്ന് മറ്റൊരെണ്ണം കൊണ്ടുവന്ന് വോട്ടെടുപ്പ് നടത്തി. കോഴിക്കോട് കോർപറേഷൻ പരിധിയിലെ ചില ബൂത്തുകൾ, ഗ്രാമ പ്രദേശങ്ങളായ ചെമ്പനോട, ചക്കിട്ടപാറ, ചെരണ്ടത്തൂർ, പയ്യോളി, ഒഞ്ചിയം, മുട്ടുങ്ങൽ, വളയം എന്നിവിടങ്ങളിൽ വോട്ടിങ് മെഷീനുകളിൽ തകരാർ കണ്ടെത്തി. തുടർന്ന് ഇവിടെ വോട്ടെടുപ്പു നിർത്തിവച്ചു.

1,11,11,006 വോട്ടർമാരാണ് ഇന്ന് പോളിങ് ബൂത്തിലേക്ക് നീങ്ങുക. 31,161 സ്ഥാനാർത്ഥികളാണ് ഇന്ന് ജനവിധി തേടുന്നത്. രണ്ട ഘട്ടമായി 941 ഗ്രാമപഞ്ചായത്ത്, 152 ബ്ലോക്ക് പഞ്ചായത്ത്, 14 ജില്ലാപഞ്ചായത്ത്, 86 മുനിസിപ്പാലിറ്റി, ആറ് കോർപറേഷൻ എന്നിവിടങ്ങളിലേക്കാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്. രണ്ടാംഘട്ടം വോട്ടെടുപ്പ് നവംബർ അഞ്ചിന് നടക്കും. 1,39,97,529 വോട്ടർമാരാണ് രണ്ടാംഘട്ടത്തിൽ വോട്ടുചെയ്യുക. നിയമസഭാ തിരഞ്ഞെടുപ്പിന് മാസങ്ങൾ മാത്രം ബാക്കി നിൽക്കെ നടക്കുന്ന തദ്ദേശ തിരഞ്ഞെടുപ്പ് എല്ലാ അർത്ഥത്തിലും ഒരു സെമി ഫൈനലാണ്. ഇരു മുന്നണികൾക്കൊപ്പം ശക്തമായ പോരാട്ടം നടത്താൻ ബിജെപിയും രംഗത്തുണ്ട് എന്നതാണ് ഇത്തവണത്തെ തദ്ദേശ തിരഞ്ഞെടുപ്പിനെ വ്യത്യസ്തമാക്കുന്നത്.

സംസ്ഥാന സർക്കാരിന്റെ പ്രവർത്തനങ്ങളെ വിലയിരുത്തുന്നതാകും തെരഞ്ഞെടുപ്പെന്ന് മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി പറഞ്ഞുകഴിഞ്ഞു. എസ്എൻഡിപിയും ബിജെപി കൂട്ടുകെട്ടിന്റെ പശ്ചാത്തലത്തിൽ എൽഡിഎഫിന് ക്ഷീണം സംഭവിച്ചാൽ അത് തങ്ങൾക്ക് നേട്ടമാകും എന്ന പ്രതീക്ഷയിലാണ് യുഡിഎഫ്. എന്നാൽ, വിമതശല്യമാണ് പാർട്ടിയെ എല്ലായിടത്തും കുഴപ്പിക്കുന്നത്.

ഗ്രാമപഞ്ചായത്ത്, ബ്ലോക്ക് പഞ്ചായത്ത്, ജില്ലാപഞ്ചായത്ത്, മുനിസിപ്പാലിറ്റി/കോർപറേഷനുകൾ എന്നിവിടങ്ങളിലെ 9150 സ്ഥാനത്തേക്ക് 31,161 സ്ഥാനാർത്ഥികൾ ഇന്ന് ജനവിധി തേടുന്നുണ്ട്. ജില്ലാപഞ്ചായത്തുകളിലെ 152 സ്ഥാനങ്ങളിലേക്ക് 582 പേരും 63 ബ്ലോക്ക് പഞ്ചായത്തിലെ 866 ഡിവിഷനിലേക്ക് 2844 പേരും 395 ഗ്രാമപഞ്ചായത്തിലെ 6,794 വാർഡിലേക്ക് 22,788 പേരും 31 നഗരസഭയിലെ 1123 വാർഡിലേക്ക് 3632 പേരും നാല് കോർപറേഷനിലെ 285 വാർഡിലേക്ക് 1315 പേരുമാണ് മത്സരരംഗത്തുള്ളത്.

തെരഞ്ഞെടുപ്പിനുള്ള എല്ലാ ഒരുക്കങ്ങളും ഇന്നലെ പൂർത്തിയായിരുന്നു. സുരക്ഷക്കായി മുപ്പത്തെണ്ണായിരം അംഗ സുരക്ഷാസേനയെയാണ് നിയോഗിച്ചിരിക്കുന്നത്. സംസ്ഥാന പൊലീസ് സേനയ്ക്ക് പുറമെ ഫോറസ്റ്റ് എക്‌സൈസ്, മോട്ടോർവാഹനവകുപ്പ് എന്നിവയിലെ യൂണിഫോം ഇട്ട സേനയും പോളിങ് ബൂത്തുകളിലും പരിസരങ്ങളിലുമായി നിലകൊള്ളും. അത്യാവശ്യ ഘട്ടങ്ങളിൽ വിവിധ പ്രദേശങ്ങളിൽ എത്താനായി കരുതൽ സേനയെയും സജ്ജമാക്കിയിട്ടുണ്ട്. തദ്ദേശസ്വയംഭരണ തെരഞ്ഞെടുപ്പിൽ ആദ്യമായി വോട്ടിങ് യന്ത്രം ഏർപ്പെടുത്തിയെന്ന പ്രത്യേകതയും ഇക്കുറിയുണ്ട്.