പാലക്കാട് : പതിവില്ലാതെ ഏറിയും കുറഞ്ഞും പെയ്ത മഴ രണ്ടാഴ്ച വരെ തുടരാൻ സാധ്യത. അടുത്ത രണ്ടുദിനം ഇടവിട്ട് നന്നായി മഴ പെയ്‌തേക്കും. വടക്കൻ ജില്ലകളേക്കാൾ തെക്കൻ പ്രദേശത്തായിരിക്കും വരുംദിവസം മഴ കൂടുതലെന്ന് കാലാവസ്ഥ ശാസ്ത്രജ്ഞർ നിരീക്ഷിക്കുന്നു. മഴ കൃഷിമേഖലയിൽ അടക്കം പലയിടത്തും പ്രയാസം സൃഷ്ടിക്കുന്നുണ്ട്

കാലവർഷത്തിന്റെ അവസാന ദിവസങ്ങളിലും ചുഴലിക്കാറ്റും ന്യൂനമർദവും തുടർച്ചയായി വന്നതോടെ സംസ്ഥാനത്ത് ഇത്തവണ തുലാവർഷം വൈകുകയും മഴ കുറയുകയും ചെയ്തു. തുലാവർഷം വൈകിയതോടെ മഴമേഘങ്ങൾ പൂർണമായി ഒഴിഞ്ഞുപോകാത്ത സ്ഥിതിയുണ്ടായി..

ഇതോടൊപ്പം സമുദ്രജലത്തിന്റെ അനുകൂല താപനിലയും ഇപ്പോഴത്തെ മഴയ്ക്ക് ആക്കം കൂട്ടുന്നു. ഉഷ്ണമേഖലാ പ്രദേശത്തെ കാലാവസ്ഥയിൽ ആഴ്ചകൾ മുതൽ മാസങ്ങൾവരെ നീളുന്ന വലിയ മാറ്റങ്ങൾ ഉണ്ടാക്കുന്ന മാഡം-ജൂലിയൻ ആന്ദോളനം എന്നു വിളിക്കുന്ന സമുദ്ര-അന്തരീക്ഷ സംയോജിത പ്രതിഭാസം മേഖലയിൽ കിഴക്കോട്ട് സഞ്ചരിക്കുകയാണ്.

ഇത് ശരാശരി 60 ദിവസം വരെ നീണ്ടുനിൽക്കുമെന്നു കൊച്ചി സർവകലാശാല റഡാർ ഗവേഷണകേന്ദ്രം ശാസ്ത്രജ്ഞൻ ഡോ. എം.ജി.മനോജ് പറഞ്ഞു. നിശ്ചിത കാലയളവിനുള്ളിൽ ഈ പ്രതിഭാസം ഒരു ഘട്ടം പൂർത്തീകരിച്ചു തുടങ്ങിയിടത്തുതന്നെ വീണ്ടുമെത്തി സജീവമാകും. ഈ പ്രവാഹമാണ് ഇപ്പോഴുള്ള കാലാവസ്ഥാ മാറ്റത്തെ പ്രധാനമായി സ്വാധീനിച്ചത്.

തമിഴ്‌നാട് തൂത്തുകുടി ഭാഗത്തുൾപ്പെടെ വലിയതോതിൽ കാർമേഘങ്ങൾ തുടരുകയാണ്. കേരളത്തിൽ ഏതാനും ദിവസം ഇടിയും മിന്നലോടും കൂടിയ മഴയ്ക്കും സാധ്യതയുണ്ട്. ഇതിന്റെ ഭാഗമായി തിരമാലകൾ ഉയർന്നേക്കുമെന്നും നിരീക്ഷിക്കുന്നു. 1.8 മീറ്റർ വരെ തിര ഉയരാമെന്നതിനാൽ കടലാക്രമണത്തിനും സാധ്യതയുണ്ടെന്ന് ദേശീയ സമുദ്ര ഗവേഷണ പഠനകേന്ദ്രം മുന്നറിയിപ്പ് നൽകി. താഴ്ന്ന പ്രദേശങ്ങളിൽ കടൽ കയറാനുള്ള സാധ്യതയുണ്ട്.