- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ന്യൂനമർദ്ദം ലക്ഷദ്വീപിനും കേരളത്തിനുമിടയിൽ; കർണാടക തീരം വരെ ന്യൂനമർദ്ദ പാത്തിയും; രണ്ടു ദിവസം തീവ്രമഴയ്ക്ക് സാധ്യത; എട്ടു ജില്ലകളിൽ ഓറഞ്ച് അലർട്ട്
തിരുവനന്തപുരം: തെക്ക് കിഴക്കൻ ബംഗാൾ ഉൾക്കടലിൽ രൂപം കൊണ്ട ന്യുനമർദ്ദം അറബിക്കടലിൽ പ്രവേശിച്ചതായും, ഇതിന്റെ ഫലമായി സംസ്ഥാനത്ത് ഒറ്റപ്പെട്ട അതിശക്ത മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. കേരളത്തിൽ നവംബർ ഏഴു വരെ ഇടിമിന്നലോടു കൂടിയ മഴ തുടരാൻ സാധ്യതയുണ്ടെന്നും മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
കന്യാകുമാരി ഭാഗത്തു നിന്ന് ഇന്ന് രാവിലെ 8.30 ഓടെ അറബിക്കടലിൽ പ്രവേശിച്ച് ലക്ഷദ്വീപിനു മുകളിലും സമീപത്തുള്ള തെക്ക് കിഴക്കൻ അറബിക്കടലിലുമായി ന്യൂനമർദ്ദം സ്ഥിതിചെയ്യുകയാണ്. അടുത്ത 3 ദിവസം വടക്ക് - വടക്കു പടിഞ്ഞാറു ദിശയിൽ സഞ്ചാരിക്കുന്ന ന്യുന മർദ്ദം കൂടുതൽ ശക്തി പ്രാപിക്കാൻ സാധ്യതയുള്ളതായി കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.
ലക്ഷദ്വീപ് മുതൽ കർണാടക തീരം വരെ ന്യുന മർദ്ദ പാത്തി രൂപപ്പെട്ടു.അടുത്ത 48 മണിക്കൂറിൽ ന്യുനമർദ്ദം, തീവ്ര ന്യുനമർദ്ദമാക്കാനുള്ള സാധ്യത വളരെ കുറവാണ്. എന്നാൽ ന്യുനമർദ്ദ സ്വാധീനഫലമായി തെക്കേ ഇന്ത്യക്ക് മുകളിൽ കിഴക്കൻ കാറ്റ് ശക്തിപ്രാപിക്കാൻ സാധ്യതയുള്ളതായും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.
കേരളത്തിൽ എട്ടു ജില്ലകളിൽ ഇന്ന് തീവ്രമഴ മുന്നറിയിപ്പ് (ഓറഞ്ച് അലർട്ട്) പുറപ്പെടുവിച്ചിട്ടുണ്ട്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കോട്ടയം, എറണാകുളം, ഇടുക്കി, കോഴിക്കോട്, വയനാട് ജില്ലകളിലാണ് ഓറഞ്ച് അലർട്ട് പുറപ്പെടുവിച്ചത്. ശേഷിക്കുന്ന ആറു ജില്ലകളിലും യെല്ലോ അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്.
നാളെ പത്തനംതിട്ട, ഇടുക്കി, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് എന്നീ ആറു ജില്ലകളിൽ ഓറഞ്ച് ജാഗ്രതാ നിർദ്ദേശം നൽകിയിട്ടുണ്ട്. കോട്ടയം, എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം ജില്ലകളിൽ യെല്ലോ അലർട്ടും പുറപ്പെടുവിച്ചിട്ടുണ്ട്.
കേരള തീരം, അതിനോട് ചേർന്നുള്ള തെക്ക് കിഴക്കൻ അറബിക്കടൽ എന്നിവിടങ്ങളിൽ മണിക്കൂറിൽ 40 മുതൽ 50 കി.മീ വരെ വേഗതയിൽ വീശിയടിച്ചേക്കാവുന്ന ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയുണ്ട് അതിനാൽ, കേരള തീരത്ത് നവംബർ 07 വരെയും, ലക്ഷദ്വീപ് തീരത്ത് നവംബർ 05 വരെയും, കർണാടക തീരത്ത് നവംബർ 07 വരെയും മത്സ്യബന്ധനത്തിന് പോകാൻ പാടുള്ളതല്ല എന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.
നവംബർ അഞ്ചു മുതൽ ഏഴു വരെ കർണാടക, ഗോവ,മഹാരാഷ്ട്രയുടെ തെക്കൻ തീരങ്ങൾ എന്നിവിടങ്ങളിൽ മണിക്കൂറിൽ 40 മുതൽ 50 കി.മീ വരെ വേഗതയിലും ചില അവസരങ്ങളിൽ 60 കി.മീ വരെ വേഗതയിലും വീശിയടിച്ചേക്കാവുന്ന ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയുണ്ട്. അതിനാൽ മേൽ പറഞ്ഞ ദിവസങ്ങളിൽ പ്രസ്തുത പ്രദേശങ്ങളിൽ മത്സ്യബന്ധനത്തിന് പോകാൻ പാടുള്ളല്ലെന്നും മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
മറുനാടന് മലയാളി ബ്യൂറോ